കുവൈത്ത് കെഎംസിസിയുടെ മൂന്നാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനവും പുറപ്പെട്ടു

കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കുവൈത്ത് കെഎംസിസി ചാര്‍ട്ടേഡ് വിമാന ദൗത്യത്തിന്റെ മൂന്നാമത്തെ സര്‍വീസ് 174 യാത്രക്കാരുമായി കരിപ്പൂരിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ ദിവസം കുവൈത്ത് കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങള്‍ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പോയതിന് പിറകെയാണ് ബുധനാഴ്ച മൂന്നാമത്തെ ചാര്‍ട്ടര്‍ വിമാനവും ദുരിതം പേറുന്ന പ്രവാസികളെയും കൊണ്ട് പറന്നുയര്‍ന്നത്. കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ കുവൈത്ത് കെഎംസിസി ശ്രമിച്ചു വരികയാണെന്നും അടുത്ത വിമാനം കണ്ണൂരിലേക്ക് സര്‍വീസ് നടത്തുമെന്നും കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂരിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളും മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലാ-മണ്ഡലം നേതാക്കളുമടങ്ങിയ ടീമാണ് കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചത്.
പ്രവാസികളോട് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ തുടരുന്ന വിവേചനത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് പ്രവാസി കുടുംബങ്ങളെ മുന്നില്‍ നിര്‍ത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതിന് കെഎംസിസി ആലോചിച്ച് വരികയാണെന്നും പ്രസിഡന്റ് ഷറഫുദ്ധീന്‍ കണ്ണേത്തും ജന.സെക്രട്ടറി അബ്ദുല്‍ റസാഖ് പേരാമ്പ്രയും പറഞ്ഞു.