കെ.എസ്.ഇ.ബിക്ക് നോട്ടീസ്
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് അധിക വൈദ്യുതി ബില്‍ ഈടാക്കിയെന്ന പരാതിയില്‍ കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ല് തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തംഗം എം സി വിനയന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. 60 ദിവസം കൂടുമ്പോള്‍ തയ്യാറാക്കേണ്ടതിനു പകരം കൂടുതല്‍ ദിവസങ്ങള്‍ക്ക് ശേഷം ബില്ല് കണക്കാക്കിയത് വര്‍ധിച്ച തുക ഈടാക്കാന്‍ കാരണമായെന്നും ഹര്ജിക്കാരന് ആരോപിച്ചു. 240 യൂണിറ്റിനു മുകളിലുള്ള ബില്ലുകള്‍ക്ക് സബ്സിഡിയില്ലെന്നും ഇത് അമിത ബില്ലിനു കാരണമായെന്നും പറയുന്നു.
ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതക്കൊപ്പം നാല് മാസത്തെ ബില്‍ ഒരുമിച്ച് തയ്യാറാക്കിയതിലെ പിഴവും തുക അധികമാകാന്‍ കാരണമായെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബിയുടെ വാദം. ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്ന് കെഎസ്ഇബി നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
കെഎസ്ഇബി ബില്ലിനെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. ലോക്ക് ഡൗണ്‍ മൂലം പ്രവര്‍ത്തിക്കാനാവാതിരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വരെ ഭീമന് ബില്ലാണ് വന്നിട്ടുള്ളത്. ലോക്ക്ഡൗണ്‍ ദുരിതത്തില്‍ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞ്ജീവിക്കാന് പാടുപെടുന്ന ജനങ്ങള്‍ക്കുമേലാണ് ഇരുട്ടടി പോലെ കെ.എസ്.ഇ.ബി ബില്ലുകള്‍ വന്നത്.
വൈദ്യുത ബോര്‍ഡിന്റെ കൊള്ളക്കെതിരെ നാളെ’ലൈറ്റ്സ് ഓഫ് കേരള’ സമരം
തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ വൈദ്യുതി ബില്ല് കുത്തനെ വര്‍ദ്ധിപ്പിച്ചു നടത്തുന്ന കൊള്ളയടിക്കെതിരെ പ്രതിഷേധിക്കുന്നതിന് നാളെ രാത്രി 9 മണിക്ക് മൂന്ന് മിനിട്ട് സമയം വൈദ്യുത ലൈറ്റുകള്‍ ഓഫ് ചെയ്ത് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ലൈറ്റ്സ് ഓഫ് കേരള’ സമര പരിപാടിയില്‍ കേരളത്തിലെ എല്ലാ വീട്ടുകാരും പങ്കെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.
കോവിഡ് ഭീതിയില്‍ പകച്ച് നില്ക്കുന്ന ജനങ്ങളെ കനത്ത വൈദ്യുതി ബില്ല് നല്കി ദ്രോഹിക്കുകയാണ് വൈദ്യുതി ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചെയ്യുന്നത്. സാധാരണ വരുന്ന ബില്ലിന്റെ പല മടങ്ങുള്ള തുകയ്ക്കുള്ള ബില്ലാണ് വൈദ്യുതി ബോര്‍ഡ് വ്യാപകമായി ഈ കോവിഡ് കാലത്ത് നല്‍കിയിരിക്കുന്നത്. മിക്കവര്‍ക്കും താങ്ങാന്‍ കഴിയുന്നതിനപ്പുറമുള്ളതാണ് ഈ ബില്ലുകള്‍. രണ്ടോ മൂന്നോ ലൈറ്റുകളും ഒരു ടിവിയും മാത്രമുള്ള വീടുകള്‍ക്ക് പോലും ആയിരക്കണക്കിന് രൂപയുടെ ബില്ലാണ് നല്‍കിയിരിക്കുന്നത്. റീഡിംഗ് എടുക്കാന്‍ കഴിയാതിരുന്നത് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതിനുള്ള അവസരമാക്കി മാറ്റുകയാണ് വൈദ്യുതി ബോര്‍ഡ് ചെയ്തത്. ഇതിനെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നിട്ടും തെറ്റുതിരുത്താന്‍ വൈദ്യുതി ബോര്‍ഡോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ നാളെ രാത്രി 9 മണിക്ക് കേരളത്തിലെ എല്ലാ വീട്ടുകാരും മൂന്നുമിനിട്ട് വൈദ്യുത വിളക്കുകള്‍ അണച്ച് വൈദ്യുത ബോര്‍ഡിനും സര്‍ക്കാരിനും ശക്തമായ താക്കീത് നല്‍കണമെന്ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.