മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം

ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ രോഗിയെ കൊണ്ടു പോകുന്ന ജീവനക്കാര്‍

24 മണിക്കൂറിനിടെ 3,007 കോവിഡ് കേസുകള്‍

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും 1000ല്‍ അധികം രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 3,007 പുതിയ കേസുകളും 91 മരണവുമാണ്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 85,975 ആയി.
ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3060 ആയി. തലസ്ഥാനമായ മുംബൈയിലാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. മുംബൈയില്‍ മാത്രം കോവിഡ് രോഗികളുടെ എണ്ണം 48,774 ആയി. 1638 പേരാണ് മുംബൈയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. 33 പൊലീസുകാരും സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 27000 ആയി. 711 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണം 20,000 കവിഞ്ഞു. 20,097 രോഗികളാണ് സംസ്ഥാനത്തുള്ളത്. 1249 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ദക്ഷിണേന്ത്യയില്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടായ തമിഴ്‌നാട്ടില്‍ ഇന്നലെ 1515 പുതിയ കേസുകളും 18 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കേസാണിത്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ആയിരത്തിലധികം കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 31,667 ആയി. 269 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിതിട്ടുണ്ട്. 16999 പേര്‍ രോഗ മുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 14,396 ആക്ടീവ് കേസുകളാണ് തമിഴ്‌നാട്ടിലുള്ളത്.

രാജസ്ഥാനില്‍ കോവിഡ് മുക്തി 73 ശതമാനം
ജയ്പൂര്‍: രാജ്യത്ത് കോവിഡ് മുക്തി നിരക്ക് കൂടിയ സംസ്ഥാനങ്ങളിലൊന്നായി രാജസ്ഥാന്‍. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 10,385 പേരില്‍ 7606 പേരും രോഗ മുക്തി നേടിയതായി സംസ്ഥാന ആരോഗ്യ മന്ത്രി രഘുശര്‍മ അറിയിച്ചു. 73.24 ശതമാനമാണ് രാജസ്ഥാനിലെ കോവിഡ് മുക്തി നിരക്ക്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവിനൊപ്പം തന്നെ കോവിഡില്‍ നിന്നും മുക്തരാവുന്നവരുടെ എണ്ണവും ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു. ഇതുവരെ അഞ്ചു ലക്ഷം പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഇരട്ടിപ്പ് 21 ദിവസമായി ഉയര്‍ന്നതായും 2.25 ശതമാനം മാത്രമാണ് രാജസ്ഥാനില്‍ കോവിഡ് മരണ നിരക്കെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.