മലപ്പുറം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം സ്കൂളുകള്‍ തുറക്കുന്നത് അനിശ്ചിതകാലമായി നീണ്ടുപോകുന്നതോടെ സ്കൂള്‍ വിപണി കാത്തിരുന്ന വ്യാപാരികള്‍ക്ക് തിരിച്ചടി. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വിപണികള്‍ കീഴടക്കുന്ന ബാഗ്, കുട മറ്റ് സ്കൂള്‍ സ്റ്റേഷനറി സാധനങ്ങളെല്ലാം കടകളില്‍ കെട്ടികിടക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിനാല്‍ നോട്ടുപുസ്തകങ്ങളുടെ വില്പന നടക്കുന്നുണ്ടെന്ന ആശ്വാസമുണ്ടെങ്കിലും ഇതും വളരെ കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ജൂണ്‍,മെയ് മാസങ്ങളില്‍ ലക്ഷങ്ങളുടെ ബിസ്നസ് നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ ബാഗിനും കുടക്കുമായി ആരും തന്നെ കടകളിലെത്തുന്നില്ല. വിപണി പ്രതീക്ഷിച്ച് നേരത്തെ സാധനങ്ങള്‍ ഇറക്കിയ കടകളിലെല്ലാം ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ സംഭവിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടെ പല കടകളിലും കിട്ടുന്ന വിലക്ക് ബാഗുകളും കുടകളുമെല്ലാം വിറ്റഴിക്കാനുള്ള തയാറെടുപ്പിലാണ്. 500 മുതല്‍ 600 രൂപക്ക് വിറ്റിരുന്ന ബാഗുകള്‍ക്ക് 200 മുതല്‍ 250 രൂപക്ക് വില്ക്കാന് തയാറായിട്ടും ആരും തന്നെ വാങ്ങാനെത്തുന്നില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. കുടകള്‍ക്കും ഇതുതന്നെയാണ് അവസ്ഥ. നോട്ടുപുസ്തകത്തിന് ആവശ്യക്കാര്‍ ഉണ്ടെങ്കിലും ഇതും താരതമ്യേനെ കുറവാണ്. മുന്നത്തെ സീസണുകളെ അപേക്ഷിച്ച് കമ്പനികള്‍ കൂടുതല്‍ മോഡലുകളും ഇത്തവണ ഇറക്കിയിട്ടില്ല. സ്കൂള്‍ വിപണിയുടെ സമയം ആവുമ്പോഴേക്കും പ്രശ്നമെല്ലാം തീരുമെന്ന് പ്രതീക്ഷിച്ച് കൂടുതല്‍ കടക്കാരും ബാഗും കുടകളും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മറ്റ് സ്കൂള്‍ ഉല്പന്നങ്ങളും എത്തിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ നീണ്ടുപോകുന്നതോടെ ഇവരുടെ മനസ്സില്‍ ആധികൂടുകയാണ്.