കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി കുവൈത്ത് കെഎംസിസി അല്‍ ഹിന്ദ് ടൂര്‍സ് & ട്രാവല്‍സുമായി ചേര്‍ന്ന് നടത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് തുടക്കം കുറിച്ചു. ആദ്യ ദിനം രണ്ട് വിമാനങ്ങളാണ് കുവൈത്തില്‍ നിന്നും പറന്നുയര്‍ന്നത്. ഒരു സംഘടന പൂര്‍ണമായും കുവൈത്തില്‍ ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനമെന്ന ഖ്യാതി ഇതോടെ കുവൈത്ത് കെഎംസിസിക്ക് സ്വന്തം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കുവൈത്ത് കെഎംസിസിയുടെ ഇഛാശക്തി വിളിച്ചോതുന്നതായിരുന്നു ഇത്. ഇരു വിമാനങ്ങളിലുമായി 330 മുതിര്‍ന്നവരും 12 കുട്ടികളും 4 കൈക്കുഞ്ഞുങ്ങളുമാണ് യാത്രയായത്. മാസ്ക്, കൈയുറകള്‍, ലഘുഭക്ഷണ-പാനീയങ്ങള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ നല്‍കിയാണ് പ്രയാസമനുഭവിക്കുന്ന സഹപ്രവര്‍ത്തകരെ യാത്രയാക്കിയതെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്തും ജന.സെക്രട്ടറി എം.കെ അബ്ദുറസാഖ് പേരാമ്പ്രയും പറഞ്ഞു. കുവൈത്ത് കെഎംസിസി സെക്രട്ടറി എഞ്ചി. മുഷ്താഖ് ആദ്യ ദിന വിമാന സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്ത് കൊച്ചിയിലേക്കുള്ള വിമാന സര്‍വീസിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, സുബൈര്‍ പാറക്കടവ്, എന്‍.കെ ഖാലിദ് ഹാജി, ഷഹീദ് പാട്ടില്ലത്ത്, സെക്രട്ടറിമാരായ ടി.ടി ഷംസു, ഷരീഫ് ഒതുക്കുങ്ങല്‍ എന്നിവരെ കൂടാതെ, കുവൈത്ത് കെഎംസിസിയുടെ ആത്മാര്‍ത്ഥരായ ജില്ലാ-മണ്ഡലം ഭാരവാഹികള്‍, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തന മികവും ഒരു ദിവസം രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ സഹായകമാക്കി. കോഴിക്കോട്ടേക്ക് പോയ വിമാനത്തില്‍ നൂറോളം രോഗികളും തൊഴില്‍ നഷ്ടപ്പെട്ടവരും പത്തോളം ഗര്‍ഭിണികളും സന്ദര്‍ശക വിസയില്‍ വന്നു കുടുങ്ങിയ അമ്പതോളം പേരും രണ്ട് വിമാനങ്ങളിലായി തിങ്കളാഴ്ച നാട്ടിലേക്ക് പുറപ്പെട്ടതായി കെഎംസിസി നേതാക്കള്‍ പറഞ്ഞു. ജൂണ്‍ 17ന് പുറപ്പെടുന്ന അടുത്ത വിമാനങ്ങളിലേക്കുള്ള യാത്രക്കാരുടെ പട്ടിക ഇതിനോടകം തയാറായിക്കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്നുള്ള യാത്രക്കായി തീരുമാനമെടുത്തവര്‍, കുവൈത്ത് കെഎംസിസി ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം, യാത്ര ചെയ്യാനാഗ്രഹിക്കുന്ന വിമാനത്താവളങ്ങളിലേക്കായി പ്രത്യേകം രൂപീകരിച്ച സമിതിയംഗങ്ങളുമായി ബന്ധപ്പെടണം.