റസാഖ് ഒരുമനയൂര്‍
അബുദാബി: ഇതാദ്യമായി തലസ്ഥാന നഗരിയിലേക്ക് പോക്കുവരവില്ലാത്ത രാപകലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ജൂണ്‍ 2 മുതലാണ് അബുദാബി എമിറേറ്റിലേക്കും വിവിധ പ്രവിശ്യകളിലേക്കുമുള്ള പോക്കുവരവുകള്‍ വിലക്കിക്കൊണ്ട് ഉത്തരവിട്ടത്.
കോവിഡ് – 19ന്റെ പശ്ചാത്തലത്തില്‍ വ്യാപനം തടയുന്നതിനും അണുമുക്തമാക്കുന്നതിനുമായാണ് വ്യാപകമായ സഞ്ചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എമിറേറ്റുകള്‍ക്ക് പുറമെ അല്‍ഐന്‍, അല്‍ദഫ്റ എന്നീ പ്രവിശ്യകളിലേക്കും തിരിച്ചുമുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്.
അതേസമയം ആശുപത്രി, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ പോകുന്നവര്‍ തുടങ്ങി അവശ്യ യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ല. വിവിധ സാധനങ്ങളുടെ വിതര ണക്കാര്‍ക്കും മറ്റും പ്രത്യേക അനുമതി നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ഇതിന് അപേക്ഷിക്കാവുന്നതാണ്. യാത്രാനിരോധനത്തിന്റെ ഭാഗമായി 12 ഇടങ്ങളില്‍ അബുദാബി പൊലീസ് പ്രത്യേക പരിശോധനാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇ രൂപീകൃതമായശേഷം ഇതാദ്യമായാണ് മറ്റു എമിറേറ്റില്‍നിന്നുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാപകലില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്ന പ്രധാന റോഡുകള്‍ ഇപ്പോള്‍ നിശ്ചലമാണ്. വല്ലപ്പോഴും കടന്നുവരുന്ന അവശ്യവാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. ആരോഗ്യരംഗത്ത് കനത്ത സുരക്ഷയും സൂക്ഷ്മതയും പാലിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിരോധനം, കോവിഡ് കൂടുതല്‍ നിയന്ത്രണ വിധേയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നതില്‍ സംശയമില്ല.
വിശിഷ്യാ വാരാന്ത്യങ്ങളില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് ഹൈവെകളിലൂടെ കടന്നുപോയിരുന്നത്. ഒരാഴ്ചക്കാലത്തേക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചനയുണ്ട്.