ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ സന്ദര്‍ശനം നടത്തി

പിഎല്‍എസി ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ക്ക് പാനീയങ്ങള്‍ വിതരണം ചെയ്യുന്നു
പിഎല്‍എസി ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍

ദുബൈ: യുഎഇയില്‍ മൂന്നു മാസത്തെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലികള്‍ക്ക് ഉച്ച 12.30 മുതല്‍ വൈകുന്നേരം മൂന്നു മണി വരെ വിലക്കുണ്ടാകും. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള കാലയളവിലാണ് രാജ്യത്ത് ഉച്ച വിശ്രമ നിയമം നടപ്പാക്കുക. അതിനിടയില്‍ നിയമത്തിന്റെ ഭാഗമായി ദുബൈ തൊഴില്‍ സ്ഥിരം സമിതി (പിഎല്‍എസി) ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ദുബൈയില്‍ നിയമം പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം. തൊഴിലാളികള്‍ക്ക് വിവിധ പാനീയങ്ങളും തണുത്ത വെള്ളവും സമിതി വിതരണം ചെയ്യുകയും ചെയ്തു. തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റി നിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നതെന്ന് പിഎല്‍എസി ചെയര്‍മാനും ജിഡിആര്‍എഫ്എഡി ഉപ മേധാവിയുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ തൊഴിലിടങ്ങളില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉഷ്ണ കാലത്ത് തൊഴിലാളികളുടെ സംരക്ഷണാര്‍ത്ഥം നടപ്പാക്കുന്ന നിയമം യുഎഇ മാനവ വിഭവ ശേഷി-സ്വദേശിവത്കരണ വകുപ്പാണ് രാജ്യത്ത് പ്രഖ്യാപിച്ചത്. എന്നാല്‍, അത്യാവശ്യ ജോലികള്‍ക്ക് ഈ നിയമത്തില്‍ ഇളവ് ലഭിക്കും. സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കായി എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. നിര്‍ജലീകരണം ഒഴിവാക്കാനുള്ള പാനീയങ്ങളും തണുത്ത വെള്ളവും നല്‍കണം. കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള മുന്‍കരുതലുകള്‍ക്കും പ്രഥമ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും പുറമെയാണിത്. ഒരു ദിവസത്തെ ജോലി സമയം എട്ടു മണിക്കൂറില്‍ കൂടരുതെന്നാണ് നിര്‍ദേശം. കൂടുതല്‍ സമയം ജോലി ചെയ്താല്‍ ഇത് ഓവര്‍ ടൈം ആയി കണക്കാക്കി പ്രത്യേക വേതനം നല്‍കണം.
ഉച്ച വിശ്രമ ഇടവേളയില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതെ വിശ്രമിക്കാന്‍ അനുയോജ്യമായ സ്ഥല സൗകര്യം എല്ലാ തൊഴിലുടമകളും സജ്ജമാക്കണമെന്ന് പിഎല്‍എസി തൊഴിലുടമകളോട് അഭ്യര്‍ത്ഥിച്ചു.
തൊഴിലാളികള്‍ക്ക് എട്ട് മണിക്കൂറിലധികും ജോലി ചെയ്യേണ്ടി വന്നാല്‍ പിന്നീടുള്ള ഓരോ മണിക്കൂറും നിയമ പ്രകാരം അധിക ജോലിയായി കണക്കാക്കും. നിയമ ലംഘനത്തിന് ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം വീതം പിഴ ഈടാക്കും. പരമാവധി 50,000 ദിര്‍ഹം വരെ ഇങ്ങനെ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.