കാരുണ്യത്തിന്റെ നിറകുടം

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചന്ദ്രിക ഡയരക്ടര്‍ ഡോ.പി.എ ഇബ്രാഹിം ഹാജി എന്നിവര്‍ക്കൊപ്പം മെട്രോ മുഹമ്മദ് ഹാജി (ഫയല്‍)

അബ്ദുല്ലക്കുഞ്ഞി ഉദുമ
കാസര്‍കോട്

സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സില്‍ സ്‌നേഹനിലാവ് ചൊരിഞ്ഞ നാടിന്റെ നന്മവിളക്ക്. അതാണ് മെട്രോ മുഹമ്മദ് ഹാജി. കഷ്ടപ്പെടുന്നവരെ ജാതിമതവേര്‍തിരിവുകള്‍ക്കപ്പുറം നിന്ന് കൊണ്ട് ആത്മാര്‍ത്ഥമായി സഹായിക്കാനുള്ള മനസ് അന്നേ അദ്ദേഹത്തിനുണ്ടായിരുന്നു.
പ്രശ്‌നപ്രതിസന്ധികളാല്‍ നീറുന്നവനെ സഹായിക്കാനുള്ള മനസിന്റെ വെമ്പല്‍ ഇതിന്റെ ഫലമായി ഉണ്ടായതാവാം. നിരാലംബര്‍ക്ക് വിവാഹം നടത്തിക്കൊടുക്കുക, ആശ്രയമറ്റവര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുക, രോഗികള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും ചികിത്സാ ചിലവ് നിര്‍വഹിക്കുക, ഗള്‍ഫ് മേഖലയില്‍ ജോലി സമ്പാദനത്തിന് എന്നും കീറാമുട്ടിയായ വിസ നേടിക്കൊടുക്കുക, ഇങ്ങനെ നീളുന്നു മെട്രോയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍. ദൈവം തനിക്കനുഗ്രഹിച്ച് നല്‍കിയ സമ്പത്തില്‍ നിന്ന് ഒരു വിഹിതം അര്‍ഹതയുള്ളവര്‍ക്ക് വിതിച്ച് നല്‍കാനുള്ള മനസ് അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു.ഏത് അര്‍ദ്ധരാത്രിയിലും അദ്ദേഹത്തിന്റെ സഹായം തേടിയെത്താം. സഹായം ചോദിച്ച് ചിത്താരി ചാമുണ്ഡിക്കുന്നിലെ വീട്ടില്‍ എത്തുന്നവരെ മടക്കി അയച്ച ശീലം ഒരിക്കലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പള്ളികളുടെയും അമ്പളങ്ങളുടെയും വിദ്യാലയങ്ങളുടെയും തൂണുകളിലും ചുമരുകളിലും അകത്തളങ്ങളിലും മെട്രോയുടെ സ്‌നേഹത്തിന്റെയും ഉദാരതയുടെയും സ്പര്‍ശനമുണ്ട്. അടിയുറച്ച മുസ്‌ലിംലീഗ് പ്രവര്‍ത്തകനും സമസ്ത നേതാവുമായിരുന്നു.
എന്നിരുന്നാലും മെട്രോ ഹാജിയുടെ സഹായം തേടിവരാന്‍ ആര്‍ക്കും ഒരു മടിയുമില്ല. എല്ലാ റമസാന്‍ മാസത്തിലും സകാത്ത് വിഹിതം അര്‍ഹരായവര്‍ക്ക് കൃത്യമായി എത്തിച്ചു കൊടുക്കും.കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്ന നിലയില്‍ ആവിഷ്‌ക്കരിച്ച ശിഹാബ് തങ്ങള്‍ മാംഗല്യ നിധി, ഭൂദാന പദ്ധതി ഒട്ടേറെ പേര്‍ക്ക് ആശ്വാസമായി. ഓരോ വര്‍ഷവും പാവപ്പെട്ട നിരവധി യുവതിക്ക് ശിഹാബ് തങ്ങള്‍ മാംഗല്യ നിധി വഴി സഹായഹസ്തങ്ങള്‍ ലഭിച്ചു. ഒരു സെന്റ് ഭൂമിയില്ലാത്ത നിരവധി പേര്‍ക്ക് ഭൂമി നല്‍കി.

വ്യാപക അനുശോചനം
കോഴിക്കോട്: ചന്ദ്രിക ഡയരക്ടര്‍ മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ വ്യാപക അനുശോചനം. ചന്ദ്രിക ആസ്ഥാനത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ പത്രാധിപര്‍ സി.പി സൈതലവി അധ്യക്ഷനായിരുന്നു. ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജിബ് ആലിങ്കല്‍, റസിഡന്‍ഡ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ലുക്മാന്‍ മമ്പാട്, റസിഡന്‍ഡ് മാനേജര്‍ ഇന്‍ ചാര്‍ജ് ജാഫര്‍ സംസാരിച്ചു. കോഴിക്കോട് ഉമറലി ശിഹാബ് തങ്ങള്‍ അക്കാദമി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ, എം,സി മായിന്‍ ഹാജി, കുറുക്കോളി മൊയ്തീന്‍, സിവി.എം വാണിമേല്‍, ഇബ്രാഹം മുറിച്ചാണ്ടി, ഷറഫുദ്ദീന്‍ കണ്ണേത്ത് തുടങ്ങിയവരും അനുശോചിച്ചു. നന്‍മയുടെയും കരുണയുടെയും വറ്റാത്ത ഉറവയായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണം മുംബൈ പ്രവാസികള്‍ക്ക് തീരാനഷ്ടമാണെന്ന് ബോംബെ കേരള മുസ്്‌ലിം ജമാഅത്ത് പ്രസിഡന്റ് പി.എച്ച് അബ്ദുല്‍റഹ്മാനും ജന.സെക്രട്ടറി വി.എ കാദര്‍ ഹാജിയും അനുശോചന സന്ദേശത്തില്‍ അറിയിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആളുകളുമായി ഇടപഴകുകയും ആത്മബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.