ന്യൂഡല്‍ഹി/കോഴിക്കോട്: കോവിഡ് കാരണം കരയിലിറങ്ങാനാവാതെ കടലില്‍ കുടങ്ങിയ ആഡംഭര കപ്പലിലെ നാല്‍പത്തിയേഴ് മലയാളികളടക്കം അറുനൂറിലധികം ഇന്ത്യന്‍ തൊഴിലാളികള്‍ നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങി. കോവിഡ് വ്യാപനം കാരണം ഗതാഗത അനുമതി നിഷേധിക്കപ്പെട്ട് ബ്രിട്ടണിലെ ദക്ഷിണ തീരമായ സൗതാംപ്ട്ടണില്‍ തീരത്തിറങ്ങാന്‍ അനുമതിയില്ലാതെ കപ്പലില്‍ തന്നെ കഴിയുകയായിരുന്നു തൊഴിലാളികള്‍. പികെ കുഞ്ഞാലിക്കുട്ടിയുടെ നിരന്തര ഇടപെടലിനൊടുവിലാണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സ്വദേശത്തേക്കെത്താനുള്ള വഴി തെളിഞ്ഞത്.
എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കപ്പലില്‍ ജോലിക്കാരായുണ്ട്. ഇന്ത്യയടക്കം ചുരുക്കം രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളൊഴിച്ച് മറ്റുള്ളവര്‍ സ്വദേശത്തേക്ക് തിരിച്ചുപോയിരുന്നു. അമേരിക്കയിലെ ഫ്‌ലോറിഡ ആസ്ഥാനമായുള്ള അപ്പോളോ ഗ്രൂപ്പ് ഷിപ്പിംഗ് കമ്പനിയുടെ മാരല്ല ലൈന്‍ ക്രൂയിസ് ആഡംഭര കപ്പലിലെ തൊഴിലാളികളാണ് തീരമണയാനാവാതെ പ്രതിസന്ധിയിലായത്. തൊഴിലാളികളെ ഇന്ത്യയിലെത്തിക്കാന്‍ കപ്പല്‍ അധികൃതര്‍ തയ്യാറായിട്ടും ലണ്ടണിലെ ഇന്ത്യന്‍ എംബസ്സിയുടെ അനുമതി ലഭിക്കാന്‍ വൈകിയതാണ് യാത്ര നീളാന്‍ കാരണം. തുടര്‍ന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി കേന്ദ്ര സര്‍ക്കാറുമായും ലണ്ടണിലേ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായും ഷിപ്പിംഗ് കമ്പനിയുമായും തെഴിലാളികളുടെ മടക്കയാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിന് നിരന്തരമായി ബന്ധപ്പെടുകയായിരുന്നു. ഷിപ്പിംഗ് കമ്പനിയുടെ തന്നെ രണ്ട് പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് തൊഴിലാളികളെ ഇന്ത്യയിലെത്തിച്ചത്. സൗത്താംപ്ടണില്‍ നിന്ന് കരമാര്‍ഗം ലണ്ടണിലെത്തിച്ച് തുയി എയര്‍ലൈന്‍സില്‍ വ്യോമമാര്‍ഗം ഇന്ത്യയിലെത്തിക്കുകയായിരുന്നു. 650 ഇന്ത്യന്‍ തൊഴിലാളികളാണ് മുംബൈ, ഗോവ വിമാനത്താവളങ്ങളില്‍ ഇറങ്ങിയത്.
ഇന്ത്യയിലെത്തിയ മലയാളി തൊഴിലാളികള്‍ കമ്പനി ചിലവില്‍ എട്ടുദിവസം ക്വാറന്റൈനില്‍ കഴിയും. പഞ്ചനക്ഷത്ര ഹോ്ട്ടലായ െ്രെടഡന്റിലാണ് തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും കമ്പനി ഒരുക്കിയിരിക്കുന്നത്. ക്വാറന്റൈന്‍ കാലാവാധി അവസാനിച്ചാല്‍ വ്യോമമാര്‍ഗം എല്ലാവരെയും കൊച്ചിയിലെത്തിക്കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി ആഡംഭരകപ്പലിലെ മുഖ്യ ഷെഫും മങ്കടസ്വദേശിയുമായ ഖാലിദ് പറഞ്ഞു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, സ്വദേശികളാണ് മലയാളി തൊഴിലാളികള്‍.