മലപ്പുറം: ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലും ഒരാള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലും ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
മഞ്ചേരിയിലെ സ്വകാര്യ ലാബ് ടെക്നീഷ്യന് മഞ്ചേരി വായ്പ്പാറപ്പടി സ്വദേശി 56 കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച ഇതേ ലാബിലെ ജീവനക്കാരന് ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശിയുമായാണ് ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 28 ന് വീട്ടിലെത്തിയ താനാളൂര്‍ പട്ടര്പ്പറമ്പ് സ്വദേശി 38 വയസുകാരന്, ഡല്‍ഹിയില്‍ നിന്ന് ബംഗളൂരു വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജൂണ്‍ 11 ന് തിരിച്ചെത്തിയ മഞ്ചേരി നറുകര സ്വദേശി 24 വയസുകാരന്, മെയ് ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി വീട്ടിലെത്തിയ മമ്പാട് പാന്തലിങ്ങല് സ്വദേശിനി ഗര്‍ഭിണിയായ 24 വയസുകാരി, റിയാദില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ 11 ന് നാട്ടിലെത്തിയ തിരുവാലി പുന്നപ്പാല സ്വദേശി 49 വയസുകാരന്, ജൂണ്‍ 13 ന് ജിദ്ദയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വെട്ടത്തൂര്‍ നിരന്നപറമ്പ് സ്വദേശി 28 വയസുകാരന് എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കോവിഡ് മുക്തരായ 14 പേര് വീടുകളിലേക്ക് മടങ്ങി
മലപ്പുറം: കോവിഡ് 19 ഭേദമായ 14 പേര് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗം ബാധിച്ച ഇവര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെയാണ് ആസ്പത്രി വിട്ടത്. ജൂണ്‍ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച തലക്കാട് പുല്ലൂര്‍ സ്വദേശി ഇസ്മയില്‍ (68), തിരൂരങ്ങാടി പണ്ടാരങ്ങാടി സ്വദേശി സെയ്തലവി (43), ജൂണ്‍ അഞ്ചിനു രോഗം സ്ഥിരീകരിച്ച ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശി സുലൈമാന്‍ (30), ജൂണ്‍ മൂന്നിന് രോഗബാധിതരായ പോരൂര്‍ ചാത്തങ്ങോട്ട്പുറം സ്വദേശി അനില്‍ കുമാര്‍ (35), ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി മുഹമ്മദ് റാഷിദ് (36), മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് ഷാഫി (38), പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി മൂസക്കുട്ടി (58), മാറഞ്ചേരി മാസ്റ്റര്‍പ്പടി സ്വദേശി വിപിന്‍ (20), ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച താഴേക്കാട് മാട്ടറക്കല്‍ സ്വദേശിനി ചൈത്ര (26), തൃക്കലങ്ങോട് എളങ്കൂര്‍ കുട്ടശ്ശേരി സ്വദേശി ജിഷാര്‍ (21), ജൂണ്‍ നാലിന് രോഗബാധിതരായ താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി ഹുസൈന് (60), വൈദ്യരങ്ങാടിയില്‍ താമസിക്കുന്ന എയര്‍ ഇന്ത്യ ജീവനക്കാരന് ബിനീഷ് (31), മെയ് 21ന് കോവിഡ് സ്ഥിരീകരിച്ച നന്നമ്പ്ര സ്വദേശി അബ്ദുല്‍ ലത്തീഫ് (45), മെയ് 26ന് രോഗം ബാധിച്ച പൊന്നാനി പുളിക്കല്‍കടവ് സ്വദേശിനി ഷബാന (25) എന്നിവരാണ് രോഗമുക്തരായത്.
പ്രത്യേക ആംബുലന്‍സുകളിലാണ് ആരോഗ്യ വകുപ്പ് ഇവരെ വീടുകളിലേക്ക് എത്തിച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പതിനാല് പേരും പൊതു സമ്പര്‍ക്കമില്ലാതെ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.