ദുരിത ജീവിതത്തിലായിട്ട് മൂന്ന് മാസം
കാസര്‍കോട്: ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ലോക്ക് ഡൗണില്‍ കുടുങ്ങിയ മലയാളികള്‍ക്കൊപ്പം തളങ്കര സ്വദേശികളും. ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ ദുരിത ജീവിതത്തിലായിട്ട് മൂന്ന് മാസം പിന്നിടുന്നു.
സന്ദര്‍ശക വിസയിലും ചെറിയ ജോലിക്കായി എത്തിയ 100 ലധികം മലയാളികളടക്കമുള്ളവര്‍ വലിയ ദുരിതത്തിലാണ്.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ളവരും ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിലുള്ളവരും ദുരിതക്കയത്തിലാണെന്ന് തളങ്കര സ്വദേശികളായ നവാസ്, സുബൈര്‍ എന്നിവര്‍ പറഞ്ഞു.
ഇവര്‍ കുടുങ്ങിയതായുള്ള വിവരം തെരുവത്ത് കോയാസ് ലൈനിലെ ഹാരിസാണ് മൊബൈല്‍ ഫോണിലൂടെ അറിയിക്കുകയും നവാസിന്റെ വാട്സാപ്പ് നമ്പറും അയച്ച് തരുന്നത്. തുടര്‍ന്ന് ബന്ധപ്പെട്ടപ്പോഴാണ് ദുരിതകഥ വിവരിക്കുന്നത്. ഇരുവരും മാസങ്ങള്‍ക്ക് മുമ്പാണ് ജോലിക്കായി ഇന്ത്യോനേഷ്യയില്‍ എത്തുന്നത്. പലരും നാട്ടില്‍ വരാനുള്ള തയ്യാറെടുപ്പിനിടയിലാണ് കോവിഡ് – 19 രോഗവ്യാപനമുണ്ടായത്. തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ അധികൃതര്‍ നിര്‍ത്തിവെക്കുകയായിരുന്നു. വിമാനസര്‍വീസുകള്‍ ശരിയാവുമെന്നപ്രതീക്ഷയില് തന്നെയാണ് എല്ലാവരും കഴിഞ്ഞ് വന്നിരുന്നത്. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതോടെ പലരും വലിയ പ്രതിസന്ധിയിലാവുകയായിരുന്നു. താമസ-ഭക്ഷണ സൗകര്യങ്ങളും അപര്യാപ്തമായതോടെ ദിവസങ്ങള്‍ പിന്നിടുന്നതോടെവലിയ ദുരിതത്തിലാവുകയായിരുന്നു.
ഇന്ത്യോനേഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ഡയറക്ട് വിമാന സര്‍വീസുകളില്ല. മലേഷ്യയിലേക്കാണ് ഉണ്ടായിരുന്നതെന്ന് നവാസ് പറയുന്നു.797 പോലുള്ള വലിയ ബോയിംഗ് വിമാനങ്ങള്‍ ചാര്‍ട്ടട് ചെയ്യാനുള്ള സാമ്പത്തിക പ്രയാസങ്ങളുമുണ്ട്. ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഇതിനായി കരുതേണ്ടി വരും.
പലര്‍ക്കും ചിന്തിക്കാവുന്ന കാര്യമല്ല. ഭക്ഷണം വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍, വീടുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിക്കുന്നുണ്ടെങ്കിലും കോവിഡ് ആര്‍ക്കെങ്കിലും വന്നാല്‍ പിന്നീട് സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാവുമെന്ന ഭയവും എല്ലാവരുടെ മുഖത്തും നിഴലിക്കുന്നുണ്ട്.
കേരള സമാജം ഭാരവാഹികളും സഹായത്തിന് മുമ്പന്തിയിലുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്ക് ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്.
സമാധാനപ്പെടാനാണ് തങ്ങള്‍ പറഞ്ഞെതെന്നും മുസ് ലിം ലീഗ് നേതാവ് പികെകുഞ്ഞാലിക്കുട്ടിയുടെ പേഴ്സണല്‍ സെക്രട്ടറിയുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം തന്നതായും നവാസ് പറഞ്ഞു. പുറത്തിറങ്ങാന്‍ കഴിയുന്നില്ല. കോവിഡ് സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പല ട്രാവല്‍ ഏജന്‍സികളുമായും വിമാന കമ്പനികളുമായും ബന്ധപ്പെടുകയാണ്.ഇന്ത്യോനേഷ്യയില്‍ മലയാളികളും ഇന്ത്യക്കാരടക്കം നിരവധി പേരുണ്ട്.
അതില്‍ ഭൂരിഭാഗവും ഉയര്‍ന്ന ജോലിയിലും കുടുംബസമേതവുമാണ് കഴിയുന്നത്. ഇടനിലക്കാരാണ് ഇപ്പോള്‍ ഏറ്റവുമധികം ദുരിതത്തിലായത്. ഒറ്റപ്പെട്ടവരേ ചേര്‍ത്ത് നിര്‍ത്തി ഇപ്പോള്‍ ‘ ഇന്ത്യന്‍ സിറ്റിസണ്‍ ” എന്ന പേരില്‍ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യന്‍ എംബസിയുടെ നമ്പറും ചേര്‍ത്തിട്ടുണ്ട്.
ഇതിലൂടെയാണ് എല്ലാവരും ആശയ വിനിമയം നടത്തുന്നത്. നാളെയെങ്കിലും നാടണയാനുള്ള പ്രതീക്ഷയിലാണ് എല്ലാവരും അതിനായി അധികൃതരുടെ കനിവ് തേടുകയാണ് കാസര്‍കോട് അടക്കമുള്ള മലയാളികളും ഇന്ത്യക്കാരും.