ലണ്ടന്‍: ചില താരങ്ങള്‍ തലവേദനയാണ്. ക്ലബിനും പരിശീലകനും സഹതാരങ്ങള്‍ക്കുമെല്ലാം. തലവേദനയുണ്ടാക്കുന്ന താരങ്ങളുടെ പട്ടിക നോക്കിയാല്‍ ആദ്യം കാണുന്ന പേരാണ് മരിയോ ബലട്ടലി. ഇറ്റാലിയന്‍ ദേശീയ ടീമില്‍ കളിച്ച നല്ല മുന്‍നിരക്കാരനാണ് 29 കാരന്. പക്ഷേ അച്ചടക്കവും അനുസരണയുമില്ലാത്തത് കാരണം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ലിവര്‍പൂളില്‍ നിന്നുമെല്ലം അദ്ദേഹം പുറത്തായിരുന്നു. ഒടുവില്‍ സ്വന്തം പട്ടണത്തില്‍ തിരികെയെത്തി ഇറ്റാലിയന്‍ സിരിയ എ ക്ലബായ ബെര്സിക്കയില് അംഗമായി. പക്ഷേ ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വാര്‍ത്ത ബെര്സിക്കയും താരത്തെ കൈവിട്ടു എന്നാണ്. ഇന്നലെ അദ്ദേഹം പരിശീലന മൈതാനത്തേക്ക് വന്നപ്പോല് ഗേറ്റ് പോലും തുറന്ന് കൊടുത്തില്ല. അങ്ങനെ തലയും താഴ്ത്തി താരത്തിന് മടങ്ങേണ്ടി വന്നു. കോവിഡ് കാലത്ത് ശക്തമായ ആരോഗ്യ പ്രോട്ടോക്കാള്‍ പാലിക്കാന്‍ എല്ലാ താരങ്ങള്‍ക്കും ക്ലബ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പുറത്ത് പോവരുതെന്ന നിര്‍ദ്ദേശവും നല്കി. എന്നാല്‍ ഇതൊന്നും പാലിക്കാന്‍ ബലട്ടലി തയ്യാറായില്ല. ക്വാറന്റൈന് പാലിക്കാത്ത താരത്തോട് ക്ലബ് വിശദീകരണം തേടിയപ്പോള്‍ അതിനും മറുപടിയില്ല. അങ്ങനെ അച്ചടക്കമെല്ലാം കാറ്റില്‍പ്പറത്തിയ താരം ദിവസങ്ങള്‍ക്ക് മുമ്പ് പരിശീലനം ആരംഭിച്ചപ്പോള്‍ ക്ലബിന് ഒരു കത്ത് നല്കി. തനിക്ക് വയറുവേദനയാണ്, അല്‍പ്പദിവസം കഴിഞ്ഞ് മാത്രമേ പരിശീലനത്തിന് എത്താനാവു എന്നായിരുന്നു കത്തിലെ സാരം. ഇതിന് ക്ലബ് മറുപടിയൊന്നും നല്‍കിയില്ല. പരിശീലനത്തിന് വരുമ്പോള്‍ കോവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റുമായി വരാനായിരുന്നു എല്ലാ താരങ്ങള്‍ക്കും നിര്‍ദ്ദേശം. ഇത് പാലിക്കാനും ബലട്ടലി തയ്യാറായില്ല. ഇന്നലെ അദ്ദേഹം പരിശീലനത്തിന് എത്തിയത് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമില്ലാതെയാണ്. ഇതോടെയാണ് അദ്ദേഹത്തെ തിരികെ അയച്ചത്. കോവിഡ് തകര്‍ത്ത രാജ്യമാണ് ഇറ്റലി. പ്രത്യേകിച്ച് വടക്കന്‍ ഇറ്റലി. ഈ ഭാഗത്തെ ലോംബാര്‍ഡി എന്ന പ്രവിശ്യയിലാണ് ബെര്സിക്കയുടെ ആസ്ഥാനം. അതിനാല്‍ തന്നെ കര്‍ക്കശ വ്യവസ്ഥകളിലാണ് ഇവിടെ ക്ലബുകള്‍ പരിശീലനം തന്നെ നടത്തുന്നത്. ബലട്ടലിയുടെ പെരുമാറ്റത്തില്‍ എല്ലാവരും ക്ഷുഭിതരാണ്. ക്ലബ് തലവന്‍ മാസിമോ സെലീനോക്ക് താരത്തോട് ഒരു താല്‍പ്പര്യവുമില്ല. മൂന്ന് വര്‍ഷത്തെ കരാറില്‍ മാര്‍സലിയില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ബെര്സിക്ക ബെലട്ടലിയെ കരാര്‍ ചെയ്തിരുന്നത്. എന്നാല്‍ കാര്‍ റദ്ദാക്കുമെന്നും താരത്തോട് താല്‍പ്പര്യമില്ലെന്നും കഴിഞ്ഞ ദിവസം ക്ലബ് ഉടമയെ അടിസ്ഥാനപ്പെടുത്തി ചില ഇറ്റാലിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 20 നാണ് മല്‍സരങ്ങള്‍ പുനരാരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ക്ലബുകളെല്ലാം പരിശീലനം സജീവമാക്കിയിട്ടുണ്ട്.