മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി 49 വയസുകാരന്‍ , ജൂണ്‍ 12 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി 34 വയസുകാരന്‍ , കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ 15 ന് തിരിച്ചെത്തിയ വഴിക്കടവ് പഞ്ചായത്തങ്ങാടി സ്വദേശി 48 വയസുകാരന്‍ , റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 10 ന് തിരിച്ചെത്തിയ മൂത്തേടം നമ്പൂരിപൊട്ടി കല്‍ക്കുളം സ്വദേശി 48 വയസുകാരന്‍ , ദോഹയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ അഞ്ചിന് തിരിച്ചെത്തിയ കുറ്റിപ്പുറം പാഴൂര്‍ പകരനെല്ലൂര്‍ സ്വദേശി 27 കാരന്‍ എന്നിവര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവര്‍.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഒരാള്‍ കൂടി രോഗമുക്തനായി
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ഐസോലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ രോഗമുക്തനായി. മെയ് 16 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി 51 വയസുകാരനാണ് രോഗം ഭേദമായത്.
ചികിത്സയിലുള്ളത് 230 പേര്‍
കോവിഡ് 19 സ്ഥിരീകരിച്ച് 230 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും നാല്് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഓരോ ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 341 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6,625 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 681 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
1,827 പേര്‍ കൂടി നിരീക്ഷണത്തില്‍
മലപ്പുറ: ജില്ലയില്‍ ഇന്നലെ 1,827 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 17,459 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 387 പേര്‍ വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 316 പേരും തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ നാല് പേരും നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആസ്പത്രിയില്‍ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 54 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 10 പേരുമാണ് ചികിത്സയിലുള്ളത്. 15,999 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,073 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.