മലപ്പുറം മൊഞ്ചിന് 51

മലപ്പുറം നഗരത്തിന്റെ ആകാശച്ചിത്രം

മലപ്പുറം: അമ്പത്തി ഒന്നിന്റെ മൊഞ്ചിലേക്ക് കടക്കുമ്പോള്‍ അഭിമാനിക്കാനേറെയുണ്ട് മലപ്പുറത്തിന്. ഏവര്‍ക്കും അസൂയാവഹമായ നേട്ടമാണ് ജില്ല കൈവരിച്ചത്. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി ഒന്നാമനായിട്ടാണ് ജില്ലയുടെ നില്‍പ്പ്. മലപ്പുറത്തുനിന്നും തുടക്കമിട്ട പല പദ്ധതികളും ഇന്ന് മലപ്പുറം മാതൃകയായി പലയിടങ്ങളിലും നടപ്പിലാക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ, കലാ, കായിക രംഗങ്ങളില്‍ ജില്ല നടത്തിയ കുതിച്ചു ചാട്ടം ഏറെ പ്രശംസനീയമാണ്. മലപ്പുറമെന്നാല്‍ മറ്റുപലതുമാണെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് മുന്നില്‍ മാനവ സ്‌നേഹത്തിന്റെ വലിയ മാതൃകള്‍ കാണിച്ചിട്ടുണ്ട് മലപ്പുറം. മലപ്പുറത്തെ ആതിഥികളായെത്തി തനി മലപ്പുറത്തുകാരായി മാറിയ പലരേയും ഇവിടെ കാണാം. വലിയ ഉദ്യോഗം കിട്ടി മലപ്പുറത്തെത്തിയവര്‍ പലരും പിന്നെ ഇവിടന്ന് പോയില്ലെന്ന് പറയാം.
തരം കിട്ടുമ്പോഴെല്ലാം മലപ്പുറത്തിനെതിരെ വിദ്വേഷം പരത്തിയവരെല്ലാം സമൂഹത്തില്‍ ഒറ്റപ്പെട്ടു. മലപ്പുറത്തിന്റെ നന്മ പറയാന്‍ പലരും മത്സരിച്ചു. ഇതൊക്കയാണ് മലപ്പുറമെന്ന് പലരും വിളിച്ചുപറഞ്ഞു. മലപ്പുറത്തിന് എല്ലാത്തിനും അതിന്റേതായ മാതൃകയുണ്ട്. പരസ്പര സ്‌നേഹത്തിന്, കൂട്ടായ്മകള്‍ക്ക്, വികസന മാതൃകകള്‍ക്ക്, വിദ്യാഭ്യാസ മുന്നേറ്റത്തിന് അങ്ങനെ എല്ലാ തുറകളിലും ഇന്ന് ലോകത്തിന് എടുത്തുപറയാന്‍ ഒന്നുണ്ട് ‘മലപ്പുറം മോഡല്‍’. സഹ്യപര്‍വതനിരകളോട് മല്ലിട്ട് ജീവിതം കെട്ടിപ്പടുത്ത മലയോര കര്‍ഷകനും ഉയര്‍ന്നുപൊങ്ങിയ തിരമാലകളെ കീറിമുറിച്ച് ജീവിതം കരുപിടിപ്പിച്ച മുക്കുവന്മാരും കുടുംബത്തിനും നാടിനും വേണ്ടി മരുഭൂമണലാരണ്യത്തില്‍ സ്വപ്‌നങ്ങള്‍ ബലി നല്‍കിയ പ്രവാസികളുമെല്ലാം ഒന്നിച്ചുനേടിയതാണ് ഈ മഹാവിജയം.
അതിന് അവരെ പ്രാപ്തമാക്കിയതാവട്ടെ മലപ്പുറം ജില്ലാ രൂപീകരണവും പിന്നീടുണ്ടായ വിദ്യാഭ്യാസ-ആരോഗ്യ-അടിസ്ഥാന മേഖലകളിലെ പുരോഗതിയുമാണ്. ഏറനാടിന്റെയും വള്ളുവനാടിന്റെയും കുന്നുകളും മലകളും നിറഞ്ഞ അവികസിത മേഖലയുടെ പുരോഗതിക്കായി ഒരു ജില്ല വേണമെന്ന ആശയത്തിന് ബീജം നല്‍കുകയും നിലനില്‍പെന്ന സ്വപ്‌നവുമായി പിച്ചവെച്ചപ്പോള്‍ കൈപ്പിടിച്ചും എതിര്‍ത്തവര്‍ക്കുനേരെ പ്രതിരോധകോട്ട തീര്‍ത്തും മുസ്‌ലിംലീഗ് എന്ന പ്രസ്ഥാനം മലപ്പുറത്തിനൊപ്പം നടന്നപ്പോള്‍ നീലഗിരിയോളം തലയെടുപ്പോടെ ആത്മാഭിമാനമുയര്‍ത്തിപ്പിടിച്ചുനില്‍ക്കാന്‍, പുതിയ മാതൃക തീര്‍ക്കാന്‍ മലപ്പുറത്തിനായി.
3550 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മലപ്പുറം ജില്ലയില്‍ ഇന്ന് 46 ലക്ഷത്തിലധികമാണ് ജനസംഖ്യയുള്ളത്. ജനസംഖ്യയില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നില്‍നില്‍ക്കുന്ന ജില്ലയുടെ ഏറ്റവും വലിയ ആസ്തിയും ഈ മാനുഷിക വിഭവശേഷിയാണ്. എന്നാല്‍ ഈ വിഭവശേഷി സമ്പൂര്‍ണമായി ഉപയുക്തമാക്കാന്‍ ജനസംഖ്യാനുപാതികമായി അടിസ്ഥാന,വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കേണ്ടതുണ്ട്. പരിമിതികളെ ചവിട്ടുപടികളാക്കി മുന്നേറുന്ന മലപ്പുറത്തിന്റെ അരനൂറ്റാണ്ടിന് നേട്ടങ്ങളേറെയുണ്ടെങ്കിലും ജനസംഖ്യാനുപാതികമായി ഇനിയുമൊരുപാട് നേടിയെടുക്കേണ്ടതുണ്ട്.
ജില്ലയേക്കാളും പഴക്കമുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വേണ്ടത്ര പഠന സൗകര്യമില്ല എന്നത് പരിമിതിയാണ്. ജില്ലയില്‍ കൂടുതല്‍ കോളജും നിലവിലുള്ള കോളജുകളില്‍ പുതിയ ബാച്ചുകളും കൂടുതല്‍ സീറ്റുകളും അനുവദിക്കണം. ഹയര്‍സെക്കണ്ടറി രംഗത്തും സീറ്റുകളുടെ കുറവ് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തെ ബാധിക്കാറുണ്ട്. യു.ഡി.എഫ് ഭരണ കാലത്ത് ഇതിനായുള്ള നടപടികള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇടത് ഭരണത്തില്‍ ജില്ലയെ പാടെ അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് ഗവ. വനിത കോളജ് ആരംഭിച്ചതും ഓരോ മണ്ഡലങ്ങളിലും കോളജ് എന്ന യു.ഡി.എഫ് നയത്തിന്റെ ഭാഗമായി ജില്ലയിലെ കോളജില്ലാത്ത മണ്ഡലങ്ങളില്‍ കോളജുകള്‍ അനുവദിച്ചതും യു.ഡി.എഫ് സര്‍ക്കാറാണ്. എന്നാല്‍ ഈ കോളജുകള്‍ക്ക് വേണ്ട പിന്തുണ പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ നല്‍കിയില്ല. ഉന്നത വിദ്യാഭ്യാസത്തിന് മികവിന്റെ കേന്ദ്രങ്ങള്‍, പെരിന്തല്‍മണ്ണയിലുള്ള അലിഗഡ് കേന്ദ്രത്തില്‍ കൂടുതല്‍ കോഴ്‌സുകള്‍, സര്‍ക്കാര്‍ മേഖലയില്‍ ലോ കോളജ്, എഞ്ചിനീയറിങ് കോളജുകള്‍, കൂടുതല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളും ബാച്ചുകളുമെല്ലാം ജില്ലയുടെ ആവശ്യങ്ങളാണ്. നഷ്ടപ്പെട്ട ഇഫഌ കാമ്പസ് തിരിച്ചുകൊണ്ടുവരാന്‍ ഇടത് സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയില്ല. 2012ല്‍ തിരൂരില്‍ യു.ഡി.എഫ് ആരംഭിച്ച മലയാളം സര്‍വകാലശാലക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്ന കാര്യത്തിലും പിന്നീട് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാറിനായില്ല.
1969 ല്‍ ജില്ല രൂപീകരിക്കപ്പെടുമ്പോള്‍ 14 ഹൈസ്‌കൂളുകളും ഉന്നത വിദ്യാഭ്യാസത്തിന് മമ്പാട് കോളജും മാത്രമാണുണ്ടായിരുന്നതെങ്കിലും മഞ്ചേരി മെഡിക്കല്‍ കോളജ്, അലിഗഡ് ഓഫ് കാമ്പസ്, പത്ത് പോളിടെക്‌നിക്കുകളും ഏഴ് എഞ്ചിനീയറിങ് കോളജുകളും രണ്ട് ലോ കോളജും നാല് ഫാര്‍മസി കോളജുകളുമുണ്ട്. സര്‍ക്കാര്‍, സ്വകാര്യമേഖലകളിലായി 87 ഓളം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളും ഇന്ന് ജില്ലയിലുണ്ട്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറിയടക്കം 1500 ലധികം സ്‌കൂളുകളും പോയകാലത്തിന്റെ നേട്ടങ്ങളാണെങ്കില്‍ ഇനിയുള്ള കുതിപ്പിന് ജനസംഖ്യാനുപാതികമായി കൂടുതല്‍ സ്ഥാപനങ്ങളും കോഴ്‌സുകളും ജില്ലക്ക് കിട്ടിയേ തീരൂ.
കായിര രംഗത്ത് ഏറെ കുതിപ്പ് നേടിയ ജില്ലയില്‍ കായിക താരങ്ങള്‍ക്ക് പരിശീലിക്കാന്‍ മികച്ച സ്റ്റേഡിയങ്ങള്‍ പണിതതും യു.ഡി.എഫ് ഭാരണകാലത്താണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയയവും മഞ്ചേരി പയ്യനാട്ടെ സ്റ്റേഡിയവും ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഇനിയും മികച്ച സ്റ്റേഡിയങ്ങളും പരിശീലന കേന്ദ്രങ്ങളും ജില്ലക്ക് ആവശ്യമാണ്. ജില്ലയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വേണ്ടി കളിക്കുന്ന രണ്ട് താരങ്ങള്‍ ഉള്ളതും മലപ്പുറത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്. കൊണ്ടോട്ടിക്കാരന്‍ അനസ് എടത്തൊടികയും മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി ആഷിഖ് കുരുണിയനും നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുണ്ട്. ഇവരെല്ലാം മലപ്പുറം മികവിന്റെ ഉദാഹരണങ്ങളാണ്. ഇടത് ഭരണത്തില്‍ തുടര്‍ച്ചയായി നേരിടുന്ന അവഗണനയാണ് ജില്ലയുടെ വികസന തുടര്‍ച്ച നഷ്ടപ്പെടുത്തുന്നത്.