യുഎഇയില്‍ പള്ളികള്‍ ബുധനാഴ്ച മുതല്‍ തുറക്കും

    ജലീല്‍ പട്ടാമ്പി
    ദുബൈ: ബുധനാഴ്ച മുതല്‍ യുഎഇയില്‍ മസ്ജിദുകള്‍ തുറക്കുമെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അഥോറിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി അറിയിച്ചു. 30 ശതമാനം പേരെ ഉള്‍ക്കൊണ്ടായിരിക്കും കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിശ്വാസികള്‍ക്കായി മസ്ജിദുകള്‍ നമസ്‌കാരത്തിന് തുറന്നു കൊടുക്കുകയെന്നും അദ്ദേഹം മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍, മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ ജുമുഅ നമസ്‌കാരം പള്ളികളില്‍ ഉടന്‍ ഉണ്ടാവില്ല.
    പള്ളിയില്‍ പ്രവേശിക്കുന്ന ഓരോരുത്തരും 3 മീറ്റര്‍ വിട്ടു നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. വുദു വീട്ടില്‍ നിന്ന് ചെയ്ത് വരണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വൃദ്ധര്‍ക്കും പ്രവേശനമില്ല. ഇമാമുമാരും മസ്ജിദ് ജോലിക്കാരും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കാണിച്ചിരിക്കണം.
    അതേസമയം, മുഴുവന്‍ പള്ളികളും സാധാരണ നമസ്‌കാരത്തിന് തുറക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍, വ്യവസായ-വാണിജ്യ-തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലെ നമസ്‌കാര ഹാളുകള്‍ അടഞ്ഞു തന്നെ കിടക്കും. ജല സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള ആക്റ്റിവിറ്റികളിലെ നിയന്ത്രണങ്ങള്‍ നീക്കിയതായും അദ്ദേഹം വിശദീകരിച്ചു.