കര്‍ണാടകം അനുവദിച്ചാലും കേരളത്തിന്റെ പാസ് ഇല്ല

ജില്ലാ ഭരണകൂടത്തിന്റെ പിടിവാശിയില്‍ ദുരിതംപേറി രോഗികള്‍

കാസര്‍കോട്: അതിര്‍ത്തി കടക്കാന്‍ കര്‍ണാടക പാസ് അനുവദിക്കുമ്പോഴും പാസ് നിഷേധിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ ക്രൂരത. മംഗളൂരുവിലേക്കും കര്‍ണാടകയുടെ മറ്റിടങ്ങളിലേക്കും അപേക്ഷിക്കുന്ന മുറയ്ക്ക് പാസ് നല്‍കുമ്പോഴാണ് കാസര്‍കോട്ടെ യാത്രക്കാര്‍ക്ക് ജില്ലാ ഭരണകൂടം മനപ്പൂര്‍വം പാസ് നിഷേധിക്കുന്നത്. ഇതോടെ മംഗളൂരുവിലടക്കം ആസ്പത്രികളില്‍ ചികിത്സതേടുന്ന ജില്ലയിലെ രോഗികള്‍ കടുത്ത ദുരിതമനുഭവിക്കുകയാണ്.
കര്‍ണാടക- കേരള അതിര്‍ത്തി കടക്കേണ്ട യാത്രക്കാര്‍ കര്‍ണാടകയുടെയും കേരളത്തിന്റെയും പാസുകള്‍ കൈവശപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. എന്നാല്‍ അപേക്ഷിക്കുന്ന മുറയ്ക്ക് കര്‍ണാടക പാസ് അനുവദിച്ചുകിട്ടുമെങ്കിലും കേരളത്തിന്റെ പാസ് അധിക പേര്‍ക്കും ലഭിക്കാത്ത സ്ഥിതിയാണ്. നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി പാസിന് അപേക്ഷിക്കുന്നത്. എന്നാല്‍ പേരിനുമാത്രം ചിലര്‍ക്കു മാത്രമാണ് പാസ് അനുവദിച്ചുകിട്ടുന്നത്.
ചികിത്സാ ആവശ്യത്തിന് അതിര്‍ത്തി കടന്നുപോകേണ്ടവര്‍ എമര്‍ജന്‍സി പാസ് മുഖേനയാണ് പോകുന്നത്. കര്‍ണാടകയുടെയും കേരളത്തിന്റെയും പാസ് ലഭിച്ചാല്‍ മാത്രമേ പോക്കുവരവ് സാധ്യമാവൂ. കാസര്‍കോട് ജില്ലയില്‍ നിന്ന് അപേക്ഷിക്കുന്നവരുടെ പാസ് കലക്ടറേറ്റില്‍ നിന്നാണ് അനുവദിക്കേണ്ടത്.
ജില്ലാ കലക്ടറാണ് പാസിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ കര്‍ണാടകയുടെ പാസ് അപേക്ഷിക്കുന്ന ഉടനെതന്നെ അനുവദിച്ചു കിട്ടുമ്പോള്‍ കാസര്‍കോട് ജില്ലാ ഭരണകൂടം പാസ് നിരസിക്കുകയാണെന്നാണ് വ്യാപകമായ പരാതി. പാസ് കിട്ടാതാവുന്നതോടെ മംഗളൂരുവിലടക്കം ആസ്പത്രികളില്‍ അപ്പോയിന്‍മെന്റ് എടുത്തവര്‍ക്ക് യാത്ര മുടങ്ങുന്ന സ്ഥിതിയാണെന്ന് ‘അക്ഷയ’ പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലാ കലക്ടറുടെ പിടിവാശിയാണ് പാസ് നിഷേധിക്കുന്നതിന്റെ പിന്നിലെന്നാണ് ആക്ഷേപം.
കര്‍ണാടക പാസുകമായി അതിര്‍ത്തി കടന്നാല്‍ തന്നെ തിരിച്ചുവരാന്‍ കേരളത്തിന്റെ പാസ് നിര്‍ബന്ധമാണ്. ഒരിക്കല്‍ ആസ്പത്രിയില്‍ അപോയിന്‍മെന്റ് എടുത്തവര്‍ക്ക് വീണ്ടും മാറ്റിയെടുത്ത് കര്‍ണാടക പാസിന് കൂടി അപേക്ഷിക്കേണ്ട അവസ്ഥയാണെന്നാണ് രോഗികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ബോണ്‍ ട്യൂമറിന് മംഗളൂരുവിലെ ആസ്ത്രിയില്‍ ചികിത്സതേടിയിരുന്ന മാതാവിന്റെ തുടര്‍ചികിത്സാര്‍ത്ഥം മംഗളൂരുവിലേക്ക് പോകാനുള്ള എമര്‍ജന്‍സി ട്രാവല്‍ പാസ് നിരസിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് പരാതി നല്‍കിയിരുന്നു. പാസിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അനുമതി കൊടുത്തപ്പോള്‍ എ.ഡി.എം രണ്ടു തവണ നിരാകരിച്ചതായാണ് പരാതി.