മലപ്പുറം: സ്കൂള്‍ പാഠപുസ്തക വിതരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഡി.ഡി.ഇക്ക് നിവേദനം നല്കി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മാര്‍ച്ച് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചതാണ്. പക്ഷേ, മൂന്ന് മാസം കഴിഞ്ഞിട്ടും ജില്ലയില്‍ 30% മാത്രമേ വിതരണം നടന്നിട്ടുള്ളൂ. കോവിഡ് കാലമായത് കൊണ്ട് എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ വീട്ടിലേക്ക് എത്തിച്ചുത്തരുമെന്നുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പ്രഖ്യാപനത്തിലൊതുങ്ങുകയുമാണ്. അണ്‍എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ക്ക് മാനേജ്മെന്റുകള്‍ പണമടിച്ചിട്ടും ഇതുവരെ വിതരണം തുടങ്ങിയിട്ട് പോലുമില്ല. വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകം വിതരണം പൂര്‍ത്തിയാക്കാതെ രണ്ടാം ഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഇന്നലെ തുടക്കമിട്ടിരിക്കുകയാണ്. മുന്നൊരുക്കങ്ങളില്ലാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമ്പോഴും പാഠപുസ്തകങ്ങള്‍ യഥാസമയം ലഭിക്കാത്തത് വിദ്യാര്‍ഥികളെ ഏറെ പ്രയാസത്തിലാക്കുകയാണ്. പാഠപുസ്തക വിതരണത്തിലും ഓണ്‍ലൈന്‍ ക്ലാസ് സംവിധാനത്തിലും സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ എം.എസ്.എഫ് ശക്തമായ സമര പരിപാടികള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. അതിന്റെ ഭാഗമായി മലപ്പുറം ഡി.ഡി.ഇ ഓഫീസര്‍ക്കുള്ള നിവേദനം എം.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി കബീര്‍ മുതുപറമ്പ് കൈമാറി. ചടങ്ങില്‍ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എ വഹാബ്, കെ.എം ഇസ്മയില്‍, മലപ്പുറം മണ്ഡലം പ്രസിഡന്റ് സജീര്‍ കാളപ്പാടന്‍ പങ്കെടുത്തു.