ദുബൈയിലെ മാളുകളും സ്വകാര്യ മേഖലാ സ്ഥാപനങ്ങളും ഇന്നു മുതല്‍ 100% പ്രവര്‍ത്തനക്ഷമതയില്‍

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദേശാനുസരണം ദുബൈ എമിറേറ്റിലെ ഷോപ്പിംഗ് മാളുകളും സ്വകാര്യ മേഖലാ ബിസിനസുകളും ഇന്ന് (ജൂണ്‍ 3 ബുധനാഴ്ച) മുതല്‍ 100 ശതമാനം പൂര്‍ണക്ഷമതയില്‍ പ്രവര്‍ത്തിക്കും. ദി സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി തലവന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമാണ് ഇക്കാര്യം അറിയിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കമ്പനികളുടെയും മാളുകളുടെയും പ്രവര്‍ത്തന സമയം പെതുസഞ്ചാര സമയത്ത് (രാവിലെ 6 മുതല്‍ രാത്രി 11 മണി വരെ) മാത്രമേ അനുവദിക്കുകയലുള്ളൂ. എന്നാല്‍, ഈ സമയത്തിനിടക്കുള്ള ഏത് സമയവും തങ്ങളുടെ പ്രവര്‍ത്തന സമയമായി ഷോപ്പിംഗ് മാളുകള്‍ക്ക് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്യമുണ്ടെന്നും കമ്മിറ്റി അറിയിച്ചു. എമിറേറ്റിലെ സാമ്പത്തിക പ്രവറത്തനങ്ങള്‍ ക്രമേണയായി പുനരാരംഭിക്കുക എന്ന തീരുമാനത്തിനനുസൃതമായാണിത്.
അതേസമയം, ഷോപ്പിംഗ് മാളുകളിലെയും കമ്പനികളിലെയും ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ഉപയോക്താക്കളുടെയും സുരക്ഷക്ക് പ്രാധാന്യം നല്‍കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിച്ചു കൊണ്ട് സ്വകാര്യ മേഖലക്ക് സാധാരണ പ്രവര്‍ത്തനങ്ങളിലെക്കെത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ഉപയോക്താക്കളുടെയും ശരീരോഷ്മാവ് സ്‌ക്രീനിംഗിന് വിധേയമാക്കണം. സംശയം തോന്നുന്ന കേസുകളില്‍ ഐസൊലേഷന്‍ റൂം സജ്ജീകരിക്കണം. മറ്റു നിബന്ധനകളും പാലിക്കണം.