മലപ്പുറം: കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ മലപ്പുറം സംസ്ഥാനത്ത് മുന്നിലെത്തിയത് ആശങ്കയേറ്റുന്നു. 207 പേര്‍ക്കാണ് ഇതു വരെ വൈറസ് സ്ഥിരീകരിച്ചത്. കോവിഡിന്റെ ആരംഭഘട്ടത്തില്‍ വളരെ പിന്നിലായിരുന്ന മലപ്പുറമാണിപ്പോള് ബഹുദൂരം മുന്നിലെത്തിയിരിക്കുന്നത്.
ഇന്നലെ മൂന്നു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ വൈറസ് ബാധിതരുടെ എണ്ണം 207 ആയി. 13322 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 412 പേര് ആസ്പത്രികളില്‍ ഐസലോഷനിലും കഴിയുന്നു. ജനസംഖ്യയില്‍ മുന്നില്‍ നില്ക്കുന്ന ജില്ലയില്‍ രോഗികളുടെ വ്യാപനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് മുന്നേറുന്നത്. വിവിധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതിനകം രോഗം ബാധിച്ചതോടെ ജില്ലയിലെ വിവിധ ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ്. സമ്പര്‍ക്കം മൂലവും രോഗം വ്യാപിച്ചത് ആശങ്കയുടെ മുള്‍മുനയിലേക്കാണ് ജില്ലയെ എത്തിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നടപടികള്‍ പാളുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യവകുപ്പ് കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയിലാണ് മലപ്പുറമിപ്പോള്, മാര്‍ച്ച് 16ന് ആണ് ജില്ലയില്‍ ആദ്യമായി രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ ആഴ്ചയിലാണ് ജില്ലയില്‍ പക്ഷിപ്പനിയും റിപ്പോര്‍ട്ട് ചെയ്തത്. ഇരു രോഗഭീതിയില്‍ ജില്ല വലിയ ഭീതിയില്ലാതെ പോകുന്നതിനിടയിലാണ് മാര്‍ച്ച് അവസാന വാരം മുതല്‍ പതുക്കെ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന തുടങ്ങിയത്. കോവിഡ് രോഗം ജില്ലയില്‍ സ്ഥിരീകരിക്കുമ്പോള്‍ ആസ്പത്രികളില്‍ വെറും 21 പേരായിരുന്നു നിരീക്ഷണത്തില്‍. 1,017 പേരാണ് അന്ന് പ്രത്യേക നിരീക്ഷണത്തിലുണ്ടായിരുന്നത്. 996 പേര് വീടുകളില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗം ഭേദമായി ഒരു ഘട്ടത്തില്‍ മലപ്പുറം രോഗമുക്തജില്ലയായും മാറിയിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ നിന്നും ജൂണിലെത്തുമ്പോള്‍ നിരീക്ഷണത്തിലുള്ളവര്‍ പതിമൂവായിരം കടന്നിരിക്കുന്നു.
രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തിലെ വന്‍ വര്‍ധനവ് ഗൗരവതരമാണ്. കൂടുതല്‍ ജാഗ്രതകള്‍ പുലര്‍ത്തേണ്ടിയിരിക്കുന്നു. രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വര്‍ധനക്കിടയില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പൊതുഇടങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തണമന്ന നിര്‍ദേശവും ആശങ്കയേറ്റുന്നതായി ആക്ഷേപമുണ്ട്. സര്‍ക്കാറിന്റെ നിസ്സംഗതകളും ദ്രോഹനിലപാടുകളും രോഗവ്യാപനത്തിനിടയാക്കുന്നതായി ആരോപണമുണ്ട്. വിദേശത്തുനിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരോട് ഹോം ക്വാറന്റൈനില്‍ പോകണമെന്നാണ് നിര്‍ദേശം. നിരവധി പേരാണ് ഇതു മൂലം ആശങ്കയിലുള്ളത്. വീട്ടില്‍ സൗകര്യമില്ലെങ്കില്‍ മാത്രമാണ് മറ്റു ക്വാറന്റൈന് സൗകര്യമുള്ളത്. നിരവധി സ്ഥാപനങ്ങള്‍ വിട്ടു നല്കാന് തയാറായിട്ടും വേണ്ട രീതിയില്‍ നടപടിയെടുത്തിട്ടില്ല.