മെട്രോ: കണ്‍മറഞ്ഞത് ഉത്തര മലബാറിന്റെ മതേതരമുഖം -യുഎഇ കെഎംസിസി

ഷാര്‍ജ: മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായ പ്രിയപ്പെട്ട മെട്രോ മുഹമ്മദ് ഹാജി നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുന്നു. ഉത്തര മലബാറിലെ മതേതരത്വത്തിന്റെ മുഖമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്നും അദ്ദേഹത്തിന്റെ വേര്‍പാട് കേരള-പ്രവാസ ഇടങ്ങളിലെ വ്യത്യസ്ത മണ്ഡലങ്ങളില്‍ നികത്താനാവാത്ത നഷ്ടമാണെന്നും യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ പ്രത്യേകിച്ചും മതസൗഹാര്‍ദത്തിന് വിലപ്പെട്ട സംഭാവനകളാണ് മെട്രോ മുഹമ്മദ് ഹാജി അര്‍പ്പിച്ചത്. നിറചിരിയോടു കൂടി എല്ലാവരെയും എപ്പോഴും സൗമ്യമായി സ്വീകരിക്കാറുണ്ടായിരുന്ന മുഹമ്മദ് ഹാജിയുടെ വിയോഗം അതിനാല്‍ തന്നെ ഏവരിലും വലിയ സങ്കടവും ദു:ഖവും നിറച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി നിസാര്‍ തളങ്കര, ട്രഷറര്‍ അബ്ദുല്ല ഫാറൂഖി, സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം, മറ്റു ഭാരവാഹികളായ എം.പി.എം റഷീദ്, അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി, സൂപ്പി പാതിരിപ്പറ്റ, പി.കെ.എ കരീം എന്നിവര്‍ അഭിപ്രായപ്പെട്ടു.