തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി ഉണ്ടായ മരണം കോവിഡിനെ തുടര്‍ന്നാണെന്നും സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശി പി.കെ. മുഹമ്മദ് (70)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് 18 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒരാളും മരിച്ചു. തൃശൂര്‍ – 25, പാലക്കാട് -13, മലപ്പുറം, കാസര്‍ക്കോട്- 10 വീതം, കൊല്ലം – 8, കണ്ണൂര്‍ – 7, പത്തനംതിട്ട- 5, കോട്ടയം, എറണാകുളം – 2 വീതം, കോഴിക്കോട് – 1 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ 27 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. 11, ഒമാന്‍ 4, നൈജീരിയ 4, കുവൈറ്റ് 3, സൗദി അറേബ്യ 2, റഷ്യ 2, ജിബൂട്ടി 1), 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര 20, ഡല്‍ഹി 7, തമിഴ്നാട് 4, കര്‍ണാടക 4, മധ്യപ്രദേശ് 1, പശ്ചിമ ബംഗാള്‍ 1) വന്നതാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തൃശൂര്‍ ജില്ലയിലെ 10 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയില്‍ രോഗം ബാധിച്ച അഞ്ചുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. അതേസമയം ചികിത്സയിലായിരുന്ന 62 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി. തിരുവനന്തപുരം- 16, പാലക്കാട് – 13, കണ്ണൂര്‍ – രണ്ട്, കാസര്‍ക്കോട്- 8, തൃശൂര്‍ -7, എറണാകുളം- 6, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കൊല്ലം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 967 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,949 പേര് നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് രണ്ട് പുതിയ ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രണ്ട് ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി, ലക്കിടി പേരൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 35 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 133 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. നാവായിക്കുളം, നെല്ലനാട്, കുളത്തൂര്‍, പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കല്‍, വാമനപുരം, മാണിക്കല്‍ എന്നിവ ഹോട്ട് സ്പോട്ടില്‍ എന്നിവയാണ് തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒഴിവാക്കിയ ഹോട്ട് സ്പോട്ടുകള്‍.
ശബരിമലയില്‍ ഭക്തരെ അനുവദിക്കില്ല: ഉത്സവം ഉപേക്ഷിച്ചു
തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ശബരിമല ക്ഷേത്രത്തില്‍ ഭക്തരെ അനുവദിക്കേണ്ടെന്നും ഈ വര്‍ഷം ഉത്സവം നടത്തേണ്ടെന്നും തീരുമാനം. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ദേവസ്വം ബോര്‍ഡ് അധികൃതരും ക്ഷേത്രം തന്ത്രി കണ്ഠരരു മഹേഷ് മോഹനരരുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകള്‍ നടത്തും. ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്ര തീരുമാനം വന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം തീരുമാനമെടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ പുനരാലോചന നല്ലതല്ലേയെന്ന അഭിപ്രായം തന്ത്രി പ്രകടിപ്പിച്ചു. അത് ശരിയാണെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും ശബരിമലയില്‍ എത്തുന്ന ഭക്തരില്‍ നല്ലൊരു ശതമാനവും തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ദേവസ്വം മന്ത്രിയും വ്യക്തമാക്കി. ഈ സംസ്ഥാനങ്ങളിലെല്ലാം വലിയ തോതില്‍ രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. കര്‍ശന നിബന്ധനകളോടെ വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും ഇവിടെയെത്തുന്നവരില്‍ ഒരു രോഗിയുണ്ടായാല്‍ അത് ക്ഷേത്ര നടത്തിപ്പിനെ ബാധിക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചതെന്ന് മന്ത്രി അറിയിച്ചു.