മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ കോവിഡ് ഇതര ചികിത്സ നിര്‍ത്തലാക്കിയ നടപടി സര്‍ക്കാര്‍ തെറ്റ് തിരുത്തണം: കെ.പി.എ മജീദ്

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് 19 ഇതര ചികിത്സ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് മഞ്ചേരി മണ്ഡലം കമ്മിറ്റി നടത്തിയ മെഡിക്കല്‍ കോളജ് മാര്‍ച്ച് കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി: കോവിഡ് 19 ചികിത്സാ കേന്ദ്രമാക്കിയതിന്റെ മറവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കോവിഡ് ഇതര ചികിത്സ നിര്‍ത്തലാക്കിയ നടപടിയില്‍ തെറ്റ് തിരുത്തണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. കോവിഡ് ഇതര ഒ.പി അടിയന്തിരമായി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി നിയോജക മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അത്യാസന്ന നിലയിലുള്ള രോഗികളുടെ ഏക ആശ്രയമാണ് മെഡിക്കല്‍ കോളജ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന കിഡ്‌നി രോഗികള്‍, കാന്‍സര്‍ രോഗികള്‍, മറ്റു സര്‍ജറി കഴിഞ്ഞവര്‍ എല്ലാവരും വലിയ ദുരിതത്തിലാണ്. അവര്‍ക്ക് കൃത്യമായി ചികിത്സ ലഭിക്കുന്നില്ല.
കോവിഡ് വ്യാപനത്തിന്റെ പേരില്‍ ജില്ലയിലെ പ്രധാന ആസ്പത്രിയുടെ ചികിത്സ തന്നെ ഒരു സുപ്രഭാതത്തില്‍ നിര്‍ത്തലാക്കിയത് അംഗീകരിക്കാനാവില്ല. കോവിഡ് കാലത്ത് ഇത്തരത്തില്‍ പ്രതിഷേധം നടത്തേണ്ടിവന്നത് സര്‍ക്കാറിന്റെ പിടിപ്പ് കേടും, ജനദ്രോഹവും മൂലമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണം. ക്രൂരവും, മനുഷ്യത്വ രഹിതവുമായ സമീപനമാണ് ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ ദുരിതം മനസ്സിലാക്കി കോവിഡ് 19 ചികിത്സക്ക് മറ്റു ക്രമീകരണങ്ങള്‍ കണ്ടെത്തുകയും, മറ്റു ചികിത്സാ വിഭാഗങ്ങള്‍ അടിയന്തരമായി തുടങ്ങുകയും വേണമെന്നും കെ.പി.എ മജീദ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാവിലെ 10 മണിയോടെ മഞ്ചേരി മുസ്‌ലിംലീഗ് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മലപ്പുറം റോഡില്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ പൊലീസ് തടഞ്ഞു. മുസ്‌ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, കണ്ണിയന്‍ അബൂബക്കര്‍, അഡ്വ. എം റഹ്്മത്തുല്ല, അഡ്വ.പി.അബൂസിദ്ദീഖ്, അന്‍വര്‍ മുള്ളമ്പാറ, എം.അഹമ്മദ് നാണി, സി. കുഞ്ഞാപ്പുട്ടി ഹാജി,സി.കെ ബഷീര്‍, കെ.പി ഉമ്മര്‍, പൂക്കോയ തങ്ങള്‍,എന്‍.കെ ഹംസ, കെ.ഉസ്മാന്‍ മാസ്റ്റര്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ് പ്രസംഗിച്ചു.
സജറുദ്ദീന്‍ മൊയ്തു, ഷൈജല്‍ ആമയൂര്‍, ഇ.ടി. മോയിന്‍ കുട്ടി, എ.പി മജീദ് മാസ്റ്റര്‍, ടി.എം നാസര്‍, എന്‍. പി മുഹമ്മദ്, വി. ഹംസ, സി.ടി. ഇബ്രാഹീം, സി.ബാബു മാര്‍ച്ചിന് നേതൃത്വം നല്‍കി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കോവിഡ് ചികിത്സാ കേന്ദ്രമാക്കിയതിനെ തുടരന്ന് മറ്റു ഒ.പികളെല്ലാം മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിര്‍ത്തലാക്കിയത്. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ഒഴികെ മറ്റുള്ളവരെയെല്ലാം മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ആസ്പത്രികളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ ഇവിടെ ചികിത്സയിലുണ്ടായിരുന്ന ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവരെല്ലാം ദുരിതത്തിലായി. എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളോട് ആലോചിക്കാതെയായിരുന്നു ആരോഗ്യ വകുപ്പ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇതിനെതിരെ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ മൂന്ന് തവണ കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് മുസ്‌ലിംലീഗ് പ്രത്യക്ഷ സമരത്തിനിറങ്ങിയത്. കോവിഡ് ചികിത്സക്കായി ജില്ലയിലെ സ്വകാര്യ-സര്‍ക്കാര്‍ മേഖലകളിലെ മറ്റു ആസ്പത്രികള്‍ കൂടി ഒരുക്കണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ശ്രമം നടത്താതെ മഞ്ചേരിയില്‍ തന്നെ എല്ലാവരെയും ചികിത്സിക്കുകയും മറ്റു ചികിത്സ നിര്‍ത്തലാക്കുകയും ചെയ്തതോടെ രോഗികള്‍ ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുകയാണ്. ഇക്കാര്യത്തില്‍ അനുകൂല നടപടിയില്ലെങ്കില്‍ സമരം ശക്തിപ്പെടുത്താനാണ് മുസ്‌ലിംലീഗ് തീരുമാനം.