കാലവര്‍ഷവും പ്രളയവും മുന്നൊരുക്കം തുടങ്ങി

കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം

ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിച്ചു

മലപ്പുറം: കാലവര്‍ഷവും പ്രളയവും മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുവാനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത ഗ്രാമ-ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഫലപ്രദമായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് രണ്ട് ദിവസങ്ങളില്‍ രാവിലെയും ഉച്ചക്ക് വേഷവുമായി നാല് സെഷനുകളിലായാണ് യോഗം പുരോഗമിക്കുന്നത്. ഇന്നും രാവിലെയും ഉച്ചക്ക് ശേഷവും യോഗങ്ങള്‍ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 2019ലെ പ്രളയത്തില്‍ മണ്ണും മണലും മാലിന്യങ്ങളും അടിഞ്ഞുകൂടി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ അവ നീക്കം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട തദ്ദേശ ഭരണകൂടങ്ങള്‍ക്കെല്ലാം പ്രത്യേക അനുമതി കൊടുത്തിട്ടുണ്ടെന്നും ഇനിയും അത്തരം സ്ഥലങ്ങളുണ്ടെങ്കില്‍ അപേക്ഷ നല്‍കിയാല്‍ അനുമതി നല്‍കുമെന്നും എ.ഡി.എം എന്‍.എം മെഹ്‌റലി യോഗത്തില്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രകൃതിദുരന്ത സാധ്യതയും പ്രളയവും മുന്നില്‍ കണ്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓരോ പ്രദേശത്തും 4 പുനരധിവാസ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും തീരുമാനിച്ചു. എല്ലാവരെയും ഒരു കേന്ദ്രത്തില്‍ താമസിപ്പിക്കുന്നതിന് പകരം പ്രായത്തിന്റെയും രോഗത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പുനരധിവാസം നടത്തുവാനാണ് പരിപാടി.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗങ്ങളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിങ്കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, കെ.പി ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, മെമ്പര്‍ ടി.പി അഷ്‌റഫലി, ഡെപ്യൂട്ടി കലക്ടര്‍ പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എം റഷീദ്, പ്രീതി മേനോന്‍ (പ്രോജക്റ്റ് ഡയറക്ടര്‍ ദാരിദ്ര ലഘൂകരണം), പി. ജി വിജയകുമാര്‍ (ജോ. ഡയറക്ടര്‍ ഗ്രാമവികസനം) കെ.എസ് കുസുമം (ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസം) വി.കെ മുരളി (അസിസ്റ്റന്റ് ഡയറക്ടര്‍ പഞ്ചായത്ത്) രാഗേഷ് (ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍) ജലീല്‍ തോട്ടത്തില്‍ (ഡി.വൈ.എസ്.പി) പ്രസംഗിച്ചു.