ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടം പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ രാജ്യത്ത് ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നത് വലിയ ആശങ്ക നല്കുന്നു. പുതിയ ഇളവുപ്രകാരം കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ അടച്ചിടല്‍ തീരുമാനം രോഗവ്യാപനം തീവ്രമായ കണ്ടെയന്‍മെന്റ് സോണുകളിലേക്ക് മാത്രമായി ചുരുങ്ങി. മറ്റെല്ലാ സ്ഥലങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഇന്നുമുതല്‍ സാധാരണ നിലയിലാകും. ആരാധനാലയങ്ങളും ഇന്നു മുതല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ തോതില്‍ ആളുകള്‍ സംഘംചേരുന്നതിനും വലിയ സമ്മേളനങ്ങള്‍ക്കും മാത്രമാണ് വിലക്ക് തുടരുന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളായ സാമൂഹിക അകലം പാലിക്കലും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കലും നിര്‍ബന്ധമാക്കിക്കൊണ്ടാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കേരളത്തിലും ഇളവുകള്‍ പ്രാബല്യത്തിലായിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫിസുകള്‍ ഇന്ന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്സ്പോട്ട്, കണ്ടെയിന്മെന്റ് മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും ഇന്ന് മുതല്‍ തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. എല്ലാ ജീവനക്കാരും ഹാജരാകണം. മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം. ഏഴു മാസമോ അതില്‍ കൂടുതലോ ഗര്‍ഭിണിയായവരെ ജോലിയില്‍ നിന്ന് ഒഴിവാക്കണം. ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും ഇളവുണ്ട്. വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണണം.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഹോട്ടല്‍ തുറക്കില്ല
കോഴിക്കോട്: കോവിഡ് വ്യാപ നം തീവ്രമാകു ന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍ തല്ക്കാലം തുറക്കേണ്ടതില്ലെന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന് തീരുമാനം. ജില്ലാ ഭരണകൂടങ്ങളെ തീരുമാനം അറിയിച്ചതായാണ് വിവരം. അതേസമയം പാര്‍സല്‍ സര്‍വീസ് തുടരും.
തൊഴിലില്ലാതായി: ബസ് ഡ്രൈവര്‍ ജീവനൊടുക്കി
കക്കോടി: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു ജോലിയില്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് െ്രെഡവര്‍ ആത്മഹത്യ ചെയ്തു.ചെറുകുളം മക്കട കീഴൂര്‍ പരേതനായ വാസുവിന്റെ മകന് സന്തോഷ് (42) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് സന്തോഷ് മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കളും ഒപ്പം ജോലി ചെയ്തിരുന്നവരും ബസ് ഉടമയും പറയുന്നു. കോട്ടൂപ്പാടം-മാനാഞ്ചിറ റൂട്ടിലോടുന്ന പ്രീതി ബസിലെ ഡ്രൈവറായിരുന്നു സന്തോഷ്. ഒരു ലോറിയില്‍ ജോലിചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടില്‍നിന്ന് ഇറങ്ങിയ സന്തോഷിനെ പിന്നീട് കാണാതായി. ഞായറാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്കരിച്ചു. സത്യവതിയാണ് സന്തോഷിന്റെ മാതാവ്. ഭാര്യ: രജിഷ, മക്കള്‍: ജിഷ്ണു, ഷാനിയ. സഹോദരിമാര്‍: ശ്രീജ, റീജ, ബീന. സഞ്ചയനം ചൊവ്വാഴ്ച.
ഒരു മരണം കൂടി: 107 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ എങ്ങണ്ടിയൂര്‍ സ്വദേശിയായ 87 കാരനാണ്. മരിച്ചത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയിലായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയ ഉടന്‍ മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്നത് വ്യക്തമല്ല. ഇന്നലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട – 13, കൊല്ലം -9, ആലപ്പുഴ – 7, പാലക്കാട്, കോഴിക്കോട് – 6 വീതം, തിരുവനന്തപുരം -4, കോട്ടയം , കാസര്‍ക്കോട് – 3 വീതം, കണ്ണൂര്‍ – 2, ഇടുക്കി- 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പുതിയ കോവിഡ് കേസുകള്‍. 71 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കും. ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ – 14, കാസര്‍ക്കോട് – 6, പാലക്കാട്, കണ്ണൂര്‍- 5 വീതം, കൊല്ലം, ആലപ്പുഴ – 3 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം , കോഴിക്കോട് – 1 വീതം എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,91,481 പേര് നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഇന്നലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പുതുതായി 6 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റിയാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണിവ. ഇതോടെ ആകെ ഹോട്ട്സ്പോട്ട് 144 ആയി.
രാജ്യത്ത് 9971 പേര്‍ക്ക്; റെക്കോര്‍ഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 കേസുകളുടെ എണ്ണം വീണ്ടും കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 9971 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്കാണിത്. കോവിഡ് വ്യാപനം ശക്തമായ രാജ്യങ്ങളുടെ നിരയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. അമേരിക്ക, ബ്രസീല്‍, റഷ്യ, ബ്രിട്ടന് എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങള്‍. ഇതോടെ 6929 പേര് മരിച്ചതുള്‍പ്പെടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,46,628 ആയി ഉയര്‍ന്നു. 1,19,293പേര് (48.36 ശതമാനം) ഇതുവരെ രോഗമുക്തി നേടി. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഇനി കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രം. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അര്‍വിന്ദ് കെജ്്രിവാള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നഗരത്തില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം സംസ്ഥാന അതിര്‍ത്തികള്‍ ഇന്നുമുതല്‍ പൂര്‍ണമായി തുറന്നിടുമെന്നും കെജ്രിവാള് പറഞ്ഞു.