കാണാതായ കോളജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

അഞ്ജു പി ഷാജിയുടെ മൃതദേഹം മിനചിലാറില്‍ നിന്നും കണ്ടെടുത്തപ്പോള്‍
അഞ്ജു

കോട്ടയം: ബിരുദ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ കാണാതായ സംഭവത്തില്‍ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് മൂന്നാംവര്‍ഷ ബി കോം വിദ്യാര്‍ഥിനിയും പൊടിമറ്റം പൂവത്തോട് ഷാജി-സജിത ദമ്പതികളുടെ മകളുമായ അഞ്ജു പി ഷാജി (20)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ചയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതാന്‍ എത്തിയതായിരുന്നു അഞ്ജു. ചേര്‍പ്പുങ്കല്‍ ബി.വി.എം കോളജിലായിരുന്നു സെന്റര്‍. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന പേരില്‍ വിദ്യാര്‍ഥിനിയെ ഹാളില്‍ നിന്ന് പരീക്ഷ ചുമതലയുള്ള അധ്യാപകന്‍ ഇറക്കിവിട്ടിരുന്നു. വൈകുന്നേരമായിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്‍കി. അവിടെ നിന്ന് കിടങ്ങൂര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന്് കിടങ്ങൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ബാഗ് കോളജിന് സമീപം മീനച്ചിലാറിന് കുറുകെയുള്ള പാലത്തില്‍ കണ്ടെത്തി. മൊബൈല്‍ ഫോണും പേഴ്‌സും ബാഗിലുണ്ടായിരുന്നു. ഇതോടെ പൊലീസും ഫയര്‍ഫോഴ്‌സും മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ പെണ്‍കുട്ടി ആറിന്റെ ഭാഗത്തേയ്ക്ക് നടന്നു വരുന്നതായി കണ്ടെത്തി. ഞായറാഴ്ച പൊലീസും ഫയര്‍ഫോഴ്‌സും സ്‌ക്യൂബാ ഡൈവിംഗ് സ്‌ക്വാഡും തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് ഇന്നലെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേസമയം അഞ്ജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ് അഞ്ജു. കോപ്പിയടിക്കേണ്ട സാഹചര്യം ഇല്ല. ഹാള്‍ടിക്കറ്റിന് പിന്‍വശത്ത് കോപ്പിയടിക്കാനുള്ള നോട്ടുകള്‍ എഴുതിയെന്നാണ് പറയുന്നത്. എന്നാല്‍ ഇനിയും തുടര്‍പരീക്ഷകള്‍ ഉള്ളതാണ്. ഹാള്‍ട്ടിക്കറ്റിന് പുറകില്‍ കോപ്പിയെഴുതാന്‍ മാത്രം ബുദ്ധിയില്ലാത്ത കുട്ടിയല്ല അഞ്ജു. ക്ലാസിലെ മികച്ച അഞ്ച് വിദ്യാര്‍ഥികളില്‍ ഒരാളാണ് അഞ്ജു. കോപ്പിയടിച്ച കാര്യം കോളജ് അധികൃതര്‍ കുടുംബത്തെയോ വിദ്യാര്‍ഥി പഠിച്ച കോളജിലോ വിളിച്ച് അറിയിച്ചില്ല. കോപ്പിയടിച്ചെന്നാരോപിച്ചു പരീക്ഷാഹാളില്‍ മുക്കാല്‍ മണിക്കൂറോളം എഴുന്നേല്‍പ്പിച്ചുവെന്നും ശാസിച്ചു വെന്നും അഞ്ജുവിന്റെ കൂട്ടുകാരി പറഞ്ഞെന്ന് കുടുംബം പറഞ്ഞു. കോളജിലെ സിസിടിവി ക്യാമറകളില്‍ ഇത് കണ്ടിരുന്നു. കുട്ടിയെ കാണാതായ സംഭവത്തില്‍ ബിവിഎം കോളജ് പ്രിന്‍സിപ്പലിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സഹകരിച്ചില്ലെന്നും മോശമായ രീതിയിലാണ് പെരുമാറിയതെന്നും കുടുംബം വ്യക്തമാക്കി. കുട്ടിയെ പ്രിന്‍സിപ്പല്‍ മാനസികമായി തകര്‍ത്തത് മൂലമാണ് ആത്മഹത്യ ചെയ്തത്. മരണത്തില്‍ ബി വി എം കോളജ് പ്രിന്‍സിപ്പലിന്റെ പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കോപ്പിയടിക്കാന്‍ ശ്രമിച്ചു; വാദങ്ങള്‍ നിരത്തി കോളജ് അധികൃതര്‍

കോട്ടയം: അഞ്ജു പി ഷാജി കോപ്പിയടിച്ചെന്ന് ചേര്‍പ്പുങ്കല്‍ ബി.വ.ിഎം കോളജ് അധികൃതര്‍. പാഠഭാഗത്തിന്റെ കോപ്പി എഴുതിയെന്ന് പറയുന്ന അഞ്ജുവിന്റെ ഹാള്‍ടിക്കറ്റ് കോളജ് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. മറ്റൊരു കോളജില്‍ പഠിച്ചിരുന്ന അഞ്ജു എന്ന വിദ്യാര്‍ഥിനി പരീക്ഷാ സെന്ററായി കിട്ടിയ ചേര്‍പ്പുങ്കല്‍ ബി. വി .എം കോളജില്‍ പരീക്ഷ എഴുതുകയായിരുന്നു. 1.50 ഓടെ പരീക്ഷയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ എല്ലാവരുടെയും ഹാള്‍ട്ടിക്കറ്റ് പരിശോധിച്ചു. അഞ്ജുവിന്റെ ഹാള്‍ട്ടിക്കറ്റിന്റെ പിന്‍വശത്ത് കോപ്പി എഴുതിയ നിലയിലായിരുന്നു. പരീക്ഷ നടക്കുന്ന വിഷയത്തിന്റെ മുഴുവന്‍ നോട്ടുകളും ഹാള്‍ടിക്കറ്റിന്റെ പിന്‍വശത്ത് പകര്‍ത്തി എഴുതിയിരുന്നു. തുടര്‍ന്ന് അടുത്തനടപടിയായി അധ്യാപകന്‍ പ്രിന്‍സിപ്പലിനെ കാര്യം അറിയിക്കുകയാണ് ചെയ്യേണ്ടത്. ഈ സമയം പ്രിന്‍സിപ്പല്‍ പരീക്ഷാ ഹാളിലേക്ക് എത്തുകയായിരുന്നു. പ്രിന്‍സിപ്പല്‍ അഞ്ജുവിനോട് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. 2.30 ഓടെ തന്നെ വന്ന് കാണണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. 2.30ഓടെ പ്രിന്‍സിപ്പലിനെ കാണാതെ വിദ്യാര്‍ഥിനി പരീക്ഷാ ഹാളില്‍നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. അടുത്തദിവസമാണ് വിദ്യാര്‍ഥിനിയെ കാണാതായത്. സംഭവ ദിവസം വിദ്യാര്‍ഥിനി പ്രിന്‍സിപ്പലിനെ കണ്ടിരുന്നെങ്കില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കാര്യങ്ങള്‍ അറിയിക്കുമായിരുന്നു എന്നും കോളജ് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥിനിയോട് കയര്‍ത്ത് സംസാരിച്ചെന്ന വാദവും കോളജ് അധികൃതര്‍ തള്ളി. കിടങ്ങൂര്‍ പൊലീസിലും കാഞ്ഞിരപ്പള്ളി പൊലീസിലും രേഖകള്‍ കൈമാറിയിട്ടുണ്ട്. ഇന്നലെയാണ് സംഭവം എം ജി സര്‍വ്വകലാശാല യെ അറിയിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കോളജിന്റെ ഭാഗത്തുനിന്നും യാതൊരു തെറ്റുകളും നടന്നിട്ടില്ലെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി.