മുസ്ലിംലീഗ് നേതാവും ചന്ദ്രിക ഡയറക്ടറും പ്രമുഖ വ്യവസായിയുമായിരുന്നു
കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് നേതാവും ചന്ദ്രിക ഡയറക്ടറും എസ്.വൈ.എസ് സംസ്ഥാന ട്രഷററും പ്രമുഖ വ്യവസായിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റുമായ മെട്രോ മുഹമ്മദ് ഹാജി (70) നിര്യാതനായി. ഇന്നലെ ഉച്ചക്ക് 12.30ഓടെ കോഴിക്കോട് മൈത്ര ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മെയ് പത്തിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് എം.വി.ആറിലും തുടര്‍ന്ന് മൈത്ര ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ച് ആരോഗ്യനില ഏതാനും ദിവസങ്ങളായി അതീവ ഗുരുതരവസ്ഥയിലായിരുന്നു.
സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സ്നേഹ നിലാവ് ചൊരിഞ്ഞ നാടിന്റെ നന്മവിളക്കായിരുന്നു മെട്രോ മുഹമ്മദ് ഹാജി. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, എസ്വൈഎസ് സംസ്ഥാന ട്രഷറര്‍, നോര്‍ത്ത് ചിത്താരി ജമാഅത്ത് പ്രസിഡന്റ്, പെരിയ അംബേദ്ക്കര്‍ എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന്, നോര്‍ത്ത് ചിത്താരി മുസ്ലിം ലീഗ് പ്രസിഡന്റ്, ന്യുനപക്ഷ വിദ്യഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍, മദ്രസ മാനേജ് മെന്റ് അസോസിയേഷന് മുന്‍ ജില്ലാ ട്രഷറര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, എം.ഐ.സി മാനേജ് മെന്റ് കമ്മിറ്റി അംഗം, ചിത്താരി അസീസിയ അറബിക് കോളേജ് ചെയര്മാന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, റൈഫിള്‍ അസോസിയേഷന് മുന്‍ ട്രഷറര്‍, ചിത്താരി അസീസിയ ഇംഗ്ലീഷ് സ്കൂള്‍ ചെയര്മാന്, ചിത്താരി ഹസീന ക്ലബ്ബ് രക്ഷാധികാരി, മുംബൈ വെല്‍ഫയര്‍ ലീഗ്, മുംബൈ മുസ്ലിം ജമാഅത്ത് തുടങ്ങിവയുടെ പ്രസിഡന്റ്, കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന, ക്രസന്റ് സ്കൂള്‍ എന്നിവയുടെ മാനേജ് മെന്റ് കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
നാലു പതിറ്റാണ്ടുകാലമായി രാഷ്ട്രീയ സാമുഹിക ജീവ കാരുണ്യ മേഖലയില്‍ നിറ സാന്നിധ്യമാണ്. അടിയുറച്ച മുസ്ലിം ലീഗുകാരനും സമസ്ത പ്രവര്‍ത്തകനുമായി കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ പൊതു ജീവിതമാണ് മെട്രോ നയിച്ചത്. കാഞ്ഞങ്ങാട് നവരംഗ് ലോഡ്ജിനരികില്‍ മലഞ്ചരക്ക് വ്യാപാരം തുടങ്ങിയ മെട്രോ പിന്നീട് യു.എ.ഇ , മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയിടങ്ങളില്‍ വ്യാപാരം വളര്‍ത്തുകയായിരുന്നു. ഏറെ കാലം യു.എ.ഇയില്‍ മെട്രോ ഇലക്ട്രോണിക്സ് എന്ന പേരിലുള്ള വ്യാപാര സ്ഥാപനം നടത്തിയ അദ്ദേഹം കെഎംസിസി, ചന്ദ്രിക റിഡേഴ്സ് ഫോറം എന്നിവയുമായി ബന്ധപെട്ട് പ്രവര്‍ത്തിച്ച്് ഗള്‍ഫ് ജീവിതവും പൊതു പ്രവര്‍ത്തനത്തിനായി മാറ്റി വെച്ചു.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്ന നിലയില്‍ നിര്‍ദ്ദനരായ യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്കുന്ന ശിഹാബ് തങ്ങള്‍ മംഗല്യ പദ്ധതി, നിരവധി നിര്‍ധനര്‍ക്ക് വീട് വെച്ച് നല്കിയ ഭൂദാന പദ്ധതിയടക്കം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. 2015ല്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ ഐതിഹാസിക 40-ാം വാര്‍ഷിക സമ്മേളനം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തി. ഒരോ വര്‍ഷവും സംയുക്ത ജമാഅത്ത് നടത്തുന്ന നബിദിന സമ്മേളനങ്ങളില്‍ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന രൂപത്തില്‍ സമ്മേളനങ്ങള്‍ നടത്താന്‍ അദ്ദേഹം ചുക്കാന്‍ പിടിച്ചു. സുന്നി പ്രസ്ഥാനങ്ങളുടെ സംസ്ഥാനത്തെ മികച്ച സംഘാടകനായിരുന്നു മെട്രോ, എസ്വൈഎസ് അറുപതാം വാര്‍ഷിക സമ്മേളനം ചെര്‍ക്കളയില്‍ നടന്നപ്പോള്‍ അതിന്റെ മുഖ്യ സംഘാടകന്റെ റോള്‍ മെട്രോക്കായിരുന്നു. എക്കാലത്തും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പോലെ മതേതരത്വവും കാഞ്ഞങ്ങാട്ടെ സാമുദായിക ഐക്യവും കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഉത്തര മലബാറിലെ നിരവധി കളിയാട്ട മഹോത്സവങ്ങള്‍ക്ക് അദ്ദേഹം സഹായ സഹകരണങ്ങള്‍ നല്‍കിയിരുന്നു. 1974-ല്‍ വലിയ പറമ്പില്‍ നടന്ന മുസ്ിം ലീഗ് സമ്മേളനത്തിനായി തോണിയില്‍ പോകുമ്പോള്‍ മറിഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി നിലനില്ക്കുന്നു. അന്ന് ജീവിതം തിരികെ കിട്ടിയാണ് മെട്രൊ മുഹമ്മദ് ഹാജിയെന്ന മഹത് വ്യക്തിയുടെ രാഷ്ട്രീയ പൊതു ജീവിതം പിന്നീട് സംഭവബഹുലമാകുന്നത്. കുവൈത്ത്കെഎംസിസിയുടെ ഇ അഹമ്മദ് അവാര്‍ഡ്, ന്യുനപക്ഷ വിദ്യഭ്യാസ സമിതിയുടെ മികച്ച വിദ്യഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരുമായും കൊടപ്പനയ്ക്കല്‍ തറവാടുമായും വലിയ ആത്മ ബന്ധം പുലര്‍ത്തിയിരുന്നു. പേജാര്‍ മഠാധിപതിയടക്കമുള്ള മറ്റ് ആത്മീയ നേതാക്കളോടും അദ്ദേഹത്തിന് ആത്മ ബന്ധമുണ്ടായിരുന്നു. ചന്ദ്രിക ഡയരക്ടര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സഹായ ഹസ്തങ്ങള്‍ തന്നു. ചന്ദ്രിക മുംബൈ എഡിഷന് തുടങ്ങാനും 2015-ല്‍ കാഞ്ഞങ്ങാട് ബ്യുറോ ഓഫീസ് തുടങ്ങാനും ചന്ദ്രിക കണ്ണൂര്‍ യൂണിറ്റ് നവീകരണത്തിനടക്കം മെട്രോ ഹാജിയുടെ സഹായ ഹസ്തങ്ങളുണ്ടായിരുന്നു. ചിത്താരിയിലെ പരേതരായ പുതിയ വളപ്പില്‍ കുഞ്ഞാമുവിന്റെയും മുനിയംകോട് സൈനബടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: മുജീബ്, ജലീല്‍, ഷമീം, ഖലീല്‍, കബീര്‍, സുഹൈല, ജുസൈല. മരുമക്കള്‍: ഫസലുറഹ്മാന് തായല്‍ മാണിക്കോത്ത്, റൈഹാന കല്ലിങ്കാല്‍, നിഷാന തോയമ്മല്‍, ശലീമ ഹദ്ദാദ്, അസൂറ പള്ളിപ്പുഴ, റൈഹാന എരിയാല്‍. സഹോദരങ്ങള്‍: അബ്ദുല്ല, ആയിശ.