മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ടീം അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും മടങ്ങാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കി

  135
  മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലെ ടീം അംഗത്തിന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദും ചേര്‍ന്ന് ബോര്‍ഡിംഗ് പാസ് നല്‍കുന്നു. യുഎഇയില്‍ നിന്ന് ജൂണ്‍ 4ന് പോയ ആദ്യ ഫ്‌ളൈറ്റില്‍ 171 പേരാണ് യാത്ര ചെയ്തത്

  അഞ്ഞൂറോളം വരുന്ന ടീം അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും തിരിച്ചെത്തിക്കാനുള്ള ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമായാണിത്.
  കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ പദ്ധതി

  ഷാര്‍ജ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചാര്‍ട്ടര്‍ ചെയ്ത എയര്‍ അറേബ്യ വിമാനത്തില്‍ യുഎഇയിലുള്ള തങ്ങളുടെ ടീമംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും ജൂണ്‍ 4ന് നാട്ടിലേക്ക് അയച്ചു. ഇത്തരത്തില്‍ നടന്ന ആദ്യ വിമാന സര്‍വീസില്‍, ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് 25 കുട്ടികളടക്കം 171 പേരാണുണ്ടായിരുന്നത്.
  ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഇന്ത്യയിലേക്ക് മടക്കിയയക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കുന്നതിന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മുന്‍കയ്യെടുത്തത് സന്തോഷകരമാണെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന നിരവധി ഇന്ത്യക്കാരുണ്ട്. തിരികെ പോകാനുള്ള വിമാനങ്ങളുടെ എണ്ണം ക്രമേണ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ അവരോട് ക്ഷമയോടെ കാത്തിരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പിന്തുടര്‍ന്ന് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതിന് ഷാര്‍ജ സര്‍ക്കാറിനെയും എയര്‍ അറേബ്യയെയും വിപുല്‍ അഭിനന്ദിച്ചു.
  ഇതുകൂടാതെ, യുഎഇയില്‍ നിന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 500 ടീം അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് തിരിച്ചയക്കാനായി ആറോളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ട്.


  ”പ്രയാസകരമായ ഈ സാഹചര്യത്തില്‍ ഞങ്ങളുടെ ടീം അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സ്വദേശത്തേക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്ര ഒരുക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന്റെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും ഒപ്പം സംയുക്ത പരിശ്രമവും മൂലമാണ് ഇത് സാധ്യമായത്. ഇത് സാധ്യമാക്കിയതിന് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയോട് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് നന്ദി അറിയിച്ചു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ കോവിഡ് 19ന്റെ പരിശോധനകള്‍ ഉള്‍പ്പടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയതിനും യാത്ര സാധ്യമാക്കിയതിനും പിന്നില്‍ ഷാര്‍ജ എയര്‍പോര്‍ട്ട് അഥോറിറ്റിയും എയര്‍ അറേബ്യയുടെ ജീവനക്കാരും നല്‍കിയ പിന്തുണ മൂലമാണെന്നും, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഇന്റര്‍നാഷണല്‍ ഓപറേഷനുകളുടെ നടത്തിപ്പിന്റെ ഭാഗമായും, ബിസിനസില്‍ നേരിടുന്ന തടസ്സങ്ങളുടെ ആഘാതം കുറക്കുന്നതിന്റെയും, അവ പങ്കാളികളെയും ജീവനക്കാരെയും ബാധിക്കാതിരിക്കാനുമായി 2020 മെയ് മാസത്തില്‍ ഒരു കോര്‍പപ്പറേറ്റ് സസ്റ്റനന്‍സ് പ്‌ളാന്‍ രൂപവത്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പെര്‍ഫോമന്‍സ് കുറഞ്ഞ സ്റ്റോറുകള്‍ അടക്കാനും, ഘട്ടം ഘട്ടമായി അവ പുനരാരംഭിക്കാനും സ്‌റ്റോറുകളിലെ കപ്പാസിറ്റി കുറക്കാനും ജീവനക്കാരുടെ എണ്ണം, ശമ്പളം എന്നിവ കുറക്കാനും തീരുമാനങ്ങളെടുത്തിട്ടുണ്ട്. സ്ഥാപനത്തിലെ എല്ലാ സ്റ്റേക്ക് ഹോള്‍ഡറുമാരെയും കൂടി കണക്കിലെടുത്താണ് ഈ തീരുമാനങ്ങളെടുത്തിട്ടുള്ളത്. കമ്പനിയുടെ ചെലവില്‍ ടീം അംഗങ്ങള്‍ക്ക് സുരക്ഷിതമായും വേഗത്തിലും സ്വദേശത്തേക്ക് പോകാനുള്ള സൗകര്യങ്ങള്‍ നല്‍കാനുള്ള തീരുമാനവും സസ്റ്റനന്‍സ് പ്‌ളാനിന്റെ ഭാഗമാണ്.
  പ്രായമായവര്‍, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, കുടുംബം ഒപ്പമുള്ള ടീം അംഗങ്ങള്‍, ജോലി നഷ്ടപ്പെട്ടവര്‍ അല്ലെങ്കില്‍ ദീര്‍ഘനാളത്തേക്ക് അവധി തെരഞ്ഞെടുത്തവര്‍ എന്നിവര്‍ക്കാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്” -മലബാര്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി അബ്ദുല്‍ സലാം പറഞ്ഞു.
  ഈ വര്‍ഷം ഇന്ത്യയിലുടനീളം 18 പുതിയ സ്റ്റോറുകള്‍ തുറക്കും. ഇന്റര്‍നാഷണല്‍ ഓപറേഷനില്‍ ജോലി നഷ്ടപ്പെട്ട ടീം അംഗങ്ങള്‍ക്ക് പുതിയ സ്റ്റോറുകളില്‍ ജോലിക്ക് മുന്‍ഗണനയുണ്ടായിരിക്കും.