രോഗികളില്‍ എട്ടുവയസുകാരനും
ഒരാള്‍ക്ക് രോഗമുക്തി
കാസര്‍കോട്: എട്ടുവയസുകാരന് ഉള്‍പ്പടെ ഇന്നലെ പത്തുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി.
ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. മൂന്നാംഘട്ടത്തില്‍ ഇതുവരെ 147പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. മൂന്നും നഗരസഭകളിലടക്കം 26പഞ്ചായത്തുകളില്‍ നിലവില്‍ രോഗികളുണ്ട്.
മെയ് 11നാണ് ജില്ലയില്‍ മൂന്നാംഘട്ടം തുടങ്ങിയത്. രണ്ടാംഘട്ടം വരെ രണ്ട് നഗരസഭകളിലും 15 പഞ്ചായത്തുകളിലുമായിരുന്നു 178പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ മൂന്നാംഘട്ടത്തില്‍ മൂന്നും നഗരസഭകളിലും 27 പഞ്ചായത്തുകളിലും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ആകെ 325പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 214പേരും സുഖംപ്രാപിച്ചു.
ഇന്നലെ പോസിറ്റീവായവര്‍
മെയ് 27ന് കുവൈറ്റില്‍ നിന്നും വന്ന് ജൂണ്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന 37 വയസുള്ള കോടോം ബേളൂര്‍ പഞ്ചായത്ത് സ്വദേശി, 40 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, 27ന് മഹാരാഷ്ട്രയില്‍ നിന്നും വന്ന 47 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി, 26ന് മഹാരാഷ്ട്രയില്‍ നിന്ന് മിനിബസില്‍ വന്ന 34 വയസുള്ള കുമ്പഡാജെ സ്വദേശിനി (ഇവര്‍ക്കൊപ്പം യാത്ര ചെയ്ത ഭര്‍ത്താവ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. നിലവില്‍ ഇവര്‍ താമസിക്കുന്നത് കുമ്പള പഞ്ചായത്തിലാണ്).
23ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 26 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്നുംവന്ന 32 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി, അബുദാബിയില്‍ നിന്നും വന്ന 31 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, 23ന് ടാക്സി കാറില്‍ മഹാരാഷ്ട്രയില്‍ നിന്നുംവന്ന 43 വയസുള്ള മംഗല്പാടി സ്വദേശി, 29ന് ദുബൈയില്‍ നിന്നും വന്ന 39 വയസുള്ള കുമ്പള സ്വദേശിയും ഇദ്ദേഹത്തിന്റെ എട്ടുവയസുള്ള മകന് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് നെഗറ്റീവായത്
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ രോഗമുക്തി നേടി. 29ന് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ നിന്ന് വന്ന 31 വയസുള്ള മംഗല്പാടി സ്വദേശിക്കാണ് കോവിഡ് നെഗറ്റീവായത്. മൂന്നാംഘട്ടത്തില്‍ ഇതിനകം 36 പേര് രോഗമുക്തി നേടി.
നിരീക്ഷണത്തിലുള്ളത് 3713 പേര്
വീടുകളില്‍ 3021 പേരും ആസ്പത്രികളില്‍ 692 പേരും ഉള്‍പ്പെടെ ജില്ലയില്‍ 3713 പേരാണ് നിരീക്ഷണത്തിലുള്ളത്. 7154 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായി. 615 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി 423 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
ഇതുവരെയായി അന്യസംസ്ഥാനത്ത് നിന്നും 6579പേരും വിദേശത്ത് നിന്നും 1540പേരുമാണ് എത്തിയത്. മൂന്നാംഘട്ടത്തില്‍ 3439 സ്വാബ് ടെസ്റ്റില്‍ 2661 നെഗറ്റീവായി.
മാസ്ക് ധരിച്ചില്ല 243 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: ജില്ലയില്‍ മാസ്ക് ധരിക്കാത്ത 243 പേര്‍ക്കെതിരെ ഇന്നലെ കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 4888 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2583 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3246 പേരെ അറസ്റ്റ് ചെയ്തു. 1106 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ അഞ്ചിന് ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു.