
കോഴിക്കോട്: മുസ്്ലിംലീഗ് നേതാവും ചന്ദ്രിക ഡയറക്ടറും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ അനുശോചിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന കോഴിക്കോട് മൈത്ര ആസ്പത്രിയില്‍ ഇന്നലെ രാവിലെ മരണപ്പെട്ട അദ്ദേഹത്തിന്റെ മയ്യിത്ത് മെഡിക്കല്‍ കോളജിന് സമീപത്തെ എം.എസ്.എസ് കേന്ദ്രത്തിലെത്തിച്ച് കുളിപ്പിച്ച ശേഷം സ്വദേശമായ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടു പോകുംമുമ്പ് കോഴിക്കോട് സി.എച്ച് സെന്ററിലെത്തിച്ചാണ് ആദ്യ മയ്യിത്ത് നമസ്കരിച്ചത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി, മുസ്്ലിംയൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് ഷാജു, എം.എസ്.എസ് പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ്, മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.സി അബൂബക്കര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, മിസ്്ഹബ് കീഴരിയൂര്‍, എം.പി നവാസ്, നാസര്‍ ഫൈസി കൂടത്തായി, കുട്ടിഹസന് ദാരിമി, എം.കെ ഹംസ, ഇബ്രാഹീം എളേറ്റില്‍, പി.എം.എ സമീര്‍, കെ.പി കോയ തുടങ്ങിയവര്‍ പങ്കെടുത്തു.
പാര്‍ട്ടിക്ക് കനത്ത നഷ്ടം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഏവരേയും ചേര്‍ത്തുപിടിക്കുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗം മുസ്ലിംലീഗ് പാര്‍ട്ടിക്കും സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം സംസ്ഥാന നേതൃത്വത്തില്‍വരെ എത്തിയ മുഹമ്മദ് ഹാജി കേരളത്തില്‍ മാത്രമല്ല പുറത്തും വിദേശത്തും മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മുസ്ലിംലീഗ് നേതാക്കന്മാരുമായെല്ലാം അടുത്തബന്ധമുണ്ടായിരുന്ന മെട്രോ മുഹമ്മദ് ഹാജിയെ നേതാക്കളെല്ലാം അതിരറ്റു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. മുഹമ്മദലി ശിഹാബ് തങ്ങളും ഇന്ന് ഹൈദരലി ശിഹാബ് തങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ഉറ്റ മിത്രങ്ങളായിരുന്നു. മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ്. ദീനി രംഗത്തും മഹല്ല് രംഗത്തും സജീവമായിരുന്ന അദ്ദേഹം സമസ്തയുടെയും പോഷക സംഘടനകളുടെയുമെല്ലാം ഉറ്റ തോഴനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം എല്ലാവര്ക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തെ സമീപിച്ചാല്‍ തീരാത്ത പ്രശ്നങ്ങളില്ല എന്ന് തന്നെ പറയാം. ആര്‍ക്കും എപ്പോഴും എന്തിനും സമീപിക്കാന്‍ കഴിയുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജനനന്മയുള്ള കാര്യങ്ങള്‍ക്കെല്ലാം അദ്ദേഹമായിരുന്നു അത്താണി. സാമ്പത്തികമായി സഹായിക്കാനും മറ്റുമെല്ലാം മുന്നില്‍ തന്നെ ഉണ്ടാകും. അദ്ദേഹത്തിന്റെ സംഘാടക മികവും എടുത്തുപറയേണ്ടതാണ്. മുസ്ലിംലീഗ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും മെട്രോ മുഹമ്മദ് ഹാജിയുടെ സഹായം ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്തതാണ്. മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളിലും പൊതു പ്രവര്‍ത്തനങ്ങളിലും ബിസിനസ് രംഗത്തുമെല്ലാം നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് ഏവരേയും ദുഃഖത്തിലാഴ്ത്തി അദ്ദേഹത്തിന്റെ മരണവാര്ത്തയെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അസുഖവിവരങ്ങള്‍ ആദ്യം നേരിട്ടും പിന്നീട് ബന്ധുമിത്രാദികളോടും നിരന്തരം അന്വേഷിച്ചിരുന്നു. മെട്രോ മുഹമ്മദ് ഹാജി ഇനി നമ്മോടൊപ്പമില്ല എന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജത്തിലെല്ലാം മെട്രോ മുഹമ്മദ് ഹാജിയുടെ ഇടപെടല്‍ കാണാനാകും. അദ്ദേഹത്തിന്റെ വിയോഗം മുസ്ലിംലീഗ് പാര്‍ട്ടിക്കും സമുദായത്തിനും നാടിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നല്ല മനസ്സിന്റെ ഉടമെയെന്ന് ഏവരാലും പറയുന്ന വ്യക്തിത്വം. ശുദ്ധ മനുഷ്യനായിരുന്നു അദ്ദേഹമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി അനുസ്മരിച്ചു.
നന്മകളുടെ പര്യായം: ഇ.ടി
കോഴിക്കോട്: മെട്രോ മുഹമ്മദ്ഹാജി എല്ലാ നന്മകളും ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നുവെന്ന് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അനുശോചിച്ചു. വേഷവിധാനം പോലെതന്നെ ധവളിമയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. മുസ്്ലിംലീഗ് പ്രസ്ഥാനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഓടിനടന്ന് സേവനം ചെയ്യുകയും സാമ്പത്തികമായും ശാരീരികമായും സഹായം ചെയ്യുകയും ചെയ്ത വലിയ മനുഷ്യനായിരുന്നു . മതപരമായ കാര്യങ്ങളിലും അദ്ദേഹം വളരെ സജീവമായി ഇടപെടുകയും എല്ലാ പ്രസ്ഥാനങ്ങള്‍ക്കും തന്നെ കൊണ്ട് കഴിയുന്ന രീതിയില്‍ സഹായങ്ങള്‍ എത്തിക്കാനും അദ്ദേഹം പരിശ്രമിച്ചു.തിരുവനന്തപുരം സി.എച്ച് സെന്ററിനെ പോലുള്ള സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം നല്കിയ സഹായങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ചന്ദ്രികയെ നെഞ്ചോട് ചേര്‍ത്തുവെക്കുകയും അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു.
ലാളിത്യ പ്രതീകം. പി.വി അബ്ദുല്‍ വഹാബ്
മലപ്പുറം: ലാളിത്യംകൊണ്ടും സൗമത്യകൊണ്ടും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയും ഹൃദയ കവര്‍ന്ന മനുഷ്യസ്നേഹിയാണ് വിടപറഞ്ഞ മെട്രോ മുഹമ്മദ് ഹാജിയെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. നിഷ്കളങ്കമായ പെരുമാറ്റവും നിസ്വാര്‍ത്ഥ സേവനവുമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയുടെ മുഖമുദ്ര. മുസ്ലിംലീഗ് പ്രസ്ഥാനത്തിനും ചന്ദ്രികക്കും അദ്ദേഹം നല്കിയ സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. കാസര്‍കോടിന്റെ മത, രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം വിടവാങ്ങിയത് വലിയ നഷ്ടമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പ്രത്യേകം തല്പരനായിരുന്നു.
നിസ്വാര്‍ത്ഥ സേവന മാതൃക: സാദിഖലി തങ്ങള്‍
മലപ്പുറം: മെട്രോ മുഹമ്മദ് ഹാജി നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയായിരുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. മലബാറിലെ മത, രാഷ്ട്രീയ, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിറഞ്ഞു നിന്നു. ഏത് പ്രതിസന്ധികളെയും പുഞ്ചിരിയോടെ നേരിടാന്‍ അദ്ദേഹത്തിനാവുമായിരുന്നു. സമുദായ സേവനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വേണ്ടി ഒരായുഷ്കാലമത്രയും സമര്‍പ്പിച്ചു. വേദനിക്കുന്നവര്‍ക്കിടയില്‍ അവര്‍ക്കൊപ്പം അവരുടേതായി നിലകൊള്ളാന്‍ കണ്ണീരൊപ്പാനും അദ്ദേഹം സധാ ജാഗ്രത പാലിച്ചു. ആയിരക്കണക്കിന് പാവപ്പെട്ടവര്‍ അദ്ദേഹത്തിന്റെ തലോടലിലും തണലിലും ജീവിതം കരുപിടിപ്പിച്ചു.
ജനസേവകന്: കെ.പി.എ മജീദ്
കോഴിക്കോട്: മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തോടെ നിസ്വാര്‍ത്ഥനായ ജനസേവകനെയാണ് നഷ്ടമായതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നിഷ്കളങ്കമായ പുഞ്ചിരിയോടെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ശ്രവിക്കുകയും പരിഹാരം കാണുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. മുസ്ലിംലീഗ് പ്രസ്ഥാനത്തിനും ചന്ദ്രികക്കും അദ്ദേഹത്തിന്റെ നഷ്ടം നികത്താനാവാത്തതാണ്. ബോംബെയിലും യു.എ.ഇയിലും ബിസിനസ്സുകാരനായി ജീവിക്കുമ്പോഴും സാമൂഹ്യ സേവനം അദ്ദേഹം ജീവിതത്തിന്റെ ഭാഗമാക്കി. ബോംബെയില്‍ കേരള വെല്‍ഫയര്‍ ലീഗിന്റെയും കേരള മുസ്ലിം ജമാഅത്തിന്റെയും ഭാരവാഹിയായിരുന്നു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ജീവകാരുണ്യ മേഖലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതായിരുന്നു. സത്യസന്ധതയും നിഷ്കളങ്കതയും ഒത്തുചേര്‍ന്ന നിസ്വാര്‍ത്ഥ സേവകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നഷ്ടമായതെന്നും കെ.പി.എ മജീദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മാതൃകാ വ്യക്തിത്വം: എം.കെ മുനീര്‍
കോഴിക്കോട്: രാഷ്ട്രീയം കാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിച്ച വ്യക്തിത്വമായിരുന്നു മെട്രോ മുഹമ്മദ് ഹാജി മാതൃകയായിരുന്ന വ്യക്തിത്വമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. ഒരേ സമയം വ്യവസായിയും, ജനസേവകനുമായിരുന്നു അദ്ദേഹം. ജനസേവനം ചര്യയാക്കിയ വ്യക്തിത്വം. എല്ലാ പദവിയേക്കാളും മുകളില്‍ അദ്ദേഹം ജനസേവനത്തെ ഇഷ്ടപ്പെട്ടു. മുസ്ലിംലീഗുമായും സമസ്തയുമായും അദ്ദേഹം ചേര്‍ന്നു പ്രവര്‍ത്തിച്ചു. ചന്ദ്രിക ഡയരക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലും മത, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യം എന്ന നിലയിലും അദ്ദേഹവുമായി അടുത്തിട പഴകിയപ്പോള്‍ പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായതായും മുനീര്‍ അനുസ്മരിച്ചു.
സേവനം എന്നര്‍ത്ഥം: സമദാനി
‘മെട്രോ’ എന്ന ഇംഗ്ലീഷ് വാക്കിന് വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായ അര്‍ത്ഥ കല്പനകളാണ് ഭാഷയില്‍ പ്രയോഗത്തിലുള്ളത്. എന്നാല്‍ മലയാളികള്‍ക്ക് വിശേഷിച്ചും ഉത്തര കേരളത്തിലെ സഹോദരങ്ങള്‍ക്ക് അതിന് ഒറ്റ അര്‍ത്ഥമേയുള്ളൂ.. എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്, ഏറെ സൗമ്യന്‍, പരോപകാരിയും ഉദാരമതിയുമായ വലിയൊരു സാമൂഹിക സേവകന്. അത് ഏവര്‍ക്കും സ്നേഹനിധിയായിരുന്ന മെട്രോ മുഹമ്മദ് ഹാജിയല്ലാതെ മറ്റാരുമല്ല.മുഹമ്മദ് ഹാജി സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ, മത, സാമുദായിക, സാംസ്കാരിക, ധാര്‍മ്മിക, വിദ്യാഭ്യാസ മണ്ഡലങ്ങളിലെല്ലാം നിസ്വാര്‍ത്ഥമായ സേവനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചു. നാട്ടിലെ വിശേഷിച്ചും കാഞ്ഞങ്ങാട് കാസര്‍ഗോഡ് ഭാഗത്തെ ജീവകാരുണ്യ കേന്ദ്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയുമെല്ലാം പിറകില്‍ അദ്ദേഹത്തിന്റെ ശക്തമായ പങ്കാളിത്തമുണ്ടായിരുന്നു-സമദാനി അനുസ്മരിച്ചു.