മലപ്പുറം ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ് 19

12

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍
ചികിത്സയിലുള്ള തൃശൂര്‍ സ്വദേശിക്കും രോഗബാധ

മലപ്പുറം: ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ മുംബൈയില്‍ നിന്നും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനിലുള്ള ഒരു തൃശൂര്‍ സ്വദേശിക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശി 49 കാരന്‍, മെയ് 23 ന് മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ തൃശൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി 58 കാരന്‍, കുവൈത്തില്‍ നിന്ന് കൊച്ചി വഴി മെയ് 28 ന് ജില്ലയിലെത്തിയ ആനക്കയം വള്ളിക്കാപ്പറ്റ സ്വദേശിനി 44 വയസുകാരി, ദുബായില്‍ നിന്ന് മെയ് 27 ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ആലങ്കോട് ഒതല്ലൂര്‍ കീഴിക്കര സ്വദേശി 63 കാരന്‍, മെയ് 22 ന് അബുദബിയില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശി 32 കാരന്‍, ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ പരപ്പനങ്ങാടി ഉള്ളണം കരിങ്കല്ലത്താണി സ്വദേശി 33 കാരന്‍, ജൂണ്‍ മൂന്നിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ എടക്കര മില്ലുംപടി സ്വദേശി 34 കാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനിലുള്ള തൃശൂര്‍ ചിറക്കല്‍ സ്വദേശി 38 കാരനും രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ചികിത്സയിലുള്ളത് 177 പേര്‍
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് 177 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 239 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,637 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

713 പേര്‍ കൂടി നിരീക്ഷണത്തില്‍
മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്നലെ 713 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 12,567 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 324 പേര്‍ വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ 315 പേരും തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ ഏഴ് പേരുമാണ് ചികിത്സയിലുള്ളത്. 11,136 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,107 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

ഒരാള്‍ കൂടി രോഗമുക്തനായി
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ രോഗമുക്തനായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി 40 കാരനാണ് രോഗം ഭേദമായത്. ഇയാളെ ഐസൊലേഷന്‍ കേന്ദ്രത്തിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
മെയ് 26 ന് കുവൈത്തില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ഇയാളെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 29 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.