കൊച്ചി: ഉപഭോക്താക്കളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നല്‍കിയത്. ലോക്ക്ഡൗണ്‍ മൂലം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ സാധിക്കാത്തതിനാല്‍ മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബില്‍ നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവിലുള്ള ബില്ലിലെ തുകയുടെ 70 ശതമാനം അടച്ചാല്‍ മതിയെന്നും ബാക്കി തുക കുറവാണെങ്കിലും കൂടുതലാണെങ്കിലും അടുത്തതവണ ക്രമീകരിക്കുമെന്നും കെ.എസ്.ഇ.ബി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് വാദിച്ച ബോര്‍ഡ് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബില്ല് നല്‍കിയതെന്നും പറഞ്ഞു. അമിത ബില്ല് ഈടാക്കുന്നുവെന്ന ഹര്‍ജിക്കാരുടെ വാദം അടിസ്ഥാന രഹിതമാണെന്ന് വാദിച്ച കെ.എസ്.ഇ.ബി ഹര്‍ജിക്കാരുടെ വൈദ്യുതി ഉപഭോഗ വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കി.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നും കെ.എസ്.ഇ.ബി പറഞ്ഞു. ദ്വൈമാസ ബില്ലിംഗ് മാറ്റാനാവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ഈ രീതി 30 വര്‍ഷമായി തുടരുന്നതാണ്. റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരമുണ്ട്. പ്രതിമാസ ബില്ലിംഗ് നടപ്പാക്കിയാല്‍ കൂടുതല്‍ ജീവനക്കാര്‍ വേണ്ടി വരുമെന്നും ഇത് ബോര്‍ഡിന്റെ ചെലവ് കൂട്ടുമെന്നും ഉപഭോക്താക്കള്‍ക്ക് തന്നെ ബുദ്ധിമുട്ടാവുമെന്നും ബോര്‍ഡ് വിശദീകരിച്ചു. പൂട്ടിക്കിടന്ന വീടുകള്‍ക്കും ഇത്തരത്തില്‍ ബില്ല് വന്നിട്ടുണ്ടെന്നു ഹരജി ഭാഗം ചൂണ്ടിക്കാട്ടി.