കാസര്‍കോട് 12 പേര്‍ക്ക് കൂടി കോവിഡ്

7

സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് രോഗബാധ

കാസര്‍കോട്: ജില്ലയില്‍ മൂന്നു സ്ത്രീകളടക്കം 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്നെത്തിയ ആറുപേര്‍ക്കും വിദേശത്ത് നിന്നുമെത്തിയ അഞ്ചുപേര്‍ക്കും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 109 ആയി.
ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 50 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയ്ക്കും ഇദ്ദേഹത്തിന്റെ 16 വയസ്സുള്ള മകള്‍, മെയ് 22ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 44വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 42 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, മെയ് 24ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 48 വയസ്സുള്ള വലിയപറമ്പ് സ്വദേശി (ഇദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നും വന്നിട്ടുള്ള സുഹൃത്തിനോടൊപ്പം പടന്നയില്‍ ആണ് താമസിച്ചിരുന്നത്), 18ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 21വയസുള്ള മംഗല്‍പാടി സ്വദേശിനി എന്നിവര്‍ക്കും 19ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി,
28ന് കുവൈത്തില്‍ നിന്നെത്തിയ 24 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, മെയ് 28 ന് കുവൈത്തില്‍ നിന്നെത്തിയ 25 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, 29ന് ദുബൈയില്‍ നിന്നെത്തിയ 21 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശിനി, മെയ് 31ന് ഷാര്‍ജയില്‍ നിന്നെത്തിയ 48 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശിയ്ക്കും സമ്പര്‍ക്കം വഴി 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വീടുകളില്‍ 3269 പേരും സ്ഥാപനങ്ങളില്‍ 671 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3940 പേരാണ്. 739പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 255 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.