ആരിക്കാടി പ്ലാന്റേഷനില്‍ ലക്ഷങ്ങളുടെ മരങ്ങള്‍ നശിക്കുന്നു

ആരിക്കാടി പ്ലാന്റേഷനില്‍ മരങ്ങള്‍ മറിഞ്ഞുവീണ നിലയില്‍

വനം വകുപ്പിന്റെ അനാസ്ഥ

കുമ്പള: വനംവകുപ്പ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ആരിക്കാടി പ്ലാന്റേഷനില്‍ നശിക്കുന്നത് ലക്ഷങ്ങളുടെ മരങ്ങള്‍. കുമ്പള പഞ്ചായത്ത് ആരിക്കാടി വില്ലേജിലെ കൊടിയമ്മയില്‍ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ പതിനഞ്ച് ഏക്കര്‍ സ്ഥലത്തെ കശുമാവിന്‍ തോട്ടത്തിനകത്തെ നൂറുകണക്കിന് കാറ്റാടി, കശുമാവ്, അക്കേശ്യ മരങ്ങളാണ് മഴക്കാലങ്ങളില്‍ കടപുഴകിയും വേനല്‍ കാലങ്ങളില്‍ തീ പിടിച്ചും നശിച്ചുകൊണ്ടിരിക്കുന്നത്.
പാകമായതും ഉണങ്ങിയതുമായ കാറ്റാടി മരങ്ങള്‍ മുറിച്ചു മാറ്റാണമെന്നാവശ്യമുയരാന്‍ തുടങ്ങി കാലമേറെയായി. മുറിച്ച് മാറ്റുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മരങ്ങളുടെഎണ്ണം തിട്ടപ്പെടുത്തിയിരുന്നു. എന്നാല്‍ കണെക്കെടുപ്പ് നടത്തി നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ യാതൊരു വിധ തുടര്‍ നടപടി യുമുണ്ടായിട്ടില്ല. പ്ലാന്റേഷനില്‍ വര്‍ഷം തോറും തീപിടുത്തത്തില്‍ മാത്രം നിരവധി മരങ്ങളാണ് കത്തിയമരുന്നത്.
ലക്ഷങ്ങളുടെ മരങ്ങള്‍ നശിപ്പിച്ചു കളയുന്നതിനു പകരം ലേലത്തിലൂടെ മുറിച്ചുമാറ്റി പകരം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി വീടുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്താ് പ്ലാന്റേഷനുള്ളത്. ചൊറിയൊരു കാറ്റടിച്ചാല്‍ മരങ്ങള്‍ വൈദ്യുത ലൈനുകളില്‍ പതിക്കുന്നത് ഇവിടെ നിത്യ സംഭവമാണ്. ഇതേ തുടര്‍ന്ന് ഹൈടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്ന തൂണുകളടക്കം തകരുന്നത് പതിവാണ്. ഇത്തരത്തില്‍ ഓരോ വര്‍ഷ കാലത്തും മരങ്ങള്‍ വീണ് ലൈന്‍ തകരുകയും ദിവസങ്ങളോളം പ്രദേശത്ത് വൈദ്യുത മുടക്കവുമുണ്ടാവാറുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ കാറ്റില്‍ മൂന്നു ദിവസം തുടര്‍ച്ചായി മരങ്ങള്‍ ഒഴിഞ്ഞ് വീണ് നിരവധി വൈദ്യുത തൂണുകള്‍ തകര്‍ന്നിരുന്നു.
പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതരുമായി തകര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെഎല്‍ പുണ്ടരീകാക്ഷ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ട പ്രകാരം വൈദ്യുത ലൈനില്‍ തട്ടുന്ന മരങ്ങള്‍ മുറിച്ചു മാറ്റുകയായിരുന്നു. ഇത്തരത്തില്‍ മരങ്ങള്‍ നശിക്കുന്നതിനാല്‍ സര്‍ക്കറിലേക്ക് കിട്ടേണ്ട ലക്ഷങ്ങളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഇല്ലാതാവുന്നത്. മുഴുവന്‍ മരങ്ങളും മുറിച്ചുമാറ്റി ശാസ്ത്രീയമായ രീതിയില്‍ സര്‍ക്കാറിലേക്ക് വരുമാനമുണ്ടാകുന്ന ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.