
മലപ്പുറം: ഉള്‍വനത്തിലെ 30 ലധികം വിദ്യാര്‍ഥികളുടെ പഠനം മുടക്കി കെ.എസ്.ഇ.ബി. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സ്ഥാപിച്ച ടെലിവിഷനുള്ള വൈദ്യുതി വിച്ഛേദിച്ചാണ് കെ.എസ്.ഇ.ബി കാടിന്റെ മക്കളോട് ക്രൂരത കാണിച്ചത്. കോളനിയിലെ കുട്ടികള്‍ക്കെല്ലാവര്‍ക്കും പഠന സൗകര്യമൊരുക്കുന്നതിന് കല്‍ക്കുളം ഗിരിജന്‍ സൊസൈറ്റിയുടെ സ്റ്റോര്‍ റൂമിലാണ് ടെലിവിഷന്‍ സ്ഥാപിച്ചിരുന്നത്. ഇവിടെ വൈദ്യുതി കണക്്ഷനില്ലാത്തതിനാല് തൊട്ടടുത്ത വീട്ടില്‍ നിന്നും വൈദ്യുതി എത്തിക്കുകയാണ് ചെയ്തിരുന്നത്. വീട്ടില്‍ നിന്നുള്ള വൈദ്യുതി കണക്്ഷനില് സൊസൈറ്റിയില്‍ സ്ഥാപിച്ച ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ വ്യാഴാഴ്ച കെ.എസ്.ഇ.ബി വയറുള്പ്പടെ അറുത്തുമാറ്റി വൈദ്യുതി വിച്ഛേദിച്ചത്. ഇതോടെ കോളനിയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള ഏക പഠനസൗകര്യവും മുടങ്ങി.
ഒന്നാം ക്ലാസുമുതല്‍ ഡിഗ്രിക്ക് വരെ പഠിക്കുന്ന കുട്ടികളുണ്ട് കോളനിയില്‍. ഇവര്‍ക്ക് പഠനത്തിന് വേണ്ടി കല്‍ക്കുളം ഗിരിജന്‍ സൊസൈറ്റിയുടെ സ്റ്റോര്‍റൂമിലാണ് സന്നദ്ധ സംഘടനകള്‍ കഴിഞ്ഞ പത്താം തീയതി മുതല്‍ ടി.വി സ്ഥാപിച്ച് പഠന സൗകര്യം ഒരുക്കിയിരുന്നത്. നിലമ്പൂര്‍ ഐ.ജി.എം. എം.ആറിലെ ഒന്നാം ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ എങ്ങനെ പഠനം നടത്തുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. കഴിഞ്ഞ പ്രളയത്തില്‍ കോളനിയിലേക്കുള്ള പുഞ്ചക്കൊല്ലി പാലം തകര്‍ന്നിരുന്നു. മൂന്ന് മലകയറി രണ്ട് പുഴതാണ്ടി ആറ് കിലോമീറ്റര്‍ നടന്നുംവേണം കോളനിക്കാര്‍ക്ക് നാട്ടിലെത്താന്‍. പാലം തകര്‍ന്നതോടെ നീന്തിയും ചങ്ങാടത്തിലും ജീവന്‍പണയപ്പെടുത്തിയാണ് പുഴകടക്കുന്നത്. ഇത് തന്നെ ജോലി ആവശ്യത്തിനും ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിനും ചികിത്സാ ആവശ്യങ്ങള്‍ക്കും മാത്രമാണ്.