നാട്ടുകാര്‍ക്ക് കൗതുകമായി മഞ്ഞത്തവളകള്‍

പൂക്കോട്ടൂര്‍ പള്ളിമുക്ക് വയലില്‍ കണ്ടെത്തിയ മഞ്ഞ നിറത്തിലുള്ള തവളകള്‍.

വള്ളുവമ്പ്രം: പൂക്കോട്ടൂര്‍ പള്ളിമുക്ക് വയലില്‍ അപൂര്‍വ നിറത്തിലുള്ള തവളകളെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് മഞ്ഞ നിറത്തിലുള്ള പ്രത്യേക തരം തവളകളെ കണ്ടെത്തിയത്. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി കുഴിച്ച കുഴിയില്‍ കെട്ടിനിന്ന വെള്ളത്തിലാണ് മഞ്ഞ നിറത്തിലുള്ള തവളകളെ കൂട്ടം കൂട്ടമായി കണ്ടെത്തിയത്.
പതിവായി ഇതുവഴി പ്രഭാത സവാരിക്കെത്തുന്ന പ്രദേശത്തുകാരനായ ആക്കല്‍ വീട്ടില്‍ മന്‍സൂറും സുഹൃത്തുക്കളുമാണ് ഈ ദൃശ്യം കണ്ടത്. പിന്നീട് ഒരു കൗതുകത്തിന് ഫോട്ടോഗ്രാഫര്‍ കൂടിയായ മന്‍സൂര്‍ തന്നെ ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത ചിത്രങ്ങള്‍ എടുക്കുകയും തന്റെ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ ആളുകള്‍ ഇവിടേക്ക് ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങി. തവളകള്‍ക്ക് ചിലപ്പോള്‍ അന്തരീക്ഷത്തിലെ ഊഷ്മാവിനും പ്രകാശത്തിനും ഈര്‍പ്പത്തിനും അനുസൃതമായി ചര്‍മത്തിന്റെ നിറം മാറാന്‍ കഴിവുണ്ടെന്നും ഇത്തരത്തില്‍ നിറഭേദം വരുത്തി ഇണകളെ ആകര്‍ഷിക്കുന്നതിനും തവളകള്‍ ശരീരത്തില്‍ മാറ്റം വരുത്താറുണ്ടെന്നും പറയപ്പെടുന്നു.
ഏതായാലും മഴക്കാലത്ത് കാണുന്ന ഒരു അപൂര്‍വ ഇനം കാഴ്ചയാണിത്. നിരവധി പേര്‍ ഈ കാഴ്ച കാണാനെത്തി. ഒലീവ് പച്ച കളറില്‍ നിന്ന് മഞ്ഞ നിറത്തിലേക്ക് മാറുകയാണ് ഇവ ചെയ്യുന്നത്. ഇത്തരം തവളകളെ ഇന്ത്യന്‍ ബുള്‍ ഫ്രോഗ് എന്നും അറിയപ്പെടുന്നു. അതിരാവിലെയുള്ള ഈ കാഴ്ചക്ക് ശേഷം ഏറെ വൈകിയും നിരവധി പേര്‍ സ്ഥലത്ത് എത്തിയങ്കിലും തവളകള്‍ ചാടി മറഞ്ഞിരുന്നു.