
മാഹി: ചെറുകല്ലായിയിലെ കുന്നുംപുറത്ത് പി മഹറൂഫ് കോവിഡ് ബാധിതനായി പരിയാരം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടിട്ട് മാസങ്ങളായിട്ടും പുതുച്ചേരി സംസ്ഥാനത്തോ കേരള സംസ്ഥാനത്തോ രേഖപ്പെടുത്താത്തതിനെതിരെ പ്രതിഷേധം.
മഹറൂഫിന്റെ കുടുംബത്തോടുള്ള അവഗണനക്കെതിരെയും പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനക്കുമെതിരെയും മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാഹിയുടെ വിവിധ ഭാഗങ്ങളില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. തെലുങ്കാന സ്വദേശി തിരുവനന്തപുരത്ത് കോവിഡ് ബാധിതനായി മരണപ്പെട്ടപ്പോള്‍ കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേരള സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതനായി മരണപ്പെട്ട മാഹിയിലെ മഹ്റൂഫിന്റെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
മഹറൂഫിന് കോവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടി തൊണ്ടന്റവിട ആവശ്യപ്പെട്ടു.
മാഹിയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം മുസ്ലിം ലീഗ് പോണ്ടിച്ചേരി സംസ്ഥാന ട്രഷറര്‍ പി യൂസുഫ് ഉദ്ഘടനം ചെയ്തു. മഹ്റൂഫിന്റെ മകന് നദീം, സെക്രട്ടറി ഇകെ മുഹമ്മദലി, യൂത്ത് ലീഗ് പ്രസിഡന്റ് അന്‍സീര്‍ പള്ളിയത്, സെക്രട്ടറി ഷമീല്‍ കാസിം നേതൃത്വം നല്കി. കെഎംസിസി യുടെയും പോഷക സംഘടനയുടെയും നേതാക്കള്‍ വിവിധ ഭാഗങ്ങളില്‍ നേതൃത്വം നല്കി.