പ്രവാസികളുടെ ജീവന് അക്കപ്പൂട്ടിടുന്ന സര്‍ക്കാര്‍

നിഷാദ് ഫുജൈറ
പ്രവാസ ലോകത്തെ മോര്‍ച്ചറികളില്‍ അനാഥമായി വിറങ്ങലിച്ചു കിടക്കുന്ന മലയാളികളുടെ മൃതദേഹങ്ങളുടെ കുടുംബ വീട്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ… അവിടെ സ്വന്തം മകനെ നഷ്ടപ്പെട്ട വേദനയില്‍ കണ്ണീര്‍ പോലും പൊഴിക്കാനാവാതെ വിതുമ്പുന്ന പിതാവിന്റെയും ഉറ്റവരുടെയും ദീനരോദനം. അവസാനമായി മുഖം പോലും കാണാനാവാതെ വിദേശ രാജ്യത്തെ ശ്മശാന ഭൂമിയില്‍ അടക്കം ചെയ്യപ്പെടുന്ന പ്രവാസിയുടെ പിതാവും ഭാര്യയും മക്കളും അനുഭവിക്കുന്ന ഹൃദയ വേദന. കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പരിമിതികള്‍. ജീവിതത്തിലും മരണത്തിലും പ്രവാസി പ്രയാസത്തില്‍ തന്നെ.
വിദേശത്ത് നിന്നും പ്രവാസികളുടെ തിരിച്ചുപോക്കിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി പിണറായി പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും ഇതര സംസ്ഥാനക്കാരെയും വിദേശ രാജ്യങ്ങളെയും ഞെട്ടിച്ചു. കരുതലോടെ കൂടെയുണ്ടെന്ന് മരീചിക പോലെ കാണിച്ച് മോഹിപ്പിച്ച ഒരു ഗവണ്‍മെന്റ് തിരിച്ചുപോക്കിനുള്ള പ്രവാസിയുടെ ഓരോ ശ്രമത്തിന്റെയും കടയ്ക്കല്‍ കത്തി വെച്ച പിണറായി, ഇതാ അവസാന ആണിയും അടിച്ചു കയറ്റി. സന്നദ്ധ സംഘടനകളും കേന്ദ്ര സര്‍ക്കാറും (വളരെ പരിമിതമാണെങ്കിലും) വിമാന സര്‍വീസുമായി മുന്നോട്ടു വന്നപ്പോള്‍, മുടന്തന്‍ ന്യായങ്ങള്‍ നിരത്തി തിരിച്ചുപോക്കിന് തടയിട്ടു. പിണറായിയുടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന അനേകം ഉപദേശകരില്‍ മനുഷ്യത്വമുള്ള ഒരെണ്ണം പോലുമില്ലല്ലോ. ഇതെല്ലാം ‘ഉപദേശകര്‍’ ആണോ ആവോ? അമ്മയുടെ മാനസിക വേദന അറിയുന്ന ആരോഗ്യ മന്ത്രി ടീച്ചറമ്മക്കെങ്കിലും പിണറായിയോട് ഒന്ന് പറയാമായിരുന്നില്ലേ? ഒരു രാജ്യവും തങ്ങളുടെ പൗരന്മാരെ കൊണ്ടുവരാന്‍ ഇങ്ങനെ ഒരു നിബന്ധന വെച്ചിട്ടില്ല. എങ്ങനെയെങ്കിലും അവര്‍ സ്വന്തം രാജ്യത്തെത്തിയാല്‍ മാത്രം മതി. അവരെ കൊണ്ടു വരാന്‍ പ്രത്യേക വിമാനമയച്ചും മറ്റു സൗകര്യവുമൊരുക്കിക്കൊടുക്കുകയായിരുന്നു.
പ്രവാസിയുടെ വേദനക്ക് കേരളത്തിന്റെ ചരിത്രവുമായി ബന്ധമുണ്ട്. കേരളത്തിന്റെ സര്‍വ പുരോഗതിയുടെയും ഗതിവിഗതികള്‍ നിര്‍ണയിച്ച മറ്റൊരു ദേശത്തിനും അവകാശപ്പെടാനില്ലാത്ത ചരിത്രമാണ് മലയാളി പ്രവാസിയുടെ കരുത്ത്. അടിസ്ഥാന വികസനം മുതല്‍ ഒന്നാം നമ്പര്‍ അവകാശപ്പെടുന്ന നമ്മുടെ ആരോഗ്യ മേഖല പോലും പ്രവാസിയുടെ വിയര്‍പ്പിന്റെ സുഗന്ധത്തിലാണ് പരിമളം പരത്തുന്നത്. കൈരളിയുടെ വൈജ്ഞാനിക വിസ്‌ഫോടനവും സാമൂഹിക കലാ-സാംസ്‌കാരിക സമൃദ്ധിയും അടയാളപ്പെടുത്തുന്നത് പ്രവാസിയുടെ കാല്‍പ്പാദങ്ങളാണ്.
നാടിന്റെ നട്ടെല്ലാണെന്ന് നാക്കിട്ടലക്കുന്ന തൊഴിലാളി വര്‍ഗ സര്‍ക്കാരേ, നട്ടെല്ലാവണമെന്നില്ല, ഒരു കറിവേപ്പിലയുടെ വിലയെങ്കിലും തന്നാല്‍ മാത്രം മതി. കഷ്ടപ്പാടിന്റെ നെരിപ്പോടിലൂടെ ഓരോ നിമിഷവും വെന്തുരുകുന്ന പ്രവാസിയോട് കാട്ടുന്ന ഈ ക്രൂരതക്ക് ചരിത്രം വിലയിടുക തന്നെ ചെയ്യും. കോവിഡ് 19 മഹാമാരിയില്‍ നിശ്ചലമായ ലോകക്രമത്തില്‍ ജോലിയും കൂലിയുമില്ലാതെ പിടിവള്ളി നഷ്ടപ്പെട്ട പ്രവാസിക്ക് സ്വന്തം കുടുംബത്തിലേക്ക് വെറുംകയ്യോടെ മടങ്ങി വരാന്‍ പോലുമുള്ള അടിസ്ഥാന അവകാശത്തെ അരിവാള്‍ കൊണ്ട് അരിഞ്ഞു വീഴ്ത്തി, ഓരോ സന്ധ്യയിലും അഞ്ചു മണി വാര്‍ത്ത വായിക്കുന്ന പിണറായി എന്തേ ചുട്ടു പൊള്ളുന്ന മണലാരണ്യത്തിലെ പരശ്ശതം പ്രവാസികളുടെ കണ്ണീര്‍തുള്ളികള്‍ കാണാതെ പോയത്? ലേബര്‍ ക്യാമ്പിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന അനേകായിരം മലയാളികളുടെ ഗദ്ഗദം കേള്‍ക്കാതെ പോയത്? വിസിറ്റ് വിസയിലെത്തിയ വൃദ്ധരായ മാതാപിതാക്കള്‍, പിഞ്ചു കുട്ടികളുമായെത്തിയ ഭാര്യമാര്‍, ആറും ഏഴും മാസമായ ഗര്‍ഭിണികള്‍ തുടങ്ങി സമൂഹത്തിലെ ഏറ്റവും നിസ്സഹായരായ ജനവിഭാഗത്തിനോടാണ് താങ്കള്‍ വെല്ലുവിളി നടത്തുന്നത്. സാര്‍…പാവമാണവര്‍, വെറും പാവം. എന്ത് ചെയ്യണമെന്നോ, എവിടേക്കു പോവണമെന്നോ നിശ്ചയമില്ലാത്ത വെറും പാവങ്ങള്‍. ഫൈനല്‍ എക്‌സിറ്റ് വിസയടിച്ച് കാലാവധി തീര്‍ന്നവരും, ജോലിയില്ലാതെ മാസങ്ങളോളം അന്യന്റെ ഓശാരത്തില്‍ കഴിയുന്നവരും അവശ്യ മരുന്നുകള്‍ പോലും കിട്ടാതെ പ്രയാസപ്പെടുന്ന നിത്യരോഗികളും തുടങ്ങി നമ്മുടെ സഹോദര-സഹോദരിമാരുടെ ദീനവിലാപങ്ങള്‍ കേള്‍ക്കണമെങ്കില്‍ അങ്ങ് ക്‌ളിഫ് ഹൗസിലെ വരാന്തയിലിറങ്ങി നോക്കിയാല്‍ മാത്രം മതി.
പ്രവാസികളോട് വൈകാരികമായൊരു ആത്മ ബന്ധമുണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഈ തീരുമാനം കൈക്കൊള്ളാനാവുമായിരുന്നില്ല. വിദേശ രാജ്യങ്ങള്‍ പലവുരു സന്ദര്‍ശിച്ച താങ്കള്‍ക്ക് ഇവിടത്തെ അവസ്ഥ അറിയാമല്ലോ. വന്ദേ ഭാരത് മിഷനിലും മറ്റും തിരിച്ചു പോകാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഒരു മലയാളിക്കും ഇവിടെ നിലനില്‍പിന്റെ കല്‍പടവില്ല. ഒരു പിടിവള്ളി പോലുമില്ലാഞ്ഞിട്ടാണ് അവരൊക്കെ തിരിച്ചു പോകാന്‍ കാത്തിരിക്കുന്നത്. ടിക്കറ്റിന് പോലും കാശില്ലാതെ ക്ഷ്ടപ്പെടുന്ന, ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ നോവനുഭവിക്കുന്ന മലയാളിയുടെ നെഞ്ചത്ത് ചവിട്ടി അര്‍മാദിക്കുന്ന ഭരണകൂടത്തിനറിയുമോ ഇവരുടെ പ്രയാസങ്ങള്‍?
രോഗമുള്ളവരും രോഗമില്ലാത്തവരും ഇട കലര്‍ന്ന് വരുന്നതൊഴിവാക്കാനും രോഗ വ്യാപ്തി തടയാനും കോവിഡ് നെഗറ്റീവുള്ളവര്‍ മാത്രം വന്നാല്‍ മതിയെന്നും പോസിറ്റീവ് ആയവര്‍ ഒരുമിച്ച് ഒരു ഫ്‌ളൈറ്റില്‍ വരണമെന്നും പറയുന്ന തീര്‍ത്തും അപ്രായോഗികമായ, പ്രവാസിയെ പ്രയാസപ്പെടുത്തുന്ന ഈ ഉത്തരവ് എത്ര മാത്രം ദോഷകരമായിട്ടാണ് വിദേശ രാജ്യത്തെ മലയാളികളെ ബാധിക്കുന്നത്? സിറ്റികള്‍ക്ക് പുറത്ത് താമസിക്കുന്ന, സഊദിയിലെ വിദൂര പ്രവിശ്യകളിലൊക്കെയുള്ള ജനങ്ങള്‍ക്ക് ഈ തീരുമാനം എത്രമാത്രം പ്രയാസമാണ്. ഓരോ രാജ്യത്തെയും നിയമങ്ങളും ആരോഗ്യ മന്ത്രാലയ രീതികളും തീര്‍ത്തും വിഭിന്നമാണെന്നിരിക്കെ, ഒരു സംസ്ഥാനം ഏകപക്ഷീയമായ പ്രജാ വിരുദ്ധ തീരുമാനമെടുത്ത് കോവിഡ് 19 മഹാമാരിയെക്കാള്‍ വലിയ മാരണവുമായി വന്നു തിരിച്ചുപോക്കിന്റെ വ്യോമപാത അടക്കുന്ന സങ്കടകരമായ സമീപനമാണിത്. വിദേശ രാജ്യത്തെ എംബസികളില്‍ ഒരു പ്രത്യേക സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കോവിഡ് 19 ടെസ്റ്റ് നടത്താന്‍ സംവിധാനമൊരുക്കണമെന്നൊക്കെ ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹ മന്ത്രിമാരും പറയുന്നത് എത്ര മാത്രം മൗഢ്യമാണ്. രക്ത ഗ്രൂപ് നിര്‍ണയം പോലെ രണ്ട് പാരാ മെഡിക്കല്‍ സ്റ്റാഫിന് നടത്താന്‍ കഴിയുന്ന ഒരു ടെസ്റ്റ് ആണെന്നാണോ അദ്ദേഹം വിചാരിച്ചത് ആവോ!
മലയാളിയുടെ സവിശേഷമായ, വിദേശ രാജ്യങ്ങളിലെ മലയാളിയുടെ മുഖമുദ്രയായ പരസഹായ തല്‍പരതയാണ് കോവിഡ് കാലത്ത് നാം കണ്ട സൂര്യകാന്തി. സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന വ്യവസ്ഥയിലും, പുറത്തിറങ്ങരുതെന്ന കര്‍ക്കശമായ കര്‍ഫ്യൂ സമയത്തും സ്വന്തം ശരീരത്തെ മറന്ന് പരസഹായത്തിന് മുന്നിട്ടിറങ്ങുന്ന നമ്മുടെ സഹോദരങ്ങള്‍. അവര്‍ മലയാളി സഹോദരങ്ങള്‍ ഗള്‍ഫ് നാടുകളില്‍ ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡര്‍മാരായി എല്ലായിടത്തും സഹായ ഹസ്തവുമായി ഓടി നടന്നു. വന്ദേ ഭാരത് മിഷനില്‍ നാട്ടില്‍ പോകാന്‍ അവസരം കിട്ടിയ വിദൂര ദിക്കിലെ പാവം ഇന്ത്യക്കാരുടെ ടിക്കറ്റ് എടുക്കാന്‍ പോലും സഹായ ഹസ്തവുമായി മുന്നിലുണ്ടായിരുന്നത് ഈ മലയാളി സഹോദരങ്ങളായിരുന്നു. അവര്‍ നന്മയുടെ സന്ദേശമാണ് എല്ലായിടത്തും വിതറിയത്. കേരളത്തിന്റെ പെരുമയാണ് അവരുടെ പ്രവൃത്തിയിലൂടെ ആകാശത്തോളമുയര്‍ത്തിയത്.
പാവപ്പെട്ടവര്‍ക്ക് ഭക്ഷണക്കിറ്റുമായി പൊരിവെയിലത്തും കോവിഡ് ഭീഷണിക്കിടയിലും ക്യാമ്പുകള്‍ തോറും കയറിയിറങ്ങുന്ന മലയാളി. ചാര്‍ട്ടേര്‍ഡ് വിമാനവുമായി മലയാളിയെ തേടിയെത്തിയ സംഘടനകള്‍. ഇവരുടെ പ്രവര്‍ത്തനങ്ങളെ അറുത്തു മുറിക്കാന്‍ തുടക്കത്തിലേ മുടന്തന്‍ ന്യായവുമായി വന്ന സര്‍ക്കാറിനെ നാമെല്ലാവരും സംശയിക്കുന്നു. രണ്ടു ലക്ഷത്തോളം ക്വാറന്റീന്‍ സംവിധാനമുണ്ടെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ നിമിഷങ്ങള്‍ക്കകം മലക്കം മറിഞ്ഞു. പെയ്ഡ് ക്വാറന്റീന്‍ മാത്രമേയുള്ളൂവെന്ന് പറഞ്ഞു. എതിര്‍പ്പ് കൂടിയപ്പോള്‍ മെല്ലെ അയഞ്ഞു. തിരിച്ചുപോക്കിന് ആനുപാതികമായ വിമാന സര്‍വീസ് ഇല്ലാതിരുന്നപ്പോള്‍, ചാര്‍ട്ടേര്‍ഡ് വിമാനവുമായി വന്ന സംഘടനക്കെതിരെ പാരയുമായി അടുത്ത വരവ്.
ഇപ്പോഴിതാ, പുതിയ പൂട്ട്. പലരും പറയുന്ന പോലെ, ഈ ടെസ്റ്റ് നടത്താനുള്ള സാമ്പത്തികവും സമയവും സൗകര്യവുമൊക്കെ പ്രവാസിക്ക് പ്രയാസമാണ്. ഒരിക്കലെങ്കിലും പ്രവാസിയെ അറിഞ്ഞവര്‍ക്ക് മാത്രമേ ഇതറിയൂ. മനുഷ്യത്വത്തിന്റെ ഒരു തുള്ളി കനിവെങ്കിലും നിങ്ങളിലവശേഷിച്ചിട്ടുണ്ടെങ്കില്‍ പ്രവാസിയുടെ മടക്കവുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിക്കൂ. നാട്ടിലെത്തുന്ന സമയത്ത് കോവിഡ് ടെസ്റ്റ് നടത്തി രോഗലക്ഷണമുള്ളവരെ പ്രത്യേക സൗകര്യമൊരുക്കി വേണ്ട നടപടികളെടുക്കാനുള്ള സംവിധാനമല്ലേ എടുക്കേണ്ടത്.