കണ്ണൂര്‍: ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച്ച പ്രാര്‍ത്ഥന അനുവദിക്കുമ്പോള്‍ നഗരങ്ങളിലെ പ്രധാന പള്ളികള്‍ തുറക്കാന്‍ സാധ്യതയില്ല. ജില്ലയിലെ പ്രധാന ടൗണുകളില്‍ യാത്രക്കാര്‍ ഏറെയെത്തുന്ന പള്ളികളില്‍ ചിലത് തുറക്കുന്നില്ലെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്.
കണ്ണൂര്‍ നഗരത്തിലെ ഒരു പള്ളിയും തലശ്ശേരിയിലെ നാലു പള്ളികളും തളിപ്പറമ്പ് ബസ് സ്റ്റാന്റിലെ പള്ളിയും ആദ്യഘട്ടത്തില്‍ ആരാധനയ്ക്ക് തുറന്ന് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. മറ്റുപള്ളികമ്മിറ്റി ഭാരവാഹികളുടെ യോഗം ഇന്ന് നടക്കുന്നുണ്ട്. എന്നാല്‍ ഗ്രാമങ്ങളിലെയും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലെയും പള്ളികള്‍ തുറക്കും. തലശ്ശേരി മുബാറക് മസ്ജിദ്, ജൂബിലി റോഡിലെ കാന്തലാട്ട് മസ്ജിദ്, തലശ്ശേരി സൈദാര്‍ പള്ളി, കണ്ണൂര്‍ കാല്‍ടെക്സിലെ അബ്റാര്‍ മസ്ജിദ്, തളിപ്പറമ്പ ബസ് സ്റ്റാന്റിലെ ഹൈദ്രോസ് മസ്ജിദ്, ചാലാട് ജുമാമസ്ജിദ്, അലവില്‍ ജുമാമസ്ജിദ്, പുതിയതെരു ഹുദാ സെന്റര്‍ എന്നിവയാണ് ഉടനെ തുറക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ മറ്റു പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ തമ്മില്‍ ആശയ വിനിമയം നടത്തുകയാണ്. കണ്ണൂര്‍ സലഫി മസ്ജിദ്, കണ്ണൂര്‍ കാമ്പസാര്‍ മസ്ജിദ്, യൂണിറ്റി മസ്ജിദ് തുടങ്ങിയ പള്ളികളുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. നഗരങ്ങളിലെ പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് വിവിധ മത സംഘടന നേതാക്കള്‍ തമ്മില്‍ ആശയ വിനിമയം തുടരുകയാണ്.
അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി തളിപ്പറമ്പ് നഗരസഭാ പരിധിയിലെ മഹല്ല് പ്രസിഡന്റ്-സെക്രട്ടറിമാരുടെ യോഗം ഇന്ന് നാല് മണിക്ക് നഗരസഭാ ഹാളില്‍ നടക്കുമെന്ന് ചെയര്മാന് മഹമൂദ് അള്ളാംകുളം അറിയിച്ചു.
നഗരങ്ങളിലെ പള്ളികളില്‍ യാത്രക്കാര്‍ ഏറെ എത്തുന്നതിനാല്‍ തിരിച്ചറിയാന്‍ സംവിധാനമോ സാമൂഹ്യ അകലമോ പാലിക്കാന്‍ ആവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പലയിടത്തും ആരാധനക്ക് തുറന്നു നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. എന്നാല്‍ ഗ്രാമങ്ങളില്‍ തുറക്കുന്ന പള്ളികളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ പ്രതിരോധ മുന്‍കരുതലും സ്വീകരിക്കാന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റീജിയണല്‍ അഡ്മിനിസ്ട്രേറ്റര്‍ അമന് ശര്‍മ്മ വിളിച്ചുചേര്‍ത്ത മാഹിയിലെ ആരാധനാലയങ്ങളുടെ ഭാരവാഹികളുടേയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ മാഹിയിലും നിയന്ത്രണങ്ങളോടെ പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ മാഹി മുണ്ടോക്ക് ഇസ്ലാഹി സെന്ററിലും റെയില്‍വേ സ്റ്റേഷന് റോഡിലുള്ള ദഅ്വാ സെന്ററിലും കൂട്ട ആരാധന കര്‍മ്മങ്ങള്‍ ഉണ്ടാവില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാഹിയിലെ മുഴുവന്‍ പള്ളി ഭാരവാഹികളുടെ യോഗം ഇന്ന് രാവിലെ പത്തുമണിക്ക് ചേരുമെന്ന് മഹല്ല് ജമാഅത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.