കോവിഡ് മൂലം മരിച്ച മലയാളിയുടെ മൃതദേഹം ദുബൈയില്‍ ഖബറടക്കി

ദുബൈ: കോവിഡ് 19 മൂലം അടുത്തിടെ മരിച്ച കണ്ണൂര്‍ പാപ്പിനിശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറേ പുരയില്‍ ലത്തീഫിന്റെ മൃതദേഹം ദുബൈസോനാപൂരില്‍ ഖബറടക്കി. ജബല്‍ അലിയിലുള്ള അല്‍ഷംസ് ബില്‍ഡിങ്ങിലെ സുഹൃത്തിന്റെ റൂമിലാണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിന് കൊറോണ കൂടി ബാധിച്ചപ്പോള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നു. മൃതദേഹം വിട്ടുകിട്ടാന്‍ കാലതാമസം നേരിട്ടതിനാല്‍ യുഎഇയിലെ ബന്ധുക്കളും നാട്ടിലുള്ളവരും ചേര്‍ന്ന് നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്, സഹോദരന്‍ നൗഷാദ്, നാട്ടുകാരായ കാസിം ഇരിണാവ്, ബഷീര്‍ ഇരിണാവ്, ഷാഹിദ് പാപ്പിനിശ്ശേരി, കെ.ടി.പി ഇബ്രാഹിം എന്നിവര്‍ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഖബറടക്കം നടത്തി. തുടക്കത്തില്‍ കൊലപാതകമെന്ന് ദുരൂഹതയുണ്ടായെങ്കിലും മരണത്തില്‍ യാതൊരു ദുരൂഹതയുമില്ലെന്ന് ദുബൈ പൊലീസിന്റെ ഭാഗത്ത് നിന്ന് അറിഞ്ഞതായി സലാം പാപ്പിനിശ്ശേരി പറഞ്ഞു. വര്‍ഷങ്ങളായി ദുബൈയില്‍ ഡ്രൈവറായാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കണ്ണൂര്‍ അഴീക്കോട് സ്വദേശിനി ജസീലയാണ് ഭാര്യ. ലദീപ്, സഹല്‍ എന്നിവരാണ് മക്കള്‍.