ദുബൈ: മദിരാശി പട്ടണത്തില്‍ താനൂര്‍ ഇസ്മായില്‍ സാഹിബ് നടത്തിവന്ന ഹോട്ടലില്‍ ജീവനക്കാരനായിരിക്കെയാണ് അവുലാമുക്ക എന്ന ബന്ധു മേക്കരപ്പാലക്കല് മുഹമ്മദ് മജീദിനെ ലുലു ഗ്രൂപ് മേധാവി എം.എ യൂസുഫലി സാഹിബിന്റെ നാട്ടികയിലുള്ള വീട്ടില്‍ കൊണ്ടു പോയത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം ജോലി നല്കാമെന്നേറ്റു. അങ്ങനെ, 1996ല്‍ അബുദാബി മുറൂറിലെ ലുലുവില്‍ ജീവനക്കാരനായി ആരംഭിച്ച പ്രവാസ ജീവിതത്തില്‍ നിന്ന് വിരമിച്ച് വലപ്പാട്ടെ വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് മജീദ്ക്ക ഇപ്പോള്‍.
പ്രവാസ ജീവിതം എന്തായിരുന്നുവെന്ന് ചോദിച്ചാല്‍ സര്‍വശക്തനായ ദൈവത്തിന് സര്‍വ സ്തുതിയും എന്ന് നീട്ടി മറുപടി പറയും മജീദ്. ഇത്തരമൊരു ജീവിതവും ജോലിയും ഒന്നും സ്വപ്നം കണ്ടിരുന്നതല്ല. പക്ഷെ, ദൈവ കാരുണ്യത്തിന്റെ പുസ്തകത്തില്‍ എനിക്കായി ഇതെല്ലാം രേഖപ്പെടുത്തി വെച്ചിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുവെന്നാണ് തത്ത്വചിന്താപരമായ മറുപടി.
ഏറെ പ്രയാസങ്ങളില്‍ നീങ്ങിയ ജീവിതത്തിലെ സന്തോഷങ്ങളും അനുഗ്രഹങ്ങളും നിറഞ്ഞ കാല് നൂറ്റാണ്ടാണ് മജീദ്ക്കയുടെ പ്രവാസ ജീവിതം. ജോലിയില്‍ പ്രവേശിച്ച് ഏറെ
നാള് കഴിയും മുന്‍പേ ഒന്നര മാസത്തിലേറെ അബുദബിയിലെ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ”ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസുഫലിയും അദ്ദേഹത്തിന്റെ പിതാവുമൊന്നിച്ചാണ് വെറുമൊരു ഷെല്‍ഫ് ബോയ് ആയിരുന്ന എന്നെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കാനെത്തിയത്. അസുഖത്തെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും ധൈര്യമായിരിക്കാനും പറഞ്ഞാണ് അവര്‍ മടങ്ങിയത്. ലുലു എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്റഫലി, മൂത്താപ്പ എന്ന് ഏവരും വിളിക്കുന്ന അബ്ദുല്ലക്കുട്ടി എന്നിവരും ആശുപത്രിയില്‍ സന്ദര്‍ശിച്ചും വിളിച്ചും ധൈര്യം പകര്‍ന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന ഒരു വലിയ കുടുംബത്തിലെ അംഗമാണ് ഞാനെന്ന ഉറപ്പാണ് ആ അസുഖ കാലം സമ്മാനിച്ചത്. പിന്നെ സുഖങ്ങളുടെയും സന്തോഷത്തിന്റെയും നാളുകളായി. വീടു വച്ചു. പെണ് മക്കളുടെ വിവാഹം കഴിഞ്ഞു. ദുബൈ കറാമയില്‍ ലുലു സൂപര്‍ മാര്‍ക്കറ്റ് തുറന്നപ്പോള്‍ അവിടേക്ക് മാറി. ഇപ്പോള്‍ അസി.മാനേജര്‍ ആയാണ് പടിയിറക്കം” -മജീദ്ക്ക പറഞ്ഞു.
ലുലുവിലെ തന്റെ എല്ലാ ഉയര്‍ച്ചക്കും പിന്നില്‍ ഗ്രൂപ് ഡയറക്ടറും യൂസുഫലി സാഹിബിന്റെ സഹോദരനുമായ എം.എ സലിം ഭായിയുടെ എല്ലാ സഹായവും പിന്തുണയും ലഭിച്ചിരുന്നതായി മജീദ്ക്ക എന്നും നന്ദിയോടെ സ്മരിക്കുന്നു.
ദുബൈയുടെ കുതിപ്പിനും ലുലുവിന്റെ മുന്നേറ്റങ്ങള്‍ക്കും നേര്‍സാക്ഷ്യം വഹിക്കാനും ഈ നാളുകള്‍ അവസരം നല്കി. ദുബൈ കെഎംസിസിയുടെ നാട്ടിക മണ്ഡലം പ്രവര്‍ത്തകനായ മജീദിന് ലോകം പകച്ചു നില്ക്കുന്ന പകര്‍ച്ചവ്യാധി കാലത്ത് കെഎംസിസി പ്രവര്‍ത്തകര്‍ നടത്തി വരുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ അടുത്തനുഭവിക്കാന്‍ കഴിഞ്ഞതിലും നിറ സംതൃപ്തി.
വിവിധ രാജ്യക്കാരായ ആയിരകണക്കിന് മനുഷ്യരുമായി പുഞ്ചിരിച്ചു കൊണ്ട് ഇടപഴകാന്‍ ഇക്കാലമത്രയും സാധിച്ചു. യുഎഇ ക്കും ലുലു ഗ്രൂപ്പിനും നിറഞ്ഞ കടപ്പാടും പ്രാര്‍ത്ഥനകളും അറിയിച്ചു കൊണ്ടാണ് മടക്കം.
ഭാര്യ: ബുഷ്റ. മക്കള്‍: നസീമ, നവാബ് (ലുലു അല്‍ ഐന്‍),
നാജിഹ, നൗഫല്‍. നാട്ടില്‍ ചെന്നിട്ട് എന്തു ചെയ്യണമെന്നതിനെ കുറിച്ചൊന്നും ഇതു വരെ ആലോചിച്ചിട്ടില്ല. നേരായ മാര്‍ഗത്തിലൂടെ ദൈവം വഴിനടത്തുമെന്ന പ്രതീക്ഷയില്‍ മടങ്ങുകയാണിപ്പോള്‍ -മനം നിറഞ്ഞ് മജീദ്ക്ക പറഞ്ഞു നിര്‍ത്തി.