
കണ്ണൂര്‍: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. തിങ്കളാഴ്ച മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖല, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മൂഴുവന്‍ ജീവനക്കാരും എത്താന്‍ തുടങ്ങിയതോടെ പല മേഖലകളിലും തിരക്ക് കൂടിയിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ നഗരത്തിലെത്തുന്നത് വര്‍ധിച്ചു. എന്നാല്‍ ദിനം പ്രതി കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഇളവുകള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദ്ദേശം.
വാഹന കുരുക്കായി വീണ്ടും
സ്വകാര്യ ബസുകള്‍ ഓടാത്തതിനാല്‍ സാധാരണക്കാരായ പലര്‍ക്കും അത്യാവശ്യ കാര്യങ്ങള്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. കെഎസ്ആര്‍ടിസി അധിക സര്‍വീസില്ലാത്തതിനാല്‍ ചില മേഖലയിലുള്ളവര്‍ക്ക് പ്രയാസം നേരിടുകയാണ്. സ്വന്തം വാഹനങ്ങളുള്ളവര്ക്കാണ് ഓഫീസുകളിലും മറ്റ് ആവശ്യങ്ങള്‍ക്കും എത്താനാകുന്നത്. രാവിലെയും വൈകിട്ടും നഗരത്തിലെ റോഡുകളില്‍ വാഹനങ്ങളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ദേശീയ പാതയില്‍ താഴെചൊവ്വ മുതല്‍ വളപട്ടണംവരെ കുരുക്ക് അനുഭവപ്പെടുന്ന സ്ഥിതിയുമായി.
ഹോട്ടലുകള്‍ തുറന്നു, ചിലത് മാത്രം
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനത്തിന് മാത്രമേ അനുവാദമുള്ളൂ. മാളുകള്‍ തുറക്കുമെങ്കിലും തിയേറ്ററുകളും കുട്ടികളുടെ പാര്‍ക്കും തുറക്കരുതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്. ഇലക്ട്രോണിക്സ് വിപണിയും സജീവമായിട്ടുണ്ട്.
ആരാധനാലയങ്ങള്‍ സജീവമാകും കരുതലോടെ
ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും ജില്ലയില്‍ ആരാധനാലയങ്ങളില്‍ ശുചീകരണ പ്രവര്‍ത്തി നടത്തിയതല്ലാതെ ഭൂരിഭാഗവും വിശ്വാസികള്‍ക്കായി തുറന്ന് നല്‍കിയിട്ടില്ല.