
കുമ്പള: അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെ പുത്തിഗെയിലെ കരുണാകരനും കുടുംബവും ദുരിതംപേറി കഴിയാന്‍ തുടങ്ങി കാലമേറെയായി. ലൈഫ് ഭവന പദ്ധതി എന്നൊക്കെ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നതിനിടെയാണ് സജീവ സിപിഎം പ്രവര്ത്തകന് കൂടിയായ പട്ടികജാതി വിഭാഗക്കാരായ കരുണാകരനും കുടുംബത്തിനും ഈ ദുര്‍ഗതി.
അമ്പത് സെന്റ് ഭൂമിയുള്ളതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ താമസിക്കുന്ന പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച കൂരയാണെങ്കിലോ അത് സിപിഎം ഭരിക്കുന്ന പുത്തിഗെ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചു വീടിനായി കരുണാകരന് മുട്ടാത്ത വാതിലുകളില്ല. പ്രതീക്ഷയൊട്ടും കൈവിടാതെ എന്നെങ്കിലും അധികൃതര്‍ കനിയുമെന്ന വിശ്വാസത്തില്‍ കരുണാകരന് ഒരു വീടിനായി കാത്തിരിക്കുകയാണ്. പട്ടികജാതി വിഭാഗത്തില്‍പെട്ട വണ്ണാന്‍ സമുദായത്തില്‍പെട്ട കരുണാകരനും ഭാര്യ ബിന്ദുവും രണ്ട് കുട്ടികളടക്കുന്ന നാലംഗ കുടുംബമാണ് ഏറെക്കാലമായി ഈ കൂരയില്‍ ദുരിതംപേറി കഴിയുന്നത്.
മഴക്കാലം ആരംഭിച്ചതോടെ കരുണാകരന്റെയും കുടുംബത്തിന്റെയും ഭീതി ഇരട്ടിച്ചിരിക്കുകയാണ്. ശക്തമായ ഒരു കാറ്റടിച്ചാല്‍ പ്ലാസ്റ്റിക്ക് ഷീറ്റ് പറന്നുപോകുമോ എന്ന ഭയത്തോടെയാണ് ഇവര്‍ കഴിയുന്നത്. കരുണാകരന്റെ അമ്മ രമണിയുടെ പേരിലുള്ള അമ്പത് സെന്റ് ഭൂമിയില്‍ വീട് നിര്‍മാണത്തിന് 25 വര്‍ഷം മുമ്പ് ലഭിച്ച 12000 രൂപയിലാണ് കൊച്ചുകൂര പണിതത്.
അമ്മ മരിച്ചതോടെയാണ് കരുണാകരനും കുടുംബവും ഇവിടെ താമസമാക്കിയത്. വര്‍ഷം ഏറെ കഴിഞ്ഞതിനാല്‍ മേല്ക്കൂരപഴകി ദ്രവിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷകാലത്തെ കാറ്റില്‍ മേല്‍കൂര നിലംപൊത്തുകയായിരുന്നു. ഇവരുടെ ദയനീയത കണ്ടറിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെയാണ് മേല്‍ക്കുരയ്ക്ക് മുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച് ചോര്‍ച്ച ഒഴിവാക്കിയത്.
ഈ മഴക്കാലം തീരുന്നത് വരെ കരുണാകരനും കുടുംബവും ഈ കുരക്കുള്ളില്‍ ശ്വാസമടക്കിപ്പിടിച്ച് കഴിയും. സര്‍ക്കാര്‍ സംവിധാനം കനിഞ്ഞില്ലെങ്കില്‍ സുമനുസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് കരുണാകരനടങ്ങുന്ന ഈ നാലംഗകുടുംബം. മേല്‍കൂര മാത്രം മാറ്റിപണിയാന്‍ ഒന്നര ലക്ഷത്തിലധികം രൂപയെങ്കിലും ആവശ്യമാണ്.
കരുണാകരന്റെ കുടുംബത്തിന്റെ ദയനീയത കണ്ടറിഞ്ഞ് മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഇകെ മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി റഫീഖ് കണ്ണൂര്‍, വൈസ് പ്രസിഡന്റ് അബ്ദുല്ല പുത്തിഗെ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.