പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കള്‍
കോട്ടയം: പാറപ്പാടത്ത് വീട്ടമ്മയുടെ കൊലപാതക കേസിലെ പ്രതി താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23)നെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി താമസിച്ചിരുന്ന വേളൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിനെത്തിച്ചത്. തുടര്‍ന്നാണ് കൊലപാതകം നടന്ന വീട്ടിലേക്കെത്തിച്ചത്. പ്രതി മോഷ്ടിച്ച കാറും 28 പവന് സ്വര്‍ണവും പൊലീസ് കണ്ടെടുത്തു.
പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം ജില്ലാ പൊലീസ് ചീഫ് ജി. ജയ്ദേവ് അറിയിച്ചു. പെട്ടെന്നുള്ള ദേഷ്യത്തില്‍ തലക്കടിച്ചു കൊന്നുവെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. ഗ്യാസ് തുറന്നുവിട്ടത് തെളിവു നശിപ്പിക്കാനാണെന്നും പ്രതി പറഞ്ഞു. അതേസമയം വീട്ടുകാരില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തി. മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകള്‍ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു.
തെളിവെടുപ്പിനിടെ പൊലീസിനോട് പൂര്‍ണമായും സഹകരിക്കുന്ന നിലപാടാണ് പ്രതി സ്വീകരിച്ചത്. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി ഇയാള്‍ നല്‍കുന്നുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വീഡിയോ കോണ്ഫറന്സിലിങ്ങിലൂടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കോട്ടയം കൊലപാതകത്തിന് ശേഷം പ്രതിയായ മുഹമ്മദ് ബിലാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ ആലപ്പുഴ മുഹമ്മദന്‍സ് സ്കൂളിന് സമീപത്തുനിന്നാണ് ഇന്നലെ കണ്ടെത്തിയത്. പ്രതിയെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കാറിന്റെ വലതുഡോറിന്റെ കൈപ്പടിയില്‍ രക്തക്കറയും പ്രതിയുടേതെന്ന് സംശയിക്കുന്ന മുടി തെളിവിനായി ശേഖരിച്ചു. പ്രതിക്ക് ചെറുപ്പം മുതല്‍ അറിയാവുന്ന സ്ഥലമാണ് ഇവിടമെന്നും ബന്ധുവീടുകള്‍ ഉള്ളതുകൊണ്ടാണ് കാര്‍ ഇവിടെ ഉപേക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോട്ടയത്തെ നടുക്കിയ കൊലപാതകക്കേസിലെ പ്രതി മുഹമ്മദ് ബിലാല്‍ കൃത്യത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞത് എറണാകുളം എടപ്പള്ളിയിലെ വാടക വീട്ടിലാണ്. എടപ്പള്ളി കുന്നുംപുറത്തെ ഹോട്ടലില്‍ ജോലിക്കെന്ന വ്യാജേനയെത്തിയ ബിലാലിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് വാടക വീട്ടില്‍ നിന്ന് പിടികൂടിയത്. ഷീബയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി മോഷ്ടിച്ച സ്വര്‍ണ്ണവുമായെത്തിയത് എറണാകുളം എടപ്പള്ളിക്കടുത്ത കുന്നുംപുറത്താണ്. കുന്നുംപുറം സ്വദേശി നിഷാദിന്റെ ഹോട്ടലില്‍ ജോലിതേടി. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ കൊലപാതക കേസിലെ പ്രതിയാണെന്ന് തിരിച്ചറിയാതെ ഹോട്ടലുടമ ഇയാള്‍ക്ക് ജോലി നല്കി. ഹോട്ടലിലെ ജീവനക്കാര്‍ക്ക് താമസിക്കാനായി വാടകയ്ക്കെടുത്ത വീട്ടീല് താമസവുമൊരുക്കി. ഇതിനിടെയാണ് പ്രതി എറണാകുളത്തുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം എറണാകുളത്തെത്തിയ കോട്ടയം വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാത്രിയോടെ പ്രതിയെ പിടികൂടി. ഇന്നലെ പുലര്‍ച്ചെയോടെ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി രാവിലെ എട്ടരയോടെ തെളിവെടുപ്പിനായി കുന്നുംപുറത്തെ വീട്ടിലെത്തിച്ചു. പ്രതി ബിലാല്‍ താമസിച്ച മുറിയിലെ അലമാരിയില്‍ നിന്നാണ് ഷീബയുടെ 28 പവന് സ്വര്‍ണ്ണം കണ്ടെത്തിയത്. ജുവല്ലറി ജീവനക്കാരെ എത്തിച്ച് സ്വര്‍ണ്ണത്തിന്റെ മാറ്റും തൂക്കവും പരിശോധിച്ചു. ബിലാലിന് എറണാകുളത്തെത്താന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
ഷീബ- സാലി ദമ്പതികളുടെ ദുബായിലുള്ള മകള്‍ ഷാനിയുടെ മൊഴി പൊലീസ് ഫോണിലൂടെ വിശദമായി രേഖപ്പെടുത്തി. അതേസമയം ബിലാല്‍ മാനസിക ആരോഗ്യ വിദഗ്ധരുടെ ചികില്‍സയിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു.