റാസല്‍ഖൈമ: കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനം പറന്നുയര്‍ന്നതോടെ മുഖത്ത് അടിയേറ്റ നിലയിലാണ് കേന്ദ്രവും കേരളവും. കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനത്തിന് തുരങ്കം വെക്കാന്‍ ഒരുങ്ങിയവരാണ് ഇരു സര്‍ക്കാറുകളെന്നും കെഎംസിസി നേതാക്കള്‍ പറഞ്ഞു. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചതോടെ പല സംഘടനകളും ഇത് മുടക്കാനായി തുനിഞ്ഞിറങ്ങിയിരുന്നു. എന്നാല്‍, തക്ക സമയത്തെ ശക്തമായ ഇടപെടലിലൂടെ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറന്നുയര്‍ന്നു. പ്രവാസികള്‍ക്ക് വേണ്ടി കെഎംസിസി ഇത്രയും ഇടപെടലുകള്‍ നടത്തിയിട്ടും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ സൗജന്യമായി ക്വാറന്റീന് ചെയ്യാതെ അവരെ പിഴിയാനിരിക്കുന്ന കേരള സര്‍ക്കാറിന്റെ തീരുമാനം തികച്ചും ദുഃഖകരമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് യാത്ര ചെയ്ത പല ആളുകളെയും അവിടെ എത്തിയപ്പോള്‍ 10,000 രൂപ ഒരു ദിവസത്തിന് ക്വാറന്റീന് ചാര്‍ജ് വേണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചപ്പോള്‍ യാത്രക്കാരത് ചോദ്യം ചെയ്തു. ചോദ്യം ചെയ്തവരെ കെഎസ്ആര്‍ടിസി ബസ്സില്‍ കയറ്റി കണ്ണൂര്‍ സ്റ്റേഡിയത്തില്‍ കൊണ്ടുപോയി ഇറക്കി വിട്ടിരുന്നു. മണിക്കൂറുകളോളം ഈ യാത്രക്കാരെ പൊരിവെയിലത്ത് നിര്‍ത്തിയതായി പരാതിയുയര്‍ന്നു. കേരള സര്‍ക്കാര്‍ രണ്ടു ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റീന് സൗകര്യം ഒരുക്കിയെന്ന് പറഞ്ഞിട്ട് ചുരുക്കം ആളുകള്‍ മാത്രം നാട്ടിലേക്കെത്തുമ്പോഴേക്കും അവരുടെ കോലം മാറുന്നു. പണം വേണമെന്നു പറഞ്ഞു വരുമ്പോള്‍ തന്നെ മനസ്സിലാകും അവരുടെ ഉള്ളിലിരിപ്പ്. അതൊരിക്കലും പ്രവാസികള്‍ സമ്മതിച്ചു തരില്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ വന്ദേ ഭാരത് മിഷന് ചാര്‍ജ് പോലെയോ അതിനെക്കാള്‍ കുറഞ്ഞ നിലയിലോ കൊണ്ടുപോകാനും കെഎംസിസിക്ക് ആഗ്രഹമുണ്ട്. ഇപ്പോള്‍ കെഎംസിസിക്ക് ലഭിച്ച ചാര്‍ട്ടേര്‍ഡ് വിമാന സൗകര്യം അതിന് അനുയോജ്യമല്ല. കേരള സര്‍ക്കാറിന് നേരിട്ട് തന്നെ ഈ പ്രവാസികളെ നാട്ടില്‍ എത്തിക്കാമല്ലോ, എന്ത് കൊണ്ട് അവര്‍ അതിന് മുതിരുന്നില്ല? അല്ലെങ്കില്‍, ഇടതു സംഘടനകള്‍ ഗള്ഫിലുണ്ടല്ലോ, അവരെന്തേ ഇത്തരം പ്രവര്‍ത്തനത്തിന് മുതിരാത്തതെന്നും നേതാക്കള്‍ ചോദിച്ചു. യുഎഇ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.