സൗമ്യതയിലൂടെ സര്‍വ സമ്മതി നേടിയ മെട്രോ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

33
കണ്ണൂരില്‍ ചന്ദ്രികാ വസന്തം പരിപാടിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും മൊമന്റോ സ്വീകരിക്കുന്ന മെട്രോ മുഹമ്മദ് ഹാജി (ഫയല്‍)

സൗമ്യനായി ജീവിച്ചുകൊണ്ട് സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞ അതുല്യവ്യക്തിത്വമായിരുന്നു ഇന്നലെ വിടപറഞ്ഞ മെട്രോ മുഹമ്മദ് ഹാജി. സ്വപരിശ്രമത്താല്‍ വിപുലമായ വ്യാപാര വ്യവസായ മേഖല പടുത്തുയര്‍ത്തിയിട്ടും തന്റെ ചുറ്റിലുമുള്ളവരുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റിയും അവരുടെ സങ്കടങ്ങളോട് ചേര്‍ന്ന് നിന്നും സഞ്ചരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരമലബാറിലെ രാഷ്ട്രീയ, മത, സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന മുഹമ്മദ് ഹാജിയുടെ കര്‍മമണ്ഡലം സാധുജനസേവനവും ജീവകാരുണ്യ പ്രവര്‍ത്തനവുമായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി മത ധര്‍മ സ്ഥാപനങ്ങള്‍ക്ക് മെട്രോ മുഹമ്മദ് ഹാജിയുടെ സഹായവും പിന്‍ബലവുമുണ്ടായിരുന്നു. കക്ഷി മതഭേദങ്ങള്‍ക്കതീതമായി വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച മെട്രോയുടെ സുഹൃത്വലയം സാധാരണക്കാരും പണ്ഡിതന്മാരും പൊതുപ്രവര്‍ത്തകരും ഇടകലര്‍ന്നതായിരുന്നു. ഏതു പ്രതിസന്ധിയിലും മായാത്ത പുഞ്ചിരിയുമായി പ്രത്യക്ഷപ്പെട്ടിരുന്ന മെട്രോയുടെ സാമീപ്യം തന്നെ ആളുകള്‍ക്ക് ആശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ കുലീനമായ പെരുമാറ്റവും ആതിഥ്യമര്യാദയും ഏറെ പ്രശംസനീയമായിരുന്നു. കാഞ്ഞങ്ങാട് മേഖലയില്‍ എത്തുന്ന പണ്ഡിതന്മാര്‍ക്കും സംഘടനാ നേതാക്കന്മാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെല്ലാം മെട്രോയുടെ വസതി ഒരു സങ്കേതമായിരുന്നു. യു.എ.ഇ ഉള്‍പ്പടെ വിദേശത്തും സ്വദേശത്തുമായി പരന്നുകിടക്കുന്ന തന്റെ വ്യാപാര വ്യവസായ മേഖലയില്‍ ശ്രദ്ധിക്കുന്നതിനേക്കാള്‍ ജാഗ്രതയോടെ സമൂഹത്തിനും സമുദായത്തിനും വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതമുടനീളം പുലര്‍ത്തിയ ലാളിത്യവും വിനയവും അദ്ദേഹത്തിന്റെ ശുഭ്രവസ്ത്രധാരണം പോലെ നിറഞ്ഞു നില്‍ക്കുന്ന സത്യസന്ധതയും ആത്മാര്‍ത്ഥതയും ഔദാര്യശീലവും പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. സംഭാഷണത്തില്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ പോലും അതീവ സൂക്ഷ്മതയും മിതത്വവും പാലിച്ച മെട്രോ, പുണ്യപുരുഷന്മാരുടെ ജീവിതരീതികളെ പിന്തുടരാനാഗ്രഹിച്ചിരുന്ന വ്യക്തിത്വമാണ്.
ഒരേസമയം വിവിധ മേഖലകളില്‍ വിജയം വരിക്കുകകയും ബന്ധപ്പെടുന്നിടങ്ങളിലെല്ലാം സര്‍വ സമ്മതി നേടുകയും ചെയ്തു അദ്ദേഹം. മെട്രോ മുഹമ്മദാജിയുടെ സംഭാവന ഏത് രംഗത്താണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് തെരഞ്ഞെടുക്കാന്‍ പ്രയാസമാണ്. വിദ്യാഭ്യാസ രാഷ്ട്രീയ മതസംഘടനാ രംഗങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ബിസിനസ് രംഗത്തുമെല്ലാം ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ചു. സഹായം തേടിയെത്തുന്നവരെ മാത്രമല്ല അര്‍ഹരായവരെ കണ്ടെത്തി എത്തിച്ചു കൊടുക്കുന്നതിലും അദ്ദേഹം ശുഷ്‌കാന്തിപുലര്‍ത്തി.
മലബാറില്‍ മുസ്്ലിംലീഗിന്റെ ആവിര്‍ഭാവകാലം തൊട്ടേ സംഘടനാ പ്രവര്‍ത്തനം സജീവമായ കാഞ്ഞങ്ങാടിന്റെ ഉള്‍ഭാഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതില്‍ മെട്രോ മുഹമ്മദ് ഹാജി അളവറ്റ സഹായങ്ങള്‍ ചെയ്തു. മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരിക്കുമ്പോഴും ദീര്‍ഘകാലമായി വഹിച്ചു പോരുന്ന നോര്‍ത്ത് ചിത്താരി ശാഖ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റ് പദവി ഒരു അഭിമാനമായി അദ്ദേഹം കണ്ടു. താഴേതട്ടിലുള്ള മുസ്്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് എന്നും ആശ്രയവും പിന്‍ബലവുമായി അദ്ദേഹം കൂടെ നിന്നു. സുന്നി യുവജന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കരുത്തുറ്റ പിന്‍ബലമേകിയിരുന്ന സംസ്ഥാന ട്രഷററും 73 മഹല്ലു ജമാഅത്തുകള്‍ ഉള്‍ക്കൊള്ളുന്ന കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ പ്രസിഡന്റുമാണ് അദ്ദേഹം. സംയുക്ത ജമാഅത്തിന്റെ പ്രവര്‍ത്തനം ശാസ്ത്രീയമായി സംഘടിപ്പിക്കുന്നതില്‍ മെട്രോ നേതൃത്വം നല്‍കി. മറ്റു ജമാഅത്തുകള്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കി. നിര്‍ധന യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കുന്ന ശിഹാബ് തങ്ങള്‍ മംഗല്യപദ്ധതി, പാവങ്ങള്‍ക്ക് വീടു നല്‍കുന്ന ഭൂദാന പദ്ധതി എന്നിവ ഇവയില്‍ ചിലതുമാത്രം. ഏത് യോഗമായാലും കൃത്യസമയത്ത് പങ്കെടുത്ത് ആ യോഗത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകളും ആശയങ്ങളും അവതരിപ്പിക്കുമായിരുന്നു. മത സാമുദായികവും രാഷ്ട്രീയവുമായ സംഘര്‍ഷങ്ങള്‍ കടന്നുവരാതെ നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ഹൃദയ ബന്ധം കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
പ്രവാസ ജീവിതത്തില്‍ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെയും കെ.എം.സി.സിയുടെയും സംഘാടകന്‍ എന്ന നിലയിലും മികച്ച സംഭാവനകള്‍ അര്‍പിച്ചു. ചെറുപ്പം മുതലേ ചന്ദ്രികയുടെ വളര്‍ച്ചക്കും പ്രചാരണത്തിനുമായി ഏറെ പ്രവര്‍ത്തനങ്ങള്‍ ചെയ്ത മെട്രോ മുഹമ്മദ് ഹാജി ചന്ദ്രികയുടെ ഡയറക്ടറുമായിരുന്നു. കാഞ്ഞങ്ങാട്ടെ സര്‍വജനസമ്മതനായ നേതാവായിരുന്നു മെട്രോ. ഉത്തരമലബാറിലെ പ്രധാനപ്പെട്ട ഹൈന്ദവ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ മഹോത്സവ കമ്മിറ്റികളുടെ മുഖ്യരക്ഷാധികാരിയായി മെട്രോ മുഹമ്മദ് ഹാജിയാണ് തെരഞ്ഞെടുക്കപ്പെടാറ്. കാഞ്ഞങ്ങാട് എല്ലാ വര്‍ഷവും നടത്താറുള്ള സംയുക്ത ജമാഅത്തിന്റെ നബിദിന സമ്മേളനങ്ങള്‍ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമാകുംവിധം സംഘടിപ്പിക്കുന്നതിലും മെട്രോയുടെ സംഘാടനവൈഭവമുണ്ട്. ചെര്‍ക്കളയില്‍ നടന്ന എസ്വൈഎസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ മുഖ്യസംഘാടകനായും മെട്രോ തന്റെ സംഘാടന മികവ് തെളിയിച്ചു.
മെട്രോയുടെ വിയോഗം വ്യക്തിപരമായി വളരെയടുത്ത സുഹൃത്തിന്റെ നഷ്ടമാണ്. നാലുപതിറ്റാണ്ടിലേറെ കാലമായുള്ള സൗഹൃദ്ബന്ധമായിരുന്നു അത്. മണ്‍മറഞ്ഞ സഹോദരന്മാരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരോടെല്ലാം വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.
നാട്ടിലും വിദേശയാത്രകളിലും അദ്ദേഹത്തിന്റെ ആതിഥ്യവും സ്നേഹവും അനുഭവിക്കാന്‍ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. ഒരുമിച്ച് യാത്രചെയ്യുമ്പോഴേറെയും പാവപ്പെട്ട ജനങ്ങളനുഭവിക്കുന്ന പ്രയാസങ്ങളെകുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചുമാണ് അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നത്. മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗം മലബാറിലെ മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെല്ലാം കനത്ത നഷ്ടമാണ്. മാതൃകായോഗ്യനും സമുദായസ്നേഹിയുമായ ഒരു പൊതുപ്രവര്‍ത്തകനെയാണ് നാടിന് നഷ്ടമായിരിക്കുന്നത്.