’70കളിലെ പ്രമുഖ പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ കെ.ബി ബീരാവു നാട്ടില്‍ നിര്യാതനായി

കെ.ബി ബീരാവു

അബുദാബി: പ്രവാസത്തിന്റെ ആദ്യ കാലങ്ങളിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ബോംബെ കേരള മുസ്‌ലിം ജമാഅത്ത്, അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, ചന്ദ്രിക റീഡേഴ്‌സ് ഫോറം തുടങ്ങിയ പ്രവാസി സംഘടനകളുടെ സ്ഥാപകരില്‍ പ്രമുഖനുമായ നാട്ടിക കെ.ബി ബീരാവു നാട്ടില്‍ നിര്യാതനായി.
പാവങ്ങളുടെ അത്താണിയായും അവശതയനുഭവിക്കുന്ന പ്രവാസികള്‍ക്ക് തണലായും അദ്ദേഹം പതിറ്റാണ്ടുകള്‍ സേവനം ചെയ്തു. നിലവില്‍ നാട്ടിക മഹല്ല് കമ്മിറ്റി, ഷൗക്കത്തുല്‍ ഇസ്‌ലാം സഭ എന്നിവയുടെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
’70കളുടെ തുടക്കം മുതല്‍ അബുദാബിയില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ബോംബെയില്‍ നിന്ന് ആരംഭിച്ച പ്രവാസ ജീവിതം സഹജീവികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. യുഎഇയിലെ ആദ്യകാല ജീവകാരുണ്യ സംഘടനയായ കേരള മുസ്‌ലിം വെല്‍ഫെയര്‍ സെന്ററിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ ബീരാവു തുടര്‍ന്ന് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, ചന്ദ്രിക റീഡേഴ്‌സ് ഫോറം എന്നീ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും പ്രധാന പങ്ക് വഹിച്ചു.
തന്റെ കഠിന പ്രയത്‌നത്തിലൂടെ വളര്‍ന്നുവന്ന രണ്ടു പ്രസ്ഥാനങ്ങളിലും അദ്ദേഹം പ്രവാസം അവസാനിപ്പിക്കുന്നത് വരെ സജീവമായി നില കൊണ്ടു. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം തങ്ക ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടതാണ്.
മുഹമ്മദ് ഇസ്മായില്‍, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് ഷരീഫ്, ഖമറുദ്ദീന്‍ എന്നിവര്‍ മക്കളാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന കെ.ബി മുഹമ്മദ്, പരേതരായ കൊച്ചുമുഹമ്മദ്, ബാപ്പു മുസ്‌ല്യാര്‍, അബ്ദുല്‍ മജീദ്, നഫീസ സഹോദരങ്ങളാണ്.
കെ.ബി ബീരാവു സാഹിബിന്റെ വിയോഗത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് പി.ബാവ ഹാജി, ജന.സെക്രട്ടറി എം.പി.എം റഷീദ്, യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി നിസാര്‍ തളങ്കര, ട്രഷറര്‍ യു.അബ്ദുല്ല ഫാറൂഖി, അബുദാബി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജന.സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി, മുന്‍ ജന.സെക്രട്ടറിമാരായ വി.പി.കെ അബ്ദുല്ല, റസാഖ് ഒരുമനയൂര്‍, കടന്നപ്പള്ളി മൊയ്തു ഹാജി, കരപ്പാത്ത് ഉസ്മാന്‍ അനുശോചനം രേഖപ്പെടുത്തി.