മണ്ണാര്‍ക്കാട്: 2018-19 വര്‍ഷങ്ങളിലെ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് കേരള പുനര്‍ നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലവും വീടും വാങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ പുരോഗമിക്കുന്നു. കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ, കരടിയോട് മേഖലയില്‍ 40 ആദിവാസി കുടുംബങ്ങള്‍ക്കും, നാലു ജനറല്‍ വിഭാഗങ്ങള്‍ക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ഇവര്‍ക്ക് ഈ മേഖലയില്‍ത്തന്നെ ഭൂമി കണ്ടെത്തിയിട്ടുണ്ട്. നടപടികള്‍ ത്വരിതപ്പെടുത്താനും ഈ മാസം 30ന് മുമ്പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിക്കാനും അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഗുണഭോക്തക്കളുടെ പ്രതിനിധികളും എസ്.ടി പ്രൊമോട്ടര്‍മാരും യോഗത്തില്‍ സംബന്ധിച്ചു. ഏറ്റെടുക്കുന്നതിനു വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട ഭൂമി ഗുണഭോക്തക്കളോട് ചെന്ന് പരിശോധിക്കാന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അലനല്ലൂര്‍ പഞ്ചായത്തിലെ ഉപ്പുകുളം മേഖലയിലും കാലവര്‍ഷത്തില്‍ ഭൂമി നഷ്ടപ്പെട്ടവരുടെ യോഗം ചേര്‍ന്നു. 19 എസ്.ടി കുടുംബങ്ങള്‍ക്കാണ് ഈ മേഖലയില്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്. അവര്‍ക്ക് വേണ്ടി അവര്‍ തന്നെ കണ്ടെത്തിയ ഭൂമിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാനും നിയമാനുസൃതം രജിസ്‌ട്രേഷന്‍ നടപടികള്‍ മുമ്പോട്ടു കൊണ്ടു പോകാനും യോഗം തീരുമാനിച്ചു. ഇതിന്റെ രജിസ്‌ട്രേഷനും അടിയന്തിരമായി പൂര്‍ത്തിയാക്കുവാന്‍ യോഗത്തില്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. ഇരു യോഗങ്ങളിലും എം.എല്‍.എക്കു പുറമെ തഹസില്‍ദാര്‍ ബാബുരാജ്, പി.ഒ അജിത്, വില്ലേജ് ഓഫീസര്‍ ഉദയന്‍, ജനപ്രതിനിധികളായ പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍, ഇ.കെ രജി, റഷീദ് ആലായന്‍, മെഹര്‍ബാന്‍ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.