മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള രണ്ട് പാലക്കാട് സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു
മലപ്പുറം: ജില്ലയില്‍ 12 പേര്‍ക്ക്കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവര്‍ക്കു പുറമെവിദേശരാജ്യങ്ങളില് നിന്നെത്തി മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള രണ്ട് പാലക്കാട്സ്വദേശികള്ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
എടപ്പാളില്‍ ഭിക്ഷാടനം നടത്തുന്ന സേലം സ്വദേശി 80 കാരന്, കുറ്റിപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂണ്‍ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശി 43 കാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. കുറ്റിപ്പുറംസ്വദേശിയെ റിമാന്റിനു മുമ്പായി നടത്തിയ വൈദ്യ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
മെയ് 26ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തുവ്വൂര്‍ ആമപ്പൊയില്‍ സ്വദേശിനി ഗര്‍ഭിണിയായ 30 വയസുകാരി, ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിജൂണ് ഒന്നിന് വീട്ടിലെത്തിയ മലപ്പുറം കോട്ടപ്പടി ഇത്തിള്‍പ്പറമ്പ് സ്വദേശി 43 കാരന്, നൈജീരിയയിലെ ലാവോസില്‍ നിന്ന് കൊച്ചി വഴി മെയ് 31ന് എത്തിയ പുലാമന്തോള്‍ കട്ടുപ്പാറസ്വദേശി 36 കാരന്, മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ മെയ് 27ന് കൊച്ചി വഴിയെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശി 25 കാരന്, ജിദ്ദയില്‍ നിന്ന് ജൂണ്‍ രണ്ടിന് കരിപ്പൂരിലെത്തിയ നിറമരുതൂര്‍ സ്വദേശി 44 കാരന്, മെയ് 20ന് ദുബായില്‍ നിന്ന് കൊച്ചി വഴിയെത്തിയ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 30 കാരന്, മുംബൈയില്‍ നിന്ന് മെയ് 26 ന് സ്വകാര്യ വാഹനത്തില്എത്തിയമംഗലംചേങ്ങര സ്വദേശി 65 വയസുകാരന്, പ്രത്യേക വിമാനത്തില്‍ ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്ന് ബാംഗ്ലൂര്‍ വഴിയെത്തിയ തിരൂര്‍ മേല്‍മുറി സ്വദേശി 20 കാരന്, ദുബായില്‍ നിന്ന് മെയ് 31 ന് കരിപ്പൂരിലെത്തിയ തിരൂര്‍ വെട്ടം സ്വദേശിനി 25 വയസുകാരി, ജൂണ്‍ ഒന്നിന് റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി നാട്ടിലെത്തിയ എ.ആര് നഗര്‍ കുന്നുംപുറം സ്വദേശി 35 കാരന് എന്നിവരാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇവരെ കൂടാതെ ജൂണ്‍ രണ്ടിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി 33 കാരനും ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ പാലക്കാട് കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി 29 കാരനും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. രോഗംസ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേകമുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കണ്ടെയിന്മെന്റ് സോണായി മഞ്ചേരി
സമൂഹ വ്യാപന ഭീതിയില്‍ ജനങ്ങള്‍
മഞ്ചേരി: ആശാ വര്ക്കറടക്കമുള്ള മൂന്ന് പേര്‍ക്ക് മഞ്ചേരിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപന ഭീതയില്‍ മഞ്ചരിയിലെ ജനങ്ങള്‍. മഞ്ചേരി ടൗണിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായ പന്തല്ലൂര്‍ അരിച്ചോല സ്വദേശിക്കും ചെരണിയില്‍ താമസിക്കുന്ന അതിഥി തൊഴിലാളി ആസാം സ്വദേശിക്കും, ആശാ വര്‍ക്കറായ വീമ്പൂര് സ്വദേശിക്കും കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് മഞ്ചേരി പൂര്‍ണമായും ലോക്ക് ഡൗണിലേക്ക് മാറിയത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഒട്ടേറെ പൊതു സ്ഥലങ്ങളില്‍ ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ട്.
ആശാവര്‍ക്കര്‍ സ്വകാര്യ ബസിലും യാത്ര ചെയ്തിട്ടുണ്ട്. ഇതോടെ സാമൂഹ്യ വ്യാപനമെന്ന ആശങ്കയിലാണ് മഞ്ചേരിയിലെ ജനങ്ങള്‍. അതേ സമയം കോവിഡ് സമൂഹ വ്യാപനം തടയാന്‍ നഗരസഭയിലെ ഏഴ് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെ മഞ്ചേരി നഗരം പൊലീസ് വലയത്തിലായി.
നഗരത്തിലേക്ക് പ്രവേശിക്കുന്ന നാല് റോഡുകളിലും ശക്തമായ നിരീക്ഷണമാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അടിയന്തര വൈദ്യ സഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചെരണി, നെല്ലിപ്പറമ്പ്, മംഗലശ്ശേരി, താണിപ്പാറ, കിഴക്കേത്തല, ടൗണ്‍ വാര്‍ഡ്, വീമ്പൂര് എന്നീ ഏഴ് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് ബാധയില്ലെന്ന് കലക്ടര്‍
മലപ്പുറം: ജില്ലയിലെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഇന്നലെ മരിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് ബാധ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ 50 ദിവസം പ്രായമായ ആണ്‍കുഞ്ഞ് പുളിക്കല്‍ സ്വദേശികളായ ദമ്പതികളുടെ രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരിലാണ് ചെത്തല്ലൂര്‍ സ്വദേശിനി പ്രസവിച്ചത്. ജന്മനാ ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിന് പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് അന്നുതന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ആരംഭിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ 1.30ന് കുട്ടി മരണത്തിനു കീഴടങ്ങി. ജൂണ്‍ നാലിനാണ് പുളിക്കല്‍ സ്വദേശിനിയെ പ്രസവ വേദനയോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുട്ടി ജനിക്കുമ്പോള്‍ ഹൃദയമിടിപ്പ് കുറവായതിനാലും കരയാത്തതിനാലും കൃത്രിമ ശ്വാസം നല്കി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് വെന്റിലേറ്റര്‍ നല്‍കിയെങ്കിലും നില വഷളാവുകയും ഇന്നലെ രാവിലെ മരിക്കുകയും ചെയ്തു. വിദേശത്ത് നിന്ന് മെയ് 29നാണ് ഇവര്‍ നാട്ടിലെത്തിയത്.