സ്വകാര്യ ബസുകള്‍ ഓടി പലയിടത്തും രണ്ടു നിരക്ക്

10

കണ്ണൂര്‍: സ്വകാര്യ ബസുകള്‍ ഓടിതുടങ്ങിയെങ്കിലും യാത്രാ ദുരിതമൊഴിഞ്ഞില്ല. യാത്രാ നിരക്കിനെ ചൊല്ലിയും വാക്ക് തര്‍ക്കം. ചുരുക്കം ബസുകള്‍ മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്.
വര്‍ധിച്ച യാത്രാ നിരക്ക് സര്‍ക്കാര്‍ പിന്‍വലിച്ചതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭൂരിഭാഗം ബസുകളും ഓട്ടം നിര്‍ത്തിയിരുന്നു. സ്വകാര്യ ബസുടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കൂടിയ നിരക്ക് ഈടാക്കാമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ വര്‍ധിച്ച നിരക്ക് ഈടാക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഭൂരിഭാഗം ബസുകളും സര്‍വീസ് നടത്തിയില്ല. സര്‍വീസ് നടത്തിയ ചില ബസുകളില്‍ കൂടിയ നിരക്ക് തന്നെയാണ് ഈടാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അംഗീകരിച്ചാല്‍ ബസ് നിരക്കുകളില്‍ മാറ്റം വരും. മിനിമം നിരക്ക് 12 രൂപയാകും. അഞ്ച് കി.മീറ്റര്‍ വരെയാണ് മിനിമം നിരക്ക് ഈടാക്കുക.
തുടര്‍ന്ന് ഓരോ കി.മീറ്ററിനും ഒരു രൂപ 10 പൈസ വീതമാണ് ഈടാക്കുക. ഇതനുസരിച്ച് 10 രൂപ 13 ആയും 13 രൂപ 20 ആയുമൊക്കെ വര്‍ധിക്കും. കൂടിയ നിരക്ക് യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. ബസുകള്‍ കുറവായതിനാല്‍ യാത്രക്കാരെ കുത്തി നിറച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭൂരിഭാഗം ബസുകളും ഓടുന്നത്.
അധിക നിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് നാലാഴ്ചത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തത്. കോടതി ഉത്തരവില്‍ കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാമെന്ന് വ്യക്തമാക്കിയിരുന്നു.