കാസര്‍കോട്: രണ്ടാംഘട്ടം വരെ 178 രോഗബാധിതര്‍ മൂന്നാംഘട്ടത്തില്‍ ഇതുവരെ 189

കാസര്‍കോട്: ജില്ലയില്‍ ആറുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രണ്ടാംഘട്ട രോഗബാധിതരുടെ എണ്ണത്തെ കടത്തി മൂന്നാംഘട്ടം. 33 ദിവസത്തിനിടെ ഇതുവരെ 189പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി 30 മുതല്‍ മെയ് പത്തു വരെയുള്ള ആദ്യ രണ്ടുഘട്ടങ്ങളിലായി ജില്ലയില്‍ 178 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഫെബ്രുവരിയില്‍ വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും മാര്‍ച്ചില്‍ വിദേശത്തുനിന്ന് എത്തിയ 77പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 31പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എപ്രില്‍ ഒന്ന് മുതല്‍ വിദേശത്തു നിന്നെത്തിയ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്. ഈ 178 രോഗികളുടെയും രോഗം മെയ് പത്തോടെ ഭേദമായി ജില്ല കോവിഡ് മുകത്മായി.
മെയ് 11ന് മുംബൈയില്‍ നിന്നെത്തിയ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ജില്ലയില്‍ മൂന്നാം കോവിഡ് യുദ്ധം തുടങ്ങിയത്. മെയ് 19നും ജൂണ്‍ 10നും ഒഴികെ എല്ലാ ദിവസവും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. മെയ് 18 നായിരുന്നു എറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടായത്. അതേസമയം, അവസാന ഒരാഴ്ചയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഇതിനകം 189ല്‍ 75പേര്‍ സുഖം പ്രാപിച്ചു. ജില്ലയില്‍ ആകെ 367 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 253പേര്‍ സുഖംപ്രാപിച്ചു.
വീടുകളില്‍ 3322 പേരും സ്ഥാപന നിരീക്ഷണത്തില്‍ 329 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3651 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 193 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 247പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 453പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 338പേരെ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

പിതാവും മകനുമുള്‍പ്പടെ ആറു പേര്‍ക്ക് കോവിഡ്
മഹാരാഷ്ട്രയില്‍ നിന്നെത്തിയ പിതാവും മകനും ഉള്‍പ്പടെ ആറു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 58 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിയും 19 വയസുള്ള മകനും ജൂണ്‍ ഏഴിനാണ് മഹാരാഷ്ട്രയില്‍ നിന്നെത്തിയത്. ട്രെയിന്‍ മാര്‍ഗമാണ് ഇരുവരും നാട്ടിലെത്തിയത്. ഇതോടെ മൂന്നാംഘട്ടത്തില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 114ആയി.
ജൂണ്‍ ഏഴിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് എത്തിയ 37 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, നാലിന് ഹരിയാനയില്‍ നിന്ന് ട്രെയിനില്‍ വന്ന 36 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് യുഎഇയില്‍ നിന്നെത്തിയ 27 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി, മെയ് 28ന് യുഎഇയില്‍ നിന്നെത്തിയ 56 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി എന്നിവരാണ് കോവിഡ് പോസിറ്റീവായ മറ്റു നാലുപേര്‍.
കാസര്‍കോട് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്നെത്തിയ മെയ് 25ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശിക്കാണ് കോവിഡ് നെഗറ്റീവായത്.